സുബിമെന്റിക്ക് ഡബിൾ ; നോട്ടിംഗ്ഹാമിനെതിരെ വമ്പൻ ജയവുമായി ഗണ്ണേഴ്‌സ്
ലണ്ടൻ : മിഡ്ഫീൽഡർ മാർട്ടിൻ സുബിമെന്റിയുടെ ഇരട്ട ഗോൾ ബലത്തിൽ നോട്ടിംഗ്ഹാമിനെ തകർത്ത് ആർസനൽ. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ആർസനലിന്റെ ജയം. മൂന്നാം ഗോൾ വിക്ടർ യോക്കറസിന്റെ ബൂട്ടിൽ നിന്നായിരുന്നു.
നായകൻ മാർട്ടിൻ ഒഡേഗാർഡ് തിരിച്ചെത്തിയ മത്സരത്തിൽ ഡെക്കലൻ റൈസിന് വിശ്രമമനുവദിച്ചാണ് ആർടെറ്റ ടീമിനെ അണിനിരത്തിയത്. ആദ്യ മിനുട്ട് മുതലേ ഫോറസ്റ്റ് ഗോൾ മുഖം വിറപ്പിച്ച ആർസനലിന് 32–ാം മിനുട്ടിൽ സുബിമെന്റി ലീഡ് നൽകി. നോനി മദ്വേക്കെയെടുത്ത എടുത്ത കോർണർ ഫോറസ്റ്റ് പ്രതിരോധ നിര ക്ലിയർ ചെയ്‌തെങ്കിലും ചെന്ന് വീണത് ബോക്‌സിന് പുറത്ത് നിൽക്കുന്ന സുബിമെന്റിയുടെ കാലിൽ. ഫസ്റ്റ് ടൈം വോളിയിൽ താരം പന്ത് വലയിലാക്കി.
ആദ്യ ഇലവനിൽ ഇടം പിടിച്ച എസെയുടെ മികവിലാണ് രണ്ടാം ഗോൾ പിറന്നത്. താരം ഒരുക്കിയ നൽകിയ പാസ് ഒന്ന് വലയിലേക്ക് തിരിച്ചുവിടേണ്ട കാര്യമേ യോക്കറസിനുണ്ടായിരുന്നുള്ളൂ. സെറ്റ് പീസിൽ നിന്നും സുബിമെന്റി തന്റെ രണ്ടാം ഗോളും കണ്ടെത്തിയതോടെ ഫോറസ്റ്റിന്റെ പതനം പൂർണമായി.
മറ്റു മത്സരങ്ങളിൽ ബോൺമൗത്ത് ബ്രൈറ്റണെ വീഴ്ത്തിയപ്പോൾ സണ്ടർലാൻഡ് - ക്രിസ്റ്റൽ പാലസ് മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.