'ലിവർപൂളിന്റെ കാവൽ മാലാഖ'; ഗോൾവലക്ക് മുന്നിൽ വൻമതിൽ പണിയുന്ന അലിസൻ
എഎസ് റോമയിൽ നിന്ന് ലിവർപൂളിലെത്തിയ ബ്രസീലിയൻ ഗോൾ കീപ്പർ ചാമ്പ്യൻസ് ലീഗടക്കം പ്രധാന കിരീടങ്ങളെല്ലാം ക്ലബിനൊപ്പം സ്വന്തമാക്കി
2021 മെയ് 16... ഇംഗ്ലീഷ് പ്രീമിയർ ലീഗിലപ്പോൾ കിരീട പോരാട്ടം അവസാന ലാപ്പിലാണ്. നിർണായക മത്സരത്തിൽ ലിവർപൂൾ വെസ്റ്റ്‌ബ്രോമിനെ നേരിടുന്നു. വെസ്റ്റ്‌ബ്രോം തട്ടകമായ ഹത്തോൺസിൽ മത്സരം 90 മിനിറ്റും കഴിഞ്ഞ് ഇഞ്ചുറി ടൈമിലേക്ക്. സ്‌കോർബോർഡിൽ അപ്പോൾ 1-1ന്റെ സമനില. വെസ്റ്റ്‌ബ്രോമിനെ സംബന്ധിച്ച് ആ മത്സരത്തിന് വലിയ പ്രാധാന്യമില്ലെങ്കിലും ലിവർപൂളിന് അതൊരു സുപ്രധാന ലീഗ് മാച്ചാണ്. സീസൺ അവസാനത്തോടടുക്കവെ ടോപ് ഫോറിലേക്ക് മുന്നേറാൻ മത്സരത്തിലെ മൂന്ന് പോയന്റ് എന്തുവിലകൊടുത്തും സ്വന്തമാക്കണം. മുഹമ്മദ് സലാഹും സാദിയോ മാനെയും റോബെർട്ട് ഫിർമിന്യോയുമടക്കമുള്ള അന്നത്തെ മുന്നേറ്റനിര അവസാന മിനിറ്റുകളിൽ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും വെസ്റ്റ്‌ബ്രോം പ്രതിരോധം ഭേദിക്കാനായില്ല. ഒടുവിൽ മത്സരം ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്റുകളിലേക്ക് പ്രവേശിച്ചു. ലിവർപൂളിന് അനുകൂലമായി കോർണർ. മത്സരത്തിലെ അവസാന സെറ്റ്പീസ് അവസരം.
ഗോൾകീപ്പർ അലിസൻ ബെക്കർ ഉൾപ്പെടെ ലിവർപൂൾ താരങ്ങളെല്ലാം എതിർ ബോക്‌സിൽ നിലയുറപ്പിച്ചു. ട്രെൻഡ് അലക്‌സാണ്ടർ അർണോൾഡ് എടുത്ത കോർണർ കിക്ക് വെസ്റ്റ്‌ബ്രോം ബോക്‌സിലേക്ക് പറന്നിറങ്ങി. ലിവർപൂളിലെ മുഴുവൻ താരങ്ങളെയും മാർക്ക് ചെയ്തിരുന്ന വെസ്റ്റ്‌ബ്രോം ഗോൾകീപ്പർ അലിസനെ ഗൗനിച്ചില്ല.
പ്രതിരോധ നിരയുടെ വലിയ പിഴവ്. കോർണർ കിക്ക് നേരെ വന്നത് അലിസന്റെ അരികിലേക്ക്. ക്ലിനിക്കൽ സ്‌ട്രൈക്കറുടെ അതേ മികവിൽ കൃത്യമായ ഹെഡ്ഡറിലൂടെ ബ്രസീലയൻ ഗോൾകീപ്പർ പന്ത് വലയിലേക്ക് തിരിച്ചുവിട്ടു. ലാസ്റ്റ് മിനിറ്റ് ഡ്രാമയിലെ ആ ജയം മതിമറന്നാഘോഷിച്ച ലിവർപൂൾ താരങ്ങളുടെ ദൃശ്യം ഇന്നും ആരാധകരുടെ മനസിൽ മിന്നിമായുന്നുണ്ടാകും. ഇംഗ്ലീഷ് ഫുട്‌ബോളിലെ അത്യപൂർവ്വ നിമിഷം കൂടിയായിരുന്നു അത്. ഹെഡ്ഡറിലൂടെ ഗോൾനേടുന്ന ആദ്യ ഗോൾകീപ്പർ എന്ന ചരിത്രനേട്ടവും ഈ മത്സരത്തിൽ അലിസൻ സ്വന്തമാക്കി. ടേബിളിലിൽ നാലിലേക്ക് മുന്നേറിയ ചെമ്പടയുടെ ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് കൂടിയാണ് അവിടെ ചിറക്മുളച്ചത്.
ഇതൊരു ഒറ്റപ്പെട്ട മത്സരമായി കണക്കാക്കാനാവില്ല. യൂറോപ്പിലെ മൈതാനങ്ങളിൽ അലിസൻ ബെക്കർ ടീമിന്റെ രക്ഷകന്റെ റോളിൽ അവതരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഗോളിലേക്കുള്ള കില്ലർ ലോങ്‌ബോളുകൾ നൽകിയും സുപ്രധാന സേവുകളുമായും 32 കാരൻ ഞെട്ടിച്ചുകൊണ്ടേയിരുന്നു. ഇതിൽ ഏറ്റുമൊടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞദിവസം ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16ൽ പിഎസ്ജിക്കെതിരെ കണ്ടത്. ഡെംബലയുടേയും ബാർക്കോളയുടേയും ക്വരസ്‌കെലിയയുടേയും ചടുലനീക്കങ്ങളുടെ മുനയൊടിച്ച് പി.എസ്ജി തട്ടകത്തിൽ അക്ഷരാർത്ഥത്തിൽ ആ ബ്രസീലിയനൊരു വന്മതിൽ പണിയുകയായിരുന്നു. എന്റെ ടെറിറ്ററി വിട്ട് ഒരുപന്തും വലയിൽ കയറില്ലെന്ന നിശ്ചയദാർഢ്യമായിരുന്നു അയാൾക്കപ്പോൾ. മത്സരത്തിലുടനീളം 27 തവണയാണ് പി.എസ്ജി താരങ്ങൾ ഷോട്ടടിച്ചത്. അതിൽ 10 തണയും അസിലന്റെ പോസ്റ്റ് തന്നെയായിരുന്നു ലക്ഷ്യം. എന്നാൽ ഒന്നിനുപിറകെയെത്തിയ എല്ലാ വെല്ലുവിളിയും ആ പോരാട്ടവീര്യത്തിൽ നിർവീര്യമായി.
ഒരുവേള അലിസൻ വെഴ്‌സസ് പിഎസ്ജി എന്ന തലത്തിലേക്ക് പോലും മത്സരം മാറി. പിഎസ്ജി നീക്കങ്ങളെ പ്രതിരോധിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ലിവർപൂൾ 90 മിനിറ്റിൽ ഒരേയൊരു തവണ മാത്രമാണ് ലക്ഷ്യത്തിലേക്ക് പന്തടിച്ചത്. പകരക്കാരനായി ഇറങ്ങിയ ഹാവി എലിയറ്റിന്റെ ആ ഷോട്ട് മത്സരത്തിന്റെ ഗതിമാറ്റിമറിക്കുകയും ചെയ്തു. ഒടുവിൽ പിഎസ്ജി തട്ടകമായ പാർക്ക് ഡെസ് പ്രിൻസെസിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ഗോൾവലക്ക് മുന്നിൽ അജയ്യനായി നിൽക്കുന്ന അലിസൻ ബെക്കറിലേക്ക് ക്യാമറകണ്ണുകൾ തിരിഞ്ഞു. തന്റെ റോൾ ഭംഗിയാക്കി മടങ്ങുന്ന യോദ്ധാവിന്റെ ഭാവമായിരുന്നു അയാൾക്കപ്പോൾ.
''ഈ വിജയത്തിൽ ഞാൻ അലിസനാണ് എല്ലാ ക്രെഡിറ്റും നൽകുക. അവിശ്വസനീയ പ്രകടനമായിരുന്നു അയാളുടേത്. ഗോൾവലക്ക് മുന്നിലെ ഈ മികവ് ഇല്ലായിരുന്നെങ്കിൽ ലിവർപൂളിന്റെ സ്ഥിതി ദയനീയമായേനെ''- മുൻ ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻട്രി മത്സര ശേഷം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. കരിയറിലെ മികച്ച മത്സരങ്ങളിലൊന്നാണ് അലിസൻ പിഎസ്ജി പോരാട്ടത്തെ വിലയിരുത്തിയത്. സീസണിൽ ഇതുവരെ 26 മത്സരങ്ങളിലാണ് ബ്രസീലിയൻ ഗോൾവലക്ക് മുൻപിലുണ്ടായിരുന്നത്. അതിൽ 11 മത്സരങ്ങളിലും ക്ലീൻ ഷീറ്റ് സ്വന്തമാക്കാനുമായി.
എഎസ് റോമയിൽ നിന്ന് 2018ൽ ആൻഫീൽഡിന്റെ പടികടന്നെത്തിയ അലിസന് പിന്നീട് ഇതുവരെ തിരിഞ്ഞു നോക്കേണ്ടിവന്നില്ല. ചാമ്പ്യൻസ് ലീഗ് കിരീടമടക്കം ട്രോഫികൾ ഓരോന്നും ആൻഫീൽഡിലെ ഷെൽഫിലെത്തുമ്പോൾ അതിൽ അലിസന്റെ വിയർപ്പുമുണ്ടായിരുന്നു. യൂറോപ്പിലെ ക്ലബുകളിൽ മിന്നി തിളങ്ങുമ്പോൾ തന്നെ ബ്രസീൽ ദേശീയ ടീമിലും ഒന്നാം നമ്പർ ഗോൾകീപ്പറുടെ ഇരിപ്പിടത്തിൽ അയാൾ അവരോധിക്കപ്പെട്ടിരുന്നു. ബ്രസീൽ അണ്ടർ 17,19 ടീമുകളിൽ അംഗമായിരുന്ന താരം 2013ലാണ് ദേശീയ ടീമിലേക്കെത്തുന്നത്. 2017-18 സീസണായിരുന്നു ഫുട്‌ബോൾ ലോകം അലിസന്റെ അത്ഭുത പ്രകടനം കൺനിറയെ കണ്ടത്. ഇറ്റാലിൻ ക്ലബ് എഎസ് റോമയിൽ നിറഞ്ഞാടിയ സമയം. ചാമ്പ്യൻസ് ലീഗ് സെമി വരെയെത്തിയ റോമയുടെ പ്രകടനത്തിൽ ചാലകശക്തിയായത് അലിസനായിരുന്നു. 22 മത്സരങ്ങളുടെ ക്ലീൻഷീറ്റ് റെക്കോർഡും തേടിയെത്തി. റോമയിലെ ഈ മാജിക്കൽ പ്രകടനം ഇംഗ്ലീഷ് ക്ലബിലേക്കെത്തിച്ചു.
റിസ്‌കെടുക്കാൻ ഇഷ്ടപ്പെടുന്ന ഗോൾകീപ്പർ. പലപ്പോഴും അതിന്റെ പേരിൽ വിമർശന ശരങ്ങൾ നേരിടേണ്ടിയും വന്നു. എന്നാൽ ഇതാണ് എന്റെ ശൈലിയെന്ന്് ഉറച്ചു വിശ്വസിച്ച ബ്രസീലിയൻ ഒരിക്കൽപോലും അതിൽനിന്ന് പിൻമാറാൻ തയാറായില്ല. ഒരേ ഫോം നിലനിർത്തിയുള്ള അലിസന്റെ ലോങ് യാത്രക്ക് പിന്നിലും ആ നിശ്ചയദാർഢ്യത്തിന്റെ കൈയ്യൊപ്പായിരുന്നു. മാർച്ച് 12ന് സ്വന്തം തട്ടകത്തിൽ പിഎസ്ജിക്കെതിരെ രണ്ടാംപാദ മത്സരം... നാല് ദിവസങ്ങൾക്കിപ്പുറം ന്യൂകാസിലിനെതിരെ ഇഎഫ്എൽ കപ്പ് ഫൈനൽ. ഗോൾ വലക്ക് മുന്നിൽ ആ കാവൽ മാലാഖയുണ്ടെങ്കിൽ ഏതു വെല്ലുവിളിയും നേരിടാൻ ചെമ്പട തയാർ.