1978 ലോകകപ്പ് വിവാദം ; അർജന്റീന അർഹിച്ച കിരീടമായിരുന്നോ അത്?

Update: 2026-07-02 09:58 GMT

വിവാദങ്ങൾ എന്നത് എല്ലാ ലോകകപ്പിലും പതിവ് കാഴ്ചയാണ്, എന്നാൽ വിവാദങ്ങളിൽ മുങ്ങി കുളിച്ച ഒരു ലോകകപ്പുണ്ടെങ്കിൽ അത് 1978ലെ അർജന്റൈൻ ലോകകപ്പാണ്, അർജന്റീന ആദ്യമായി കിരീടമുയർത്തിയ ലോകകപ്പ്. 86ൽ മറഡോണക്ക് കീഴിലും 2022ൽ മെസ്സിയുടെ നേതൃത്വത്തിലും ഉയർത്തിയ കിരീടങ്ങൾ അർജന്റീനക്കാർ കൊണ്ടാടും പോലെ അവർ 78 ലെ ലോകകപ്പ് ആഘോഷമാക്കാറില്ല, അതിന് പിന്നിൽ ഒരു കഥയുണ്ട്, അർജന്റീനക്കാർ ഓർക്കാൻ പോലും ഇഷ്ടപെടാത്ത ഒരു കഥ.

ഹോർഹെ റാഫേൽ വിഡേല, സകല വിവാദങ്ങളും തുടങ്ങുന്നത് ആ പേരിൽ നിന്നാണ്. 78ൽ അർജന്റീന ഭരിച്ച പട്ടാളത്തലവൻ. യുവാൻ പെറോണിന്റെ പിന്മുറക്കാരിയായി ഭരണത്തിൽ വന്ന ഭാര്യ ഇസബെൽ പെറോണിനെ വീഴ്ത്തി അധികാരത്തിലേറിയ ഒരാൾ. തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അയാൾ ലോകകപ്പിനെ അർജന്റീനക്ക് അനുകൂലമാക്കിയെന്നാണ് പൊതുവെ ഉയർന്നിരുന്ന വിമർശനം. വിഖ്യാത പരിശീലകൻ സെസാർ ലൂയിസ് മെനോട്ടിക്ക് കീഴിലായിരുന്നു 78 ലോകകപ്പിന് അർജന്റീന ഇറങ്ങിയത്. ക്യാപ്റ്റനായി ഡാനിയേൽ പാസെറല്ല, അറ്റാക്കിങ്ങിൽ മരിയോ കെമ്പസ്. ഗോൾവല കാക്കാൻ ഉബാൾഡോ ഫില്ലോൾ. അങ്ങനെ ആകെ മൊത്തം ഒരു ചാമ്പ്യൻ ടീമിന് വേണ്ട എല്ലാം അടങ്ങിയ ഒരു നിര. പക്ഷേ ടൂർണമെന്റ് തുടങ്ങുന്നതിന് ഏറെ മുമ്പ് തന്നെ വിവാദങ്ങൾ ആ ലോകകപ്പിന്റെ ശോഭ കെടുത്തിയിരുന്നു. പട്ടാള ഭരണത്തിൽ നരകിച്ച് കൊണ്ടിരുന്ന അർജന്റീനയിലേക്ക് പോകാൻ പല ടീമുകൾക്കും താത്പര്യമില്ലായിരുന്നു, നെതർലാൻഡ്‌സ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ അവിടുത്തെ പൗരന്മാർ തങ്ങളുടെ ദേശീയ ടീമിനോട് ലോകകപ്പ് ബഹിഷ്‌ക്കരിക്കാൻ പോലും ആവശ്യപ്പെട്ടു. പക്ഷേ വേണമെങ്കിൽ മാത്രം ടൂർണമെന്റിൽ കളിച്ചാൽ മതിയെന്ന ഫിഫ പ്രസിഡന്റ് ജാവോ ഹാവലാഞ്ചിയുടെ ഉറച്ച തീരുമാനത്തിൽ ടീമുകൾ മനസ് മാറ്റി. ലോകകപ്പിനായി അർജന്റീനയിൽ ചെന്ന് അവിടുത്തെ വിവരങ്ങൾ മനസിലാക്കി ലോകത്തോട് വിളിച്ച് പറയാമെന്നായിരുന്നു അവരുടെ പ്ലാൻ. എന്നാൽ മറുപുറത്ത് അർജന്റൈൻ ഭരണക്കൂടത്തിന് ഈ ലോകകപ്പ് കൊണ്ട് മറ്റു ചില പദ്ധതികൾ കൂടി ഉണ്ടായിരുന്നു.

Advertising
Advertising

1966ൽ അതായത് ലോകകപ്പിന് 12 വർഷം മുമ്പാണ് അർജന്റീനക്ക് ടൂർണമെന്റ് ആധിധേയത്തം ലഭിക്കുന്നത്. അന്ന് ശാന്ത സുന്ദരമായ ഒരു നാടായിരുന്നു അവിടം, പക്ഷേ പിന്നീട് നടന്ന രാഷ്ട്രീയ അട്ടിമറികൾ കഥായാകെ മാറ്റി. രക്ത ചൊരിച്ചിലിന്റെ ഭൂമിയായി അവിടം മാറി, ആളുകൾ ഭയം കൊണ്ട് വിറച്ച് ഓരോ ദിനവും തള്ളി നീക്കി, അതിനിടയിൽ വന്ന ലോകകപ്പിനെ അവിടുത്തെ ഭരണാധികാരികൾ ഒരു രാഷ്ട്രീയ ആയുധമാക്കാൻ തീരുമാനിച്ചു. ലോകകപ്പിനെത്തുന്ന രാജ്യങ്ങൾക്ക് മുന്നിൽ ഒരു പ്രശ്നവും കൂടാതെ ടൂർണമെന്റ് നടത്തുന്ന, അത് വഴി രാജ്യത്ത് സമാധാന അന്തരീക്ഷമാണുള്ളതെന്ന പ്രതീതി ഉണ്ടാക്കിയെടുക്കുക, തങ്ങളുടെ നെറികേടുകൾ മറച്ച് വെക്കുക, റാഫേൽ വിഡേലയുടെ പദ്ധതികൾ അങ്ങനെ ചിലതായിരുന്നു.

അതിനിടെ ചില സർപ്രൈസ് വാർത്തകൾ പുറത്ത് വന്നു, തൊട്ട് മുമ്പത്തെ ലോകകപ്പിൽ നെതെർലാൻഡ്സിനെ ഫൈനൽ വരെയെത്തിച്ച അവരുടെ സൂപ്പർ താരം യോഹാൻ ക്രൈഫ് അർജന്റീന ലോകകപ്പിന് ടീമിനൊപ്പം ഉണ്ടാവില്ലെന്ന വാർത്തയാണ് അതിൽ ഒന്ന്. ഡച്ച് ഫുട്‍ബോൾ ഫെഡറേഷനുമായി ബന്ധപ്പെട്ട പ്രശനങ്ങളാണ് അതിന് കാരണമെന്ന് ആദ്യം സംശയിച്ചെങ്കിലും 2008ൽ നീണ്ട 30 വർഷത്തെ ഇടവേളക്ക് ശേഷം ക്രൈഫ് ആ സത്യം വെളിപ്പെടുത്തി. ലോകകപ്പിൽ പങ്കെടുത്താൽ തന്നെയും കുടുംബത്തെയും വക വരുത്തുമെന്ന് ഒരു കൂട്ടം ആളുകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതാണ് ക്രൈഫ് തന്റെ പിന്മാറ്റത്തിന് കാരണമായി പറഞ്ഞത്, ബാഴ്‌സലോണയിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. മറ്റൊരു വാർത്ത വന്നത് ഫ്രാൻസിൽ നിന്നാണ്, അകാലത്ത് അർജന്റീനയിൽ നടന്നുകൊണ്ടിരുന്ന കൊടുംക്രൂരരതെക്കെതിരെ പ്രതിഷേധങ്ങൾ നടന്ന് കൊണ്ടിരുന്ന ഒരു കേന്ദ്രമായിരുന്നു പാരിസ്, അവിടുത്തെ ഒരു കൂട്ടം ചെറുപ്പക്കാർ ദേശീയ ടീം പരിശീലകനായ മൈക്കിൾ ഹിഡാൽഗോയെ ഒരു ദിവസം തട്ടികൊണ്ട് പോവാൻ ശ്രമം നടത്തി. വീട്ടിലേക്ക് മടങ്ങവേ ഒരു തോക്ക് ചൂണ്ടിയായിരുന്നു നാൽവർ സംഘം ഹിഡാൽഗോയെ കിഡ്നാപ്പ് ചെയ്തത്, ഫ്രഞ്ച് ടീം ലോകകപ്പിന് പോകാതിരിക്കാനുള്ള ഒരു മാർഗമായയിരുന്നു അവർ ഇതിനെ കണ്ടത്. എന്നാൽ അവിടെ നിന്നും രക്ഷപ്പെട്ടോടിയ ഹിഡാൽഗോ ടീമുമായി ലോകകപ്പിന് പോയി.

ആ ലോകകപ്പിലെ ഏറ്റവും വിവാദമായ മത്സരം അർജന്റീന പെറുവിനെതിരെ കളിച്ച ഗ്രൂപ്പ് ഘട്ടത്തിലെ കളിയാണ്. ഏകപക്ഷീയമായ ആറ് ഗോളിന് അർജന്റീന ജയിച്ച മത്സരം. ഇന്നത്തേത് പോലെ ഗ്രൂപ്പിലെ അവസാന മത്സരം ഒരേ സമയത്ത് കളിക്കുന്ന പതിവ് അന്നില്ലായിരുന്നു. അത് കൊണ്ട് തന്നെ ബ്രസീലിനെ മറികടന്ന് അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ എത്ര ഗോളിന് ജയിക്കണെമെന്ന കൃത്യമായ കണക്ക് മത്സരത്തിന് മുമ്പേ അർജന്റീനയുടെ പക്കലുണ്ടായിരുന്നു. മിനിമം നാല് ഗോൾ വ്യത്യാസമെങ്കിലും വേണം, എങ്കിലേ മുന്നോട്ടേക്ക് ഒരു പോക്ക് ഉണ്ടാവൂ, അതിന് നേരത്ത തന്നെ പുറത്തായ പെറുവിനെ അവർ കരുവാക്കി. ഇരു രാജ്യങ്ങളും തമ്മിൽ രാഷ്ട്രീയപരമായി ഒരു നീക്ക് പോക്കുണ്ടാക്കി, അത് പ്രകാരം മത്സരഫലം അർജന്റീനക്ക് അനുകൂലമാക്കി നൽകിയാൽ പ്രത്യുപകാരമായി വലിയ ധാന്യ ശേഖരം പെറുവിലെത്തും. ഡീൽ പ്രകാരം പെറു ആറ് ഗോളിന് തോറ്റ് കൊടുത്തു, പിന്നാലെ രണ്ട് കപ്പൽ ഗോതമ്പ് അർജന്റീനയിൽ നിന്ന് പെറുവിലെത്തി. വിവാദങ്ങൾ അവിടെയും അസാനിച്ചില്ല, താരതമ്യേനെ ദുർബലമായ ഒരു ടീമുമായി വന്ന നെതർലൻഡ്‌സ്‌ വീണ്ടുമൊരിക്കൽ കൂടി കലാശപ്പോരിന് ടിക്കറ്റെടുത്തു, അവിടെ അവരെ കാത്തിരുന്നത് ആതിഥേയരായ അർജന്റീനയും ഒരു പിടി നാടകീയ സംഭവങ്ങളുമാണ്.മത്സരത്തിന് ഏറെ വൈകിയാണ് അർജന്റീന ടീം എത്തുന്നത്, എന്നിട്ടും റഫറി അവരെ കളിക്കാൻ അനുവദിച്ചു. പിന്നാലെ അടുത്ത പ്രശ്നം ഉണ്ടായി, ഡച്ച് താരം റെനെ കെർകോഫ് പരിക്കേറ്റ തന്റെ കയ്യിൽ ഒരു സുരക്ഷാ കവചം ധരിച്ചിരുന്നു. അർജന്റീന നായകൻ പസാറല്ലയുടെ നിർദേശ പ്രകാരം റഫറി സെർജിയോ ഗൊണാല്ല കെർകോഫിനോട് അത് അഴിച്ച് മാറ്റാൻ ആവശ്യപ്പെട്ടു. നേരത്തെ ഫിഫയുടെ അനുമതി വാങ്ങിയ കാര്യത്തിൽ ഒരു മാറ്റത്തിനും തയ്യാറല്ലെന്ന നിലപാടിൽ ഡച്ച് ടീമും ഉറച്ച് നിന്നതോടെ കിക്കോഫ് പിന്നെയും വൈകി.

ഫൈനൽ മത്സരം നടക്കാൻ നിശ്ചയിച്ചിരുന്നത് പ്രശസ്ത സ്റ്റേഡിയമായ എസ്റ്റാഡിയോ മോണുമെന്റലിലായിരുന്നു. അതിന് തൊട്ടപ്പുറമായിരുന്നു പ്രതിഷേധക്കാരെ തടങ്കലിൽ പാർപ്പിച്ചിരുന്ന ഡിറ്റൻഷൻ സെന്ററുകൾ ഉണ്ടായിരുന്നത്, ഒരിടത്ത് കളിയാരവങ്ങൾ ഉയരുമ്പോൾ തൊട്ടപ്പുറത്ത് ജീവന് വേണ്ടിയുള്ള മുറവിളികൾ ഉയരുന്നു, 1978 ലോകകപ്പിന്റെ ആകെത്തുക അതായിരുന്നു. മത്സരത്തിലെ റഫറിയുടെ തീരുമാനങ്ങൾ പലതും അർജന്റീനക്ക് അനുകൂലമായി കൂടി വന്നതോടെ മെഡൽ ദാന ചടങ്ങിൽ പങ്കെടുക്കാതെ ഡച്ച് കളിക്കാർ മടങ്ങി. നേരത്തെ തന്നെ പല റഫറിമാരും അർജന്റീനക്ക് അനുകൂലമായി തീരുമാനങ്ങൾ എടുക്കുന്നുവെന്ന പരാതി ഉയർന്നിരുന്നു. അർജന്റീനയിലെ കാറ്റ് പോലും അന്ന് അവർക്ക് അനുകൂലമായി മാത്രമാണ് വീശിയെതെന്നും പല ടീമിലെയും സ്റ്റാഫുകൾ അഭിപ്രായപ്പെട്ടിരുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും അന്നത്തെ പതിനേഴുകാരൻ വണ്ടർ ബോയ് ഡീഗോ മറഡോണയെ പുറത്തിരുത്തി മെനോട്ടി തിരഞ്ഞെടുത്ത 23 അംഗ അർജന്റീന ടീം കിരീടം നേടാൻ പോന്ന നിര തന്നെയായിരുന്നു. പക്ഷേ അന്ന് ഉടലെടുത്ത ചില രാഷ്ട്രീയ സാഹചര്യങ്ങൾ അവരുടെ കഴിവിനെയും പരിശ്രമത്തെയും ചർച്ചകളിൽ നിന്ന് പോലും മാറ്റി നിർത്തി.

1986 അർജന്റീനക്കാർക്ക് മറഡോണയുടെ ഓർമകൾ പേറുന്ന കിരീടമാണ്. 2022 ലയണൽ മെസ്സിയുടെ ഫുട്‍ബോൾ ജീവിതത്തിന്റെ പരിപൂർണതയുടെ ടൂർണമെന്റും. എന്നാൽ 1978 എന്നത് ആദ്യ കിരീടത്തിലപ്പുറം ഒരു ഇരുണ്ടകാലത്തിന്റെ ഓർമപ്പെടുത്തലാണ്. അത് കൊണ്ട് തന്നെയാണ് ആ ട്രോഫി മറ്റുള്ളവയെ പോലെ ആഘോഷിക്കപ്പെടാത്തതും.

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News