ബയേണിനെയും തകർത്തു, ആർട്ടെറ്റയുടെ ഗണ്ണേഴ്‌സിനെ തളക്കാനാരുണ്ട്?
യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന 2 ടീമുകളുടെ മാറ്റുരയ്ക്കലായിരുന്നു ഇന്നലെ എമറേറ്റ്സ് സ്റ്റേഡിയത്തിൽ അരങ്ങേറിയത്. അറ്റാക്കിങ് സ്റ്റാറ്റിസ്റ്റിക്സുകളിൽ മുന്നിട്ടുനിൽക്കുന്ന ബയേണും പ്രതിരോധത്തിലെ കരുത്തന്മാരായ ആഴ്സണലും ഏറ്റുമുട്ടുമ്പോൾ ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന ഒരു മത്സരത്തിനാണ് നോർത്ത് ലണ്ടനിൽ തിരശ്ശീല ഉയർന്നത്. പെപ് ഗ്വാർഡിയോളയുടെ ഫുട്ബോളിങ് ഫിലോസഫിയിലൂടെ കോച്ചിങ് രംഗത്തേക്ക് കടന്നുവന്ന മിക്കൽ ആർട്ടെറ്റയും വിൻസെന്റ് കോമ്പനിയും തമ്മിലുള്ള ശക്തിപ്രകടനവും കൂടി ആയി മാറുകയായിരുന്നു ഈ കളി.
എമറേറ്റ്സ് സ്റ്റേഡിയത്തിൽ ആഴ്സണൽ പന്തിൻമേൽ ആധിപത്യം സൃഷ്ടിക്കാതെ തുടങ്ങുന്ന കളികൾ വളരെ വിരളമാണ്. കഴിഞ്ഞ കുറച്ച് സീസണുകളിലായി എത്ര വലിയ എതിരാളികൾക്കെതിരെയും തങ്ങളുടെ ഹോം ഗ്രൗണ്ടിൽ കളിക്കുമ്പോൾ എപ്പോഴും പൊസഷൻ ഡോമിനേറ്റ് ചെയ്തുകൊണ്ടാണ് ആഴ്സണൽ കളി ആരംഭിക്കാറുള്ളത്. എന്നാൽ ഇന്നലെ അങ്ങനെ ആയിരുന്നില്ല. 11 ആൾക്കാരും ഒന്നിനൊന്ന് മികച്ച ടെക്നീഷ്യന്മാരായ വിൻസെന്റ് കോമ്പനിയുടെ ബയേൺ മ്യൂണിക്കിനായിരുന്നു കളിയുടെ തുടക്കഘട്ടങ്ങളിൽ പന്തിൻമേലുള്ള പൂർണ്ണ നിയന്ത്രണം. 11 മിനിറ്റ് പിന്നിടുമ്പോഴേക്കും ബയേണിന് 76% പൊസഷൻ ഉണ്ടായിരുന്നു. ബയേൺ മ്യൂണിക്ക്, ആഴ്സണലിനെ അളന്നു പാകപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു. ക്ഷമയോടെയുള്ള പാസ്സിങ് നീക്കങ്ങളിലൂടെ ഇടത്തോട്ടും വലത്തോട്ടും മുന്നിലേക്കും പിന്നിലേക്കും പന്ത് കൈമാറിക്കൊണ്ടും കളിക്കാർ തമ്മിൽ റൊട്ടേറ്റ് ചെയ്തുകൊണ്ടും ആഴ്സണലിന്റെ ഡിഫൻസീവ് സ്ട്രക്ചറിനെ അവർ ചലിപ്പിച്ചുകൊണ്ടിരുന്നു.
ആഴ്സണൽ ആകട്ടെ ഊർജ്ജിതമായ ഒരു പ്രസ്സിങ്ങിന് ശ്രമിച്ചതേ ഇല്ല. ബയേണിന്റെ മിഡ്ഫീൽഡിനും ഡിഫൻസിനും പന്ത് സർക്കുലേറ്റ് ചെയ്യാൻ അവസരം നൽകിക്കൊണ്ട്, അവർ തങ്ങളുടെ ഡിഫൻസീവ് ഘടന നിലനിർത്തിക്കൊണ്ട് ബയേണിന് അവസരങ്ങൾ സൃഷ്ടിക്കാൻ ഇടം നൽകാതിരിക്കുന്നതിൽ ശ്രദ്ധിച്ചു. പതിഞ്ഞ താളത്തിൽ കളി ആരംഭിച്ച ബയേണാകട്ടെ പതുക്കെ തങ്ങളുടെ പാസ്സുകളുടെ വേഗം വർദ്ധിപ്പിച്ചു, വിങ്ങർമാരുടെ റണ്ണുകൾക്കും വേഗം കൂടി, മിഡ്ഫീൽഡർമാർ തങ്ങളുടെ മാർക്കർമാറിൽ നിന്നും വിട്ടൊഴിഞ്ഞുകൊണ്ട് കൂടുതലും ആഴ്സണൽ ബോക്സിനടുത്ത് പാസ്സിങ് കോമ്പിനേഷനുകൾ സൃഷ്ടിക്കാൻ തുടങ്ങി. ജോഷ്വ കിമ്മിച്ച് എന്ന മിഡ്ഫീൽഡ് മേസ്‌ട്രോ ഈ നീക്കങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചു. ബയേൺ തങ്ങളുടെ ടെമ്പോ വർദ്ധിപ്പിച്ചതും വലത് വിങ്ങിലുള്ള മൈക്കിൾ ഒലിസെ കൂടുതൽ അപകടകാരിയാകാൻ തുടങ്ങി. ആഴ്സണലിന്റെ ലെഫ്റ്റ് വിങ്ബാക്കായ ലൂയിസ് സ്‌കെല്ലിയെ കബളിപ്പിച്ചുകൊണ്ട് തുടരെ തുടരെ ഒരു ഫ്രീക്കിക്കും കോർണറും നേടിയെടുത്തു ഒലിസ്സെ. പക്ഷേ ഇത് രണ്ടും മുതലെടുക്കാൻ ബയേണിന് സാധിച്ചില്ല.
ആക്രമണങ്ങൾക്ക് മൂർച്ചകൂട്ടിയ ബയേണിനെ പ്രതിരോധിക്കാനായി ആഴ്സണലും തങ്ങളുടെ പ്രസ്സിങ്ങിന്റെ കാഠിന്യം വർദ്ധിപ്പിച്ചു. ഇതിന് നേതൃത്വം നൽകിയതാകട്ടെ അവരുടെ ഡിഫൻസീവ് മിഡ്ഫീൽഡർ സുബിമെൻഡി. ബയേൺ ഡിഫൻസിനെ അവരുടെ ബൈലൈനിന് അടുത്തു വരെ പോയി പ്രസ്സ് ചെയ്ത സുബിമെൻഡി ആഴ്സണലിന് വേണ്ടി കളിയിലെ ആദ്യ കോർണർ കിക്ക് നേടിക്കൊടുത്തു. 22ാം മിനിറ്റിൽ വലത്തെ കോർണറിൽ നിന്നും ബുകായോ സാക്കയുടെ ക്രോസ്സിൽ നിന്നും ജൂറിയൻ ടിമ്പറിൻ്റെ ക്ലോസ് റേഞ്ച് ഹെഡർ. ആഴ്സണൽ തങ്ങളുടെ ഹോം ഗ്രൗണ്ടിൽ ബയേണിനെതിരെ ലീഡ് നേടിയിരിക്കുന്നു. തങ്ങളുടെ പതിവ് ടാക്ടിക്സ് പ്രയോഗിച്ചുകൊണ്ട് ആഴ്സണൽ കളിക്കാർ ന്യൂയറിന് ചുറ്റും ഓടിക്കൂടിക്കൊണ്ട് ഒരു സേവ് നടത്താനുള്ള ശ്രമത്തെ ദുഷ്കരമാക്കി. സാക്കയുടെ കോർണറിൽ ടിമ്പർ തല വച്ചുകൊടുക്കുമ്പോൾ ബയേൺ താരങ്ങളിൽ നിന്നും കാര്യമായ പ്രഷർ നേരിടേണ്ടി വന്നിരുന്നില്ല. അപ്രതീക്ഷിതമായി വഴങ്ങിയ ഗോളിൽ അല്പം ഒന്നു പതറിയ ബയേണിന് പെട്ടെന്ന് അവരുടെ താളം വീണ്ടെടുക്കാനായില്ല. ആഴ്സണലാകട്ടെ അവരുടെ ഡിഫൻസീവ് മൈൻഡ്സെറ്റ് ചെറുതായി മാറ്റിക്കൊണ്ട് കളിയിൽ കൂടുതൽ ആധിപത്യം നേടിയെടുക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു.
31ാം മിനിറ്റിൽ കളിയിൽ അതുവരെ ഉണ്ടായതിൽ വെച്ചുള്ള ഏറ്റവും മികച്ച ആക്രമണനീക്കം പിറന്നു. സാലിബയുടെ ഒരു ഹെഡർ ക്ലിയറൻസിൽ നിന്നും പറന്നിറങ്ങിയ പന്തിനെ മനോഹരമായ ഒരു ഫസ്റ്റ് ടച്ച് കൊണ്ട് ബയേൺ പെനാൽറ്റി ബോക്സിനരികെ നിന്നും എസെ വരുതിയിലാക്കി. പന്ത് പിടിച്ചെടുക്കാൻ തനിക്ക് നേരെ ഓടിയെത്തിയ ഉപ്പമെക്കാനോയുടെ കാലുകൾക്കിടയിലൂടെ എസെ ആ പന്തിനെ മെറിനോയ്ക്ക് മറിച്ചുനൽകിക്കൊണ്ട് ബോക്സിലേക്ക് കയറി. മെറിനോ മനോഹരമായ ഒരു ഫസ്റ്റ് ടൈം പാസ്സിലൂടെ പന്ത് എസെയ്ക്ക് തന്നെ തിരിച്ചു കൊടുത്തു. അപകടം മനസ്സിലാക്കിയ ന്യൂയർ മുന്നോട്ട് കുതിച്ചുകൊണ്ട് എസെയ്ക്ക് ഷൂട്ട് ചെയ്യാൻ ഉള്ള ആംഗിൾ ദുഷ്കരമാക്കി. ഷൂട്ട് ചെയ്യണോ അതോ ഫാർ പോസ്റ്റിലുള്ള സാക്കയ്ക്ക് പാസ്സ് ചെയ്യണോ എന്ന ഇരുമനസ്സിൽ പെട്ടുപോയ എസെയുടെ അടി ഒരു ഷോട്ടും അല്ല ഒരു പാസ്സും അല്ലാതെ വലത്തെ പോസ്റ്റിന് പുറത്തേക്ക് പോവുകയാണുണ്ടായത്.
ഇത്തവണ ബയേണിന്റെ തിരിച്ചടി കനത്തതായിരുന്നു. ത്രൂ ബോളുകളിലൂടെ ആഴ്സണൽ ബോക്സിലേക്ക് കയറാൻ പാട്പെട്ട ബയേൺ മറ്റൊരു നീക്കം പരീക്ഷിച്ചു. സ്വന്തം ഹാഫിൽ നിന്നും കിമ്മിച്ച് വലത് വിങ്ങിലേക്ക് ഒരു ലോഫ്റ്റഡ് ഡയഗണൽ പാസ് നൽകുന്നു. ഡീപ് പൊസിഷനിൽ നിന്നും മുന്നോട്ട് കുതിച്ച ഗ്നാബ്രി തന്റെ റണ്ണിൻ്റെ വേഗത ഒട്ടും കുറയ്ക്കാതെ തന്നെ പന്തിനെ ഒരു വോളീ പാസ്സിലൂടെ ബോക്സിലേക്ക് മറിച്ചു കൊടുത്തു. ബോക്സിലേക്ക് കൃത്യമായ ടൈമിങ്ങിൽ ഓടിയെത്തിയ ലെനാർട്ട് കാൾ അതു ഡൈവ് ചെയ്ത ഡേവിഡ് റായയുടെ കൈകൾക്ക് മുകളിലൂടെ വലയിലേക്ക് ഫിനിഷ് ചെയ്തു. ആഴ്സണൽ പ്രതിരോധത്തിലെ ഇടത് വശത്തിന്റെ പരിചയക്കുറവ് ശരിക്കും മുതലെടുത്തുകൊണ്ടുള്ള ബയേണിന്റെ സമർത്ഥമായ ഒരു നീക്കം 32ാം മിനിറ്റിൽ അവർക്ക് സമനില ഗോൾ സമ്മാനിച്ചിരിക്കുന്നു. ഗോൾ നേടുന്നതിന് തൊട്ടുമുമ്പായി ബയേൺ താരങ്ങൾ 24 പാസ്സുകൾ തുടർച്ചയായി നൽകിയപ്പോൾ ഹാരി കെയ്ൻ ഒഴികെ ബാക്കി 10 പേരുടെയും കാലുകളിലൂടെ പന്ത് കടന്നു പോയിരുന്നു. അധികം വൈകാതെ പരിക്കേറ്റ ട്രോസ്സാർഡിനു പകരം നോണി മാഡ്യുക്കെ കളത്തിൽ ഇറങ്ങി. ആദ്യ പകുതിയിൽ പിന്നീട് ഇരു ടീമുകളും പറയത്തക്ക ആക്രമണ നീക്കങ്ങൾ ഒന്നും തന്നെ സൃഷ്ടിച്ചില്ല.
രണ്ടാം പകുതി തുടങ്ങിയതും ആഴ്സണലിന്റെ തുടർച്ചയായ ആക്രമണങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് ആണ്. അത് പ്രതിരോധിക്കാൻ പാട്പെട്ട ബയേണാകട്ടെ തുടരെ തുടരെ കോർണർ കിക്കുകൾ വഴങ്ങുകയും ചെയ്തു. ഇടത്തുനിന്നും ഡെക്ലാൻ റൈസിൻ്റെ വലത്തുനിന്നും ബുകായോ സാക്കയുടെയും കോർണർ ഡെലിവറികൾ ബയേൺ പ്രതിരോധത്തെ പിടിച്ചുലച്ചു. 2 ഘട്ടങ്ങളിലായി മിക്കൽ മെറിനോയുടെയും മൊസ്‌ക്വേരയുടെയും ഹെഡ്‍റുകൾ ഗോൾ എന്നുറപ്പിച്ചവയായിരുന്നു എങ്കിലും ബയേൺ ഗോൾമുഖം പിടിച്ചുനിന്നു.
രണ്ടാം പകുതിയിൽ ആഴ്സണൽ ആക്രമണങ്ങളുടെ ചാലകശക്തിയായി പ്രവർത്തിച്ചത് ഡെക്ലാൻ റൈസ് ആയിരുന്നു. പന്തുമായി ഡെക്ലാൻ റൈസ് എതിർ ഗോൾമുഖം ലക്ഷ്യമാക്കി നടത്തിയ ഡ്രൈവുകൾക്ക് മുന്നിൽ ബയേൺ പ്രതിരോധം ആടിയുലഞ്ഞു. ഡെക്ലാൻ റൈസ് നേതൃത്വം നൽകുന്ന ഈ മുന്നേറ്റങ്ങളെ യാതൊരു വിധത്തിലും അവർക്ക് തടയാൻ സാധിച്ചില്ല. 62ാം മിനിറ്റിൽ ഇതുപോലെ റൈസ് ഒരു പന്തുമായി ഒരു ബയേണിന്റെ ഹാഫിലൂടെ കുതിച്ചുകൊണ്ട് ബോക്സിലെത്തി ഗോൾമുഖം ലക്ഷ്യമാക്കി ഒരു കനത്ത ഷോട്ട് പായിച്ചു എങ്കിലും ന്യൂയർ അതു സേവ് ചെയ്തു.പക്ഷേ സ്‌കോർബോർഡിലെ സമനിലയ്ക്ക് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ഉപ്പമെക്കാനോയുടെ ഒരു പാസ് മിഡ്ഫീൽഡിൽ പിടിച്ചെടുത്ത റൈസ് ഇടത് വിങ്ങിലുള്ള എസെയ്ക്ക് മറിച്ചു നൽകി, ബോക്സ് ലക്ഷ്യമാക്കി ഓടിക്കൊണ്ടിരിക്കുന്ന റിക്കാർഡോ കലാഫിയോരിക്ക് എസെ ഉടൻ തന്നെ ഒരു ത്രൂ പാസ് നൽകി. ആ പാസ്സിനെ ഒരു ഫസ്റ്റ് ടൈം ക്രോസ്സിലൂടെ കലാഫിയോരി ബോക്സിലേക്ക് മറിച്ചുനൽകി. ഫാർ പോസ്റ്റിൽ ഓടിയെത്തിയ നോണി മാഡ്യുക്കെ തന്റെ തൊട്ടുമുന്നിൽ ബൗൺസ് ചെയ്തു ഉയർന്ന പന്തിനെ മികച്ച ഒരു ഫിനിഷിലൂടെ വലയിലേക്ക് തിരിച്ചു വിട്ടു. ന്യൂയറിന്റെ പ്രതിരോധ വലയം 2-ആമതും തകർന്നു. ആഴ്സണൽ വീണ്ടും ലീഡ് നേടിയിരിക്കുന്നു. ഇത്തവണ തികച്ചും അർഹമായ ലീഡ് തന്നെ. രണ്ടാം പകുതിയിലെ തുടരെ തുടരെയുള്ള ആക്രമണങ്ങളിലൂടെ ബയേൺ ഗോൾമുഖം വിറപ്പിച്ച ആഴ്സണൽ എപ്പോൾ ഗോൾ നേടുമെന്ന് മാത്രമായിരുന്നു സ്റ്റേഡിയത്തിലെ ആരാധകർക്ക് മുന്നിലുള്ള ചോദ്യം.
അതോടെ ആഴ്സണലിന്റെ പ്രസ്സിങ്ങിലെ തീവ്രതയും തുടർച്ചയായുള്ള ആക്രമണങ്ങളും ബയേണിന്റെ മനോവീര്യത്തെ പാടെ തകർത്തിരുന്നു. ആദ്യ പകുതിയിൽ പ്രകടിപ്പിച്ച മേധാവിത്വത്തിന്റെ നിഴൽ മാത്രമായി മാറുന്ന ബയേണിനെയാണ് പിന്നീട് കണ്ടത്. ആഴ്സണൽ ആകട്ടെ ഓരോ മിനിറ്റിലും കൂടുതൽ ഊർജ്ജസ്വലരായിക്കൊണ്ട് ബയേൺ ആക്രമണങ്ങളെ മുളയിലെ തന്നെ നുള്ളിക്കളയുന്നതിൽ വിജയിച്ചുകൊണ്ടിരുന്നു. കളി അവസാനത്തോടടുക്കുന്നതിനൊപ്പം പ്രതിരോധം മറന്ന് മുഴുവനായി ആക്രമിക്കാൻ ഒരുങ്ങിയ ബയേണിനെ വീണ്ടും ശിക്ഷിക്കാൻ ആഴ്സണലിന് അധികം സമയം വേണ്ടി വന്നില്ല. 77ാം മിനിറ്റിൽ സ്വന്തം ബോക്സിന് തൊട്ടുമുന്നിലായി പന്ത് പിടിച്ചെടുത്ത ഗബ്രിയേൽ മാർട്ടിനെല്ലി എസെയ്ക്ക് പാസ് നൽകിക്കൊണ്ട് എതിർ പകുതി ലക്ഷ്യമാക്കി കുതിച്ചു. മാഞ്ചെസ്റ്റർ സിറ്റിയുടെ ലോ ബ്ലോക്ക് പൊളിച്ചു കൊണ്ട് ഡൊണ്ണാറുമ്മയെ കീഴടക്കിയ എസെ മാർട്ടിനെല്ലി കോമ്പിനേഷൻ ഇവിടെയും തങ്ങളുടെ ബ്രില്ല്യൻസ് ആവർത്തിച്ചു. ബയേൺ പകുതിയിലേക്ക് എസെയുടെ ഒരു ലോഫ്റ്റഡ് ത്രൂ ബോൾ. സ്വന്തം ബോക്സ് വിട്ട് ഏതാണ്ട് ഹാഫ് വേ ലൈൻ ഓളം ഓടിയെത്തിയ ന്യൂയറിനെ ഒരു ടച്ച് കൊണ്ട് നിഷ്പ്രയാസം മറികടന്ന മാർട്ടിനെല്ലി, പന്തിൻമേൽ ഒരു ടച്ച് കൂടി എടുത്തുകൊണ്ട് ഒഴിഞ്ഞു കിടന്ന വലയിലേക്ക് ഫിനിഷ് ചെയ്തു. കഴിഞ്ഞ 4 യുസിഎൽ മത്സരങ്ങളിൽ നിന്നും ആയി മാർട്ടിനെല്ലിയുടെ 4-ആമത്തെ ഗോൾ.
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഫേസ് ടേബിളിലെ ലീഡേഴ്സിന് എതിരെ ആഴ്സണൽ 3 ഗോൾ നേടി വിജയിച്ചിരിക്കുന്നു. കഴിഞ്ഞ 17 കളികളിൽ 16 കളികളും ജയിച്ചു മുന്നേറുന്ന ബയേണിനോട് ഇതിനു മുമ്പ് തങ്ങൾക്ക് സമ്മാനിച്ച തോൽവികൾക്കുള്ള ആഴ്സണലിന്റെ മധുരപ്രതികാരം. ഈ വിജയത്തിന്റെ മുഖ്യ ശില്പി ആഴ്സണലിന്റെ 100 മില്യൺ പൗണ്ട് മിഡ്ഫീൽഡർ ഡെക്ലാൻ റൈസ് തന്നെ. യൂറോപ്പിൽ തന്നെ നിലവിൽ റൈസിനേക്കാൾ മികച്ച ഫോമിലുള്ള വേറൊരു മിഡ്ഫീൽഡർ ഉണ്ടോ എന്നത് സംശയമാണ്. മാൻ ഓഫ് ദി മാച്ച് അവാർഡ് സ്വീകരിച്ചുകൊണ്ട് റൈസ് പറഞ്ഞത് ഇങ്ങനെയായിരുന്നു. എന്റെ കരിയറിലെ ഏറ്റവും മികച്ച ഒരു ഘട്ടത്തിലൂടെയാണ് ഞാൻ ഇപ്പോൾ കടന്നു പോകുന്നത്. ഞാൻ എന്റെ കോൺഫിഡൻസിന്റെ പാരമ്യതയിലാണ് ഇപ്പോൾ ഉള്ളത്, ഫിസിക്കൽ ഫിറ്റ്നസിന്റെ കാര്യത്തിലും എന്റെ ശരീരം ഇപ്പോൾ അതിന്റെ പീക്ക് കണ്ടീഷനിൽ ആണ് ഉള്ളത്. 21 വർഷങ്ങൾക്ക് മുമ്പ് പ്രീമിയർലീഗ് വിജയിക്കുമ്പോഴും ആഴ്സണലിന് ഇതുപോലെ ഒരു മിഡ്ഫീൽഡർ ഉണ്ടായിരുന്നു. ഫിസിക്കാലിറ്റിയിലും ടെക്നിക്കൽ ബ്രില്ല്യൻസിലും ആ കാലത്തെ യൂറോപ്പിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാൾ. പാട്രിക് വിയേര. ആ പാട്രിക് വിയേരയുടെ കാലടികൾ പിന്തുടർന്നുകൊണ്ട് ഡെക്ലാൻ റൈസിനും തന്റെ ആഴ്സണൽ ടീമിനും മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന ഒരു സീസൺ ആയിരിക്കുമോ ഇത്?