വിറച്ചു ജയിച്ച് അർജന്റീന; കേപ് വെർദെയെ വീഴ്ത്തിയത് എക്‌സ്ട്രാ ടൈമിൽ, 3-2

പ്രീക്വാർട്ടറിൽ ഊജിപ്താണ് എതിരാളികൾ

Update: 2026-07-04 01:37 GMT
Editor : Sharafudheen TK | By : Sports Desk

മയാമി: അത്യന്തം ആവേശകരമായ മത്സരത്തിൽ കേപ് വെർദെയെ എക്‌സ്ട്രാ ടൈമിൽ മറികടന്ന് അർജന്റീന പ്രീ ക്വാർട്ടറിൽ. അടിയും തിരിച്ചടിയും കണ്ട മത്സരത്തിൽ 111ാം മിനിറ്റിൽ കേപ് വെർദെ താരം ഡിനെയുടെ സെൽഫ് ഗോളിലാണ് നിലവിലെ ചാമ്പ്യൻമാർ വിജയമുറപ്പിച്ചത്. ക്രിസ്റ്റ്യൻ റൊമേരോയുടെ ഹെഡ്ഡർ, ഡിനെയുടൈ കൈയിൽ ഉരസി വലയിൽ കയറുകയായിരുന്നു. 29ാം മിനിറ്റിൽ ലയണൽ മെസ്സിയിലൂടെ അർജന്റീനയാണ് ലീഡെടുത്തത്. എന്നാൽ 59ാം മിനിറ്റിൽ ഡെറോയ് ഡ്യുവേർട്ടിലൂടെ ആഫ്രിക്കൻ സംഘം ഗോൾ മടക്കി.

നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് പോയത്. 92ാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനസിന്റെ ഗോളിൽ അർജന്റീന വീണ്ടും മത്സരത്തിൽ ലീഡെടുത്തു. എന്നാൽ കേപ് വെർദെ തിരിച്ചടിച്ച് കളിയിലേക്ക് മടങ്ങിയെത്തി. സിഡ്‌നി ലോപസിന്റെ തകർപ്പൻ ലോങ് റേഞ്ചർ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിനെ മറികടന്ന് വലയിൽ കയറി. എന്നാൽ 111ാം മിനിറ്റിൽ ആരാധകർ കാത്തിരുന്ന നിമിഷമെത്തി. ഉയർന്ന് ചാടി ഹെഡ്ഡ് ചെയ്ത ക്രിസ്റ്റിയൻ റൊമേരോ റൗണ്ട് ഓഫ് 32ലെ നിർണായക ഗോൾ നേടി. കളിയിലുടനീളം മികച്ച സേവുകളുമായി കേപ് വെർദെ ഗോൾകീപ്പർ കളംനിറഞ്ഞു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News