രണ്ടാം പകുതിയിൽ തിരിച്ചടിച്ച് ബാഴ്സ ; ലെവന്റെയെ മറികടന്നത് ഇഞ്ചുറി സമയത്തെ ഗോളിൽ
വലന്‍സിയ: ലാലിഗയില്‍ ലെവന്റക്കെതിരെ വമ്പൻ ജയവുമായി ബാഴ്‌സലോണ. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് കറ്റാലൻ വമ്പന്മാരുടെ ജയം. ആദ്യ പകുതിയില്‍ രണ്ടു ഗോളിനു പിന്നില്‍ നിന്നതിനു ശേഷമായിരുന്നു ബാഴ്‌സയുടെ തിരിച്ചുവരവ്.
ലെവന്റക്കെതിരെ അത്ര മികച്ച തുടക്കമായിരുന്നില്ല ബാഴ്സക്ക് ലഭിച്ചത്. പല തവണ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നെങ്കിലും ഒന്നും ഗോളില്‍ കലാശിച്ചില്ല. ലമീന്‍ യമാലിന്റെയും ഫെറാന്‍ ടോറസ്ന്റെയും ഷോട്ടുകള്‍ ലെവാന്റെ ഗോൾകീപ്പറുടെ കൈകളിൽ അവസാനിച്ചു. 15-ാം മിനുട്ടില്‍ കുബാര്‍സിയുടെ പിഴവില്‍ ഇവാന്‍ റൊമേറോ ആദ്യ വെടി പൊട്ടിച്ചു. ആദ്യ പകുതി അവസാനിക്കാന്‍ മിനുട്ടുകള്‍ ബാക്കി നില്‍ക്കെ ബാള്‍ഡെയുടെ കയ്യില്‍ പന്തു തട്ടിയതിന് ലെവന്റക്ക് അനുകൂലമായി റഫറി പെനാല്‍റ്റി അനുവദിച്ചു. മൊറാലെസ് പന്ത് വലയിലെത്തിച്ചതോടെ, ആദ്യ പകുതി അവസാനിക്കുമ്പോള്‍ ബാഴ്സ രണ്ടു ഗോളിനു പിന്നില്‍.
രണ്ടാം പകുതി ബാഴ്സയുടെ തിരിച്ചുവരവിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ബോക്സിനു പുറത്തുനിന്നുള്ള പെഡ്രിയുടെ ഷോട്ട് വലയിലെത്തിയതോടെ ബാഴ്സ തിരിച്ചുവരവിന്റെ സൂചനകൾ നൽകി. ഫെറാൻ ടോറസിന്റെ വോളി കൂടി ഗോളായതോടെ ബാഴ്‌സ മത്സരത്തിൽ ഒപ്പമെത്തി. ഇഞ്ചുറിസമയത്ത് യമാല്‍ നല്‍കിയ ക്രോസ് പ്രതിരോധിക്കുന്നതിനിടയിൽ ലെവന്റ താരം ഉനൈ എല്‍ഗെസബാളിന് പിഴച്ചപ്പോൾ പന്ത് ചെന്ന് വീണത് സ്വന്തം വലയിൽ. നിർണായക മൂന്ന് പോയിന്റുമായി ബാഴ്സ കളം വിട്ടു.