തുടരെ നാലു ജയങ്ങൾ; ബാഴ്‌സയുടെ ഗംഭീര തിരിച്ചുവരവ്, പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്

പോയിന്‍റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡ് ബാഴ്‌സയേക്കാൾ ഏറെ മുന്നിലാണെങ്കിലും ഈ പ്രകടനം തുടർന്നാൽ ബാഴ്‌സക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാനാവുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്

Update: 2022-03-07 15:50 GMT

ഒരു മാസം മുമ്പ് വരെ ബാഴ്‌സലോണക്ക് എന്താണ് പറ്റിയത് എന്ന് ചോദിച്ചിരുന്നവർ ഫുട്‌ബോൾ ലോകത്ത് ഏറെയായിരുന്നു. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്ന് പ്രീക്വാർട്ടർ കാണാതെ പുറത്താവുന്നു. ലാലീഗയിൽ തുടർ തോൽവികളും സമനിലകളുമായി പല കുഞ്ഞൻ ടീമുകൾക്കും താഴെ ഒമ്പതാം സ്ഥാനത്തേക്ക്  പിന്തള്ളപ്പെടുന്നു. യൂറോപ്പിലെ രണ്ടാം നിര ടീമുകൾ പന്ത് തട്ടുന്ന യൂറോപ്പ ലീഗിൽ പന്ത് തട്ടേണ്ടി വരുന്നു. 26 തവണ ലാലീഗാ കിരീടവും, അഞ്ച് തവണ ചാംപ്യൻസ് ലീഗ് കിരീടവും നേടിയ യൂറോപ്പ്യൻ ഫുട്ബോളിലെ അതികായരായ ബാർസലോണയുടെ അപ്രതീക്ഷിത വീഴ്ചയുടെ ഞെട്ടലിലായിരുന്നു ഫുട്‌ബോൾ ലോകം.

Advertising
Advertising

അങ്ങനെ ബാഴ്‌സയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനായി പുതിയ കോച്ചായി മുൻ ബാഴ്‌സലോണ താരം സാവി ഹെർണാണ്ടസിനെ മാനേജ്മെന്‍റ് പരിശീലക വേഷത്തിൽ ടീമിലെത്തിച്ചു. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ടീം ചില നിർണായ അഴിച്ചു പണികളും നടത്തി. മെസ്സി ടീം വിട്ടതിന് ശേഷം ക്ഷോപിക്കാനാവാതെ വിഷമിച്ചിരുന്ന ടീമിന്‍റെ മുൻനിരയുടെ മൂർച്ച കൂട്ടാൻ ഫെറാൻ ടോറസ്, പിയറി എമറിക് ഔബാമിയാങ്, അദമ ട്രവോറെ എന്നിവരെ ടീമിലെത്തിച്ചുു. ഒപ്പം മുൻ ബാഴ്‌സ വിങ്ങർ കൂടെയായിരുന്ന ഡാനി ആൽവസും ടീമിൽ തിരിച്ചെത്തി.

ടീമിന്‍റെ പ്രതിസന്ധികൾ മനസ്സിലാക്കി മാനേജ്‌മെന്റ് നടത്തിയ നിർണ്ണായക അഴിച്ചുപണികളുടെ ഫലം ഇപ്പോൾ ടീം അനുഭവിക്കുകയാണ്. ഇക്കുറി ടീമിന് ആദ്യ നാലിൽ ഇടംപിടിക്കാനാവുമോ എന്ന് വരെ ഭയന്നിരുന്നവർക്ക് മുന്നില്‍ തുടരെ നാല് ജയങ്ങളുമായി ടീം മൂന്നാം സ്ഥാനത്തേക്ക് കയറി.

കഴിഞ്ഞ മത്സരത്തിൽ എല്‍ഷെക്കെതിരെ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ച് തകർപ്പൻ വിജയം സ്വന്തമാക്കിയ ബാഴ്‌സ അത്‌ലറ്റിക്കോ മാഡ്രിഡിനെ പിന്തള്ളിയാണ് മൂന്നാം സ്ഥാനത്തേക്ക് കയറിയത്. ബാഴ്‌സക്കും ബാഴ്‌സയേക്കാൾ ഒരു മത്സരം കൂടുതൽ കളിച്ച അത്‌ലറ്റിക്കോക്കും 48 പോയിന്‍റാണുള്ളത്. 63 പോയിന്‍റുമായി ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയുടെ ചിരവൈരികളായ റയൽ മാഡ്രിഡ് പോയിന്‍റ് ടേബിളിൽ ബഹുദൂരം മുന്നിലാണ്.

കഴിഞ്ഞ നാല് മത്സരങ്ങളിൽ അത്‌ലറ്റിക്ക് ബിൽബാവോയേയും വലൻസിയയേയും യൂറോപ്പാ ലീഗിൽ നാപ്പോളിയേയുമാണ് ബാഴ്‌സ വൻ മാർജിനുകളിൽ തകർത്തത്. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ടീമിലെത്തിച്ച മൂന്ന് താരങ്ങളും ഈ വിജയങ്ങളുടെയൊക്കെ ചുക്കാൻ പിടിച്ചിരുന്നു എന്നതാണ് എടുത്തു പറയേണ്ട പ്രധാന വസ്തുത. സാവി ടീമിന്‍റെ പരിശീലകനായി ചുമതലയേൽക്കുമ്പോൾ പോയിന്‍റ് ടേബിളിൽ ടീം ഒമ്പതാം സ്ഥാനത്തായിരുന്നു. അവിടെ നിന്നാണ് ഈ കുതിപ്പ് എന്നോർക്കണം. പോയിന്‍റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡ് ബാഴ്‌സയേക്കാൾ 15 പോയിന്റ് മുന്നിലാണെങ്കിലും ഈ പ്രകടനം തുടർന്നാൽ ബാഴ്‌സക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാനാവുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News