മത്സരത്തിലാകെ അടിച്ചത് 40 ഷോട്ടുകൾ; കുതിപ്പുതുടർന്ന് ബാഴ്സ

Update: 2025-04-23 18:19 GMT
Editor : safvan rashid | By : Sports Desk

മാ​ഡ്രിഡ്: ഷോട്ടുകളുടെ പെരുമഴ പെയ്ത മത്സരത്തിൽ ഡാനി ഓൽമോയുടെ ഏക ഗോളിൽ റയൽ മയോർക്കയെ മറികടന്ന് ബാഴ്സ. ജയത്തോടെ തൊട്ടുപിന്നിലുള്ള റയലിനേക്കാൾ ഏഴ് പോയിന്റ് ലീഡിലേക്ക് ബാഴ്സ ഉയർന്നു. മത്സരത്തിലാകെ 40 ഷോട്ടുകളാണ് ബാഴ്സ ഉതിർത്തത്. 2003ന് ശേഷം ഒരു മത്സരത്തിൽ ഏറ്റവുമധികം ഷോട്ടുകൾ ഉതിർക്കുന്ന ടീം എന്ന റെക്കോർഡിന് ഒപ്പമെത്താനും ബാഴ്സക്കായി. 2011ൽ റയൽ സരഗോസക്കെതിരെ റയൽ മാഡ്രിഡ് നേടിയ ഷോട്ട് റെക്കോർഡി​നൊപ്പമെത്താണ് ബാഴ്സ എത്തിയത്.

33 മത്സരങ്ങൾ പൂർത്തിയായപ്പോൾ ബാഴ്സ 76 പോയന്റുമായി ഒന്നാമതും ഒരു മത്സരം കുറച്ചുകളിച്ച റയൽ 69​ പോയന്റുമായി രണ്ടാമതുമാണ്. ബുധനാഴ്ച രാത്രി നടക്കുന്ന മത്സരത്തിൽ റയൽ റ്റാഫെയെ നേരിടും.

Advertising
Advertising

"ലക്ഷ്യത്തിലേക്ക് അല്ലെങ്കിലും 40 ഷോട്ടുകൾ ഞങ്ങൾക്ക് നേടാനായി." ഇന്ന് ഞങ്ങൾ കളിച്ച ശൈലി വളരെ മികച്ചതായിരുന്നു, ഒരുപാട് അവസരങ്ങൾ സൃഷ്ടിക്കാനായി. ഒരുപാടെണ്ണം നഷ്ട്ടപ്പെടുത്തിയെങ്കിലും ക്ലീൻ ഷീറ്റ് നേടാനായി -മത്സര ശേഷം ബാഴ്സകോച്ച് ഹാൻസി ഫ്ലിക്ക് പ്രതികരിച്ചു.

മത്സരത്തിൽ 12 സേവുകളുമായി മയോർക്ക ഗോൾക്കീപ്പർ ലിയോ റോമൻ മികവ് പുലർത്തി. ഗോളെന്നുറപ്പിച്ച പല ഷോട്ടുകളും റോമൻ തടഞ്ഞപ്പോൾ ഗാവിയുടെ ഒരു ഷോട്ട് ക്രോസ്ബാറിലിടിച്ച് മടങ്ങി. അരാഹോയും ഒരു സുവർണാവസരം നഷ്ടപ്പെടുത്തി. ഗോൾ നേട്ടത്തോടെ സീസണിൽ ബാഴ്സക്കായി 10 ഗോൾ കണ്ടെത്തുന്ന അഞ്ചാമത്തെ താരമായി ഓൽമോ മാറി. ലെവൻഡോവ്സ്കി, യമാൽ, റാഫീന്യ. ഫെറാൻ ടോറസ് എന്നിവരാണ് ഓൽമോക്ക് മുമ്പ് ഈ നേട്ടം കൈവരിച്ചത്.

വരാനിരിക്കുന്ന കോപ്പാ ഡെൽ റേ ഫൈനലിന് മുന്നോടിയായി കുബാർസി, ഡി ജോങ്, റാഫീന്യ, കൗണ്ടേ എന്നിവർക്ക് ഫ്ലിക്ക് വിശ്രമമനുവദിച്ചിരുന്നു. തുടർച്ചയായ 86 മത്സരങ്ങൾക്ക് ശേഷമാണ് യൂൾസ് കൂണ്ടേ ബാഴ്സക്കായി ഒരു മത്സരത്തിൽ കളത്തിലിറങ്ങാതിരുന്നത്. സ്പാനിഷ് പ്രതിരോധ താരം ഹെക്റ്റർ ഫോർട്ടാണ് കൗണ്ടേക്ക് പകരം ആദ്യ ഇലവനിൽ ഇടം കണ്ടെത്തിയത്. അഞ്ച് മാസത്തെ ഇടവേളക്ക് ശേഷം അൻസു ഫാത്തിയും മത്സരത്തിൽ കളത്തിലിറങ്ങി.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News