എയ്ഞ്ചൽ ഡി മരിയ യുവന്റസിൽ; കരാർ ഒരുവർഷത്തേക്ക്
അർജന്റീന വിംഗർ എയ്ഞ്ചൽ ഡി മരിയ ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിൽ. പി.എസ്.ജിയുമായുള്ള കരാർ അവസാനിച്ച 34-കാരൻ ഫ്രീ ഏജന്റ് ആയാണ് "ഓൾഡ് ലേഡി"യിൽ എത്തുന്നത്. ബാഴ്സയിലേക്ക് കൂടുമാറുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും താരം യുവന്റസുമായി ഒരുവർഷ കരാറിൽ എത്തുകയായിരുന്നു.
22 നമ്പർ ജെഴ്സിയാവും ഡി മരിയ യുവെയിൽ അണിയുകയെന്നും താരത്തെ സ്വന്തമാക്കാൻ ട്യൂറിൻ ആസ്ഥാനമായുള്ള ക്ലബ്ബ് 1.3 മില്യൻ യൂറോ ഏജന്റുമാർക്ക് കമ്മീഷൻ നൽകിയെന്നും ഫുട്‌ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്‌തു.
ഉസ്മാൻ ഡെംബലെ ക്ലബ്ബ് വിടുകയും ലീഡ്സ് താരം റഫിഞ്ഞയെ സ്വന്തമാക്കാൻ ഈ ട്രാൻസ്ഫർ കാലയളവിൽ കഴിയാതിരിക്കുകയും ചെയ്യുകയാണെങ്കിൽ ഒരു വർഷം ഡി മരിയയെ കളിപ്പിക്കാനായിരുന്നു ബാഴ്സ കോച്ച് ഷാവി ഹെർണണ്ടസിൻറെ പദ്ധതി. എന്നാൽ, ക്ലബ്ബിൽ തുടരാൻ ഡെംബലെ ആഗ്രഹം പ്രകടിപ്പിക്കുകയും റഫിഞ്ഞയെ ടീമിൽ എത്തിക്കാൻ മാനേജ്‌മെന്റ് ശ്രമം കടുപ്പിക്കുകയും ചെയ്തതോടെ ഡി മരിയയുടെ കാര്യം തുലാസിലായി. ഇതോടെയാണ് നേരത്തെ തന്നെ താനുമായി ബന്ധപ്പെട്ടിരുന്നു ഇറ്റാലിയൻ ക്ലബ്ബിൽ കളിക്കാൻ ഡി മറിയ തീരുമാനിച്ചത്.
2007ൽ അർജന്റീന ക്ലബ്ബ് റോസാരിയോ സെൻട്രലിൽ നിന്ന് ബെൻഫിക്കയിൽ എത്തിയ ഡി മറിയയുടെ അഞ്ചാമത്തെ യൂറോപ്യൻ ക്ലബ്ബാണ് യുവന്റസ്. വിംഗർ, അറ്റാക്കിങ് മിഡ്ഫീൽഡർ റോളുകളിൽ തിളങ്ങുന്ന താരം ബെൻഫിക്ക, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, പിഎസ്ജി എന്നിവയ്ക്ക് വേണ്ടിയാണ് ഇതിനുമുമ്പ് കളിച്ചത്. കോപ അമേരിക്ക ഫൈനലിലും ഫൈനലിസിമയിലും അർജന്റീനയ്ക്കു വേണ്ടി നിർണായക ഗോളുകൾ നേടിയത് ഡി മറിയ ആണ്.