ഡെർബിയിൽ റയലിനെ അടിച്ചൊതുക്കി അത്ലറ്റികോ; ജൂലിയൻ അൽവാരസിന് ഇരട്ടഗോൾ
മാഡ്രിഡ്: മാഡ്രിഡ് ഡെർബിയിൽ റയലിനെ 5-2ന് തകർത്ത് അത്ലറ്റികോ മാഡ്രിഡ്. ജൂലിയൻ അൽവാരസിന്റെ ഇരട്ട ഗോൾ മികവിലാണ് അത്ലറ്റികോയുടെ ജയം. ലെ നോർമൻഡ്, സോർലോത്ത്, ഗ്രീസ്മാൻ എന്നിവർ മറ്റുഗോളുകൾ നേടി. റയലിനായി ആദ്യ പകുതിയിൽ അർദ ഗുലേറും കിലിയൻ എംബാപ്പെയുമാണ് ഗോൾ വല ചലിപ്പിച്ചത്. റയൽ മാഡ്രിഡിന്റെ സീസണിലെ ആദ്യ തോൽവിയാണിത്.
ആദ്യ പകുതിയിൽ സ്പാനിഷ് ഡിഫൻഡർ ലെ നോർമാൻഡിലൂടെ മുന്നിലെത്തിയത് അത്ലറ്റികോ തന്നെയായിരുന്നു. എന്നാൽ പത്തുമിനിറ്റിനിടയിൽ രണ്ട് ഗോളുകളുമായി റയൽ മത്സരത്തിൽ ലീഡ് നേടി. ഗലേറിന്റെ അസിസ്റ്റിൽ എംബാപ്പെയും വിൻഷ്യസിന്റെ അസിസ്റ്റിൽ കുളിരുമാണ് റയലിന്റെ രണ്ട് ഗോളുകൾ നേടിയത്. പക്ഷെ ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ഒരു ഗോൾ മടക്കി അത്ലറ്റികോ സമനില പിടിച്ചു. രണ്ടാം പകുതി തുടങ്ങി ആറ് മിനിറ്റുകൾക്ക് ശേഷം പെനാൽറ്റി സ്പോട്ടിൽ നിന്ന് അൽവാരെസ് ആതിഥേയരെ മുന്നിലെത്തിച്ചു. 63 മിനിറ്റിൽ മാസ്റ്റന്റുവാനോയുടെ ഫൗൾ മൂലം ലഭിച്ച ഫ്രീകിക്ക് ഗോളാക്കി മാറ്റി അൽവാരസ് ലീഡ് ഉയർത്തി. തുടർന്ന് മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കേ ഗ്രീസ്മാൻ അഞ്ചാമത്തെ ഗോളും നേടി.
റയലിന്റെ അടുത്ത മത്സരം ചാമ്പ്യൻസ് ലീഗിൽ കസാഖിസ്ഥാൻ ക്ലബ് കൈറാത്തിനെ നേരിടും. മറുഭാഗത്ത് അത്ലറ്റിക്കോ ഫ്രാങ്ക്ഫെർട്ടിനെയും നേരിടും.