നിക്കോ വില്യംസിന് പിന്നാലെ റാഷ്‌ഫോഡും; ട്രാൻഫറിൽ ബാഴ്‌സയുടെ പ്ലാൻ ഇങ്ങനെ
സ്വീഡിഷ് മെസ്സിയെന്ന് അറിയപ്പെടുന്ന യുവ വിങർ റൂണി ബാർഗ്ദിയുമായി കറ്റാലൻ ക്ലബ് കരാറിലെത്തി
നിക്കോ വില്യംസ്... മാർക്കസ് റാഷ്ഫോഡ്... ബാഴ്സലോണയുടെ ട്രാൻസ്ഫർ സ്ട്രാറ്റജിയിലെ പ്രധാന പേരുകാർ ഇപ്പോൾ ഈ രണ്ട് മുന്നേറ്റ താരങ്ങളാണ്. അത്ലറ്റികോ ബിൽബാവോയിൽ നിന്ന് നിക്കോയെ എത്തിക്കാൻ 53 മില്യൺ പൗണ്ട് (ഏകദേശം 619 കോടിയോളം) റിലീസ് ക്ലോസായി നൽകാൻ കറ്റാലൻ ക്ലബ് തയാറാണെന്നാണ് പുറത്തുവരുന്ന പുതിയ വാർത്തകൾ. യുവ ലെഫ്റ്റ് വിംഗറെ സൈൻ ചെയ്യുന്നതിലൂടെ സ്പെയിൻ ടീമിലെ ലമീൻ യമാൽ-നിക്കോ വില്യംസ് കോംബോ ബാഴ്സയിലും കൊണ്ടുവരാമെന്നാണ് പരിശീലകൻ ഹാൻസി ഫ്ളികും കണക്കുകൂട്ടുന്നത്. പോയ യൂറോ കപ്പിന് പിന്നാലെ ട്രാൻസ്ഫർ മാർക്കറ്റിലെ ഹോട്ട്ടോപ്പിക്കായ നിക്കോ-ബാഴ്സ ഡീൽ ഈ സമ്മറിൽ യാഥാർത്ഥ്യമാകുമെന്നാണ് ആരാധകരും ഉറച്ചുവിശ്വസിക്കുന്നത്.
പോയ സീസൺ മുതൽ സ്പാനിഷ് ക്ലബിന്റെ റഡാറിലുള്ള താരമാണ് മാർക്കസ് റാഷ്ഫോഡ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 27 കാരൻ ഫോർവേഡ് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ആസ്റ്റൺ വില്ലയിലേക്ക് ലോണിൽ പോകുകയായിരുന്നു. ഇംഗ്ലീഷ് താരവും യുണൈറ്റഡും തമ്മിലുള്ള ബന്ധം അത്ര മികച്ചതല്ലാത്തിനാൽ ഓൾഡ് ട്രഫോർഡിൽ നിന്ന് ഈ സമ്മറിൽ റാഷ്‌ഫോഡിനെ പറഞ്ഞയക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. യുണൈറ്റഡുമായി 2028 വരെയാണ് താരത്തിന് കരാറുള്ളത്. എന്നാൽ യുണൈറ്റഡിൽ താരത്തിന് ലഭിക്കുന്ന വലിയ സാലറി നൽകാൻ മറ്റു ക്ലബുകൾ ഒരുക്കമല്ലാത്തത് ട്രാൻസ്ഫർ നീക്കത്തിന് തടസ്സമാകുന്നു. അതേസമയം, ബാഴ്സയിലേക്കെങ്കിൽ സാലറി വെട്ടികുറക്കാൻ താരം തയാറായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. യമാലിനൊപ്പം കളിക്കാൻ താൽപര്യമുണ്ടെന്ന് ദിവസങ്ങൾക്ക് മുമ്പ് റാഷ്ഫോഡ് വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിവേഗ നീക്കങ്ങളുമായി കളംനിറയുന്ന ഇംഗ്ലീഷ് താരത്തിന്റെ ശൈലി ഹാൻസി ഫ്‌ളിക്കുമായി യോചിച്ചതാണെന്ന് ബാഴ്സ കരുതുന്നു. എക്ല്പ്ലോസീവ് സ്പീനിഡൊപ്പം ഡ്രിബ്ലിങ് പാടവവും ബോൾ കൺട്രോളും ഷൂട്ടിങ് എബിലിറ്റിയുമെല്ലാം ഹൈലൈൻ ഡിഫൻസ് കളിക്കുന്ന ബാഴ്സയുടെ പ്ലാനിന് യോചിക്കുന്നതാണ്. ഫിനാൻഷ്യൽ ക്രൈസിസ് ഒരു യാഥാർത്ഥ്യാമായതിനാൽ യുണൈറ്റഡിൽ നിന്ന് താരത്തെ ലോണിൽ എത്തിക്കാനാണ് കറ്റാലൻ ക്ലബിന്റെ ശ്രമം. നിക്കോ ഡീൽ യാഥാർത്ഥ്യമായാൽ മറ്റൊരു വലിയ ട്രാൻസ്ഫർ നീക്കത്തിന് ബാഴ്സ തയാറായേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്
റൂണി ബാർദ്ഗി.. നിക്കോ-റാഷ്ഫോഡ് ചർച്ചകൾ അന്തരീക്ഷത്തിൽ ചൂടുപിടിക്കുന്നതിനിടെ മറ്റൊരു സർപ്രൈസ് നീക്കത്തിനും ബാഴ്‌സ തയാറായിരിക്കുന്നു. ഡാനിഷ് ക്ലബ് കോപ്പൻഹേഗനായി കളംനിറയുന്ന 19 കാരൻ റൈറ്റ് വിംഗറുമായാണ് കരാറിലെത്തിയത്.. ഈ ട്രാൻസ്ഫറിലൂടെ ലമീൻ യമാലിന്റെ ബാക് അപ്പാണ് ബാഴ്സയുടെ മനസ്സിൽ. പന്തടകത്തിലും പാസിങിലും ഡ്രിബ്ലിങിലുമെല്ലാം മികച്ചുനിൽക്കുന്ന ടീനേജറെ എത്തിക്കാനായി രണ്ട് മില്യൺ പൗണ്ടാണ് ബാഴ്സക്ക് ചെലവിടേണ്ടി വന്നത്.
കുവൈത്തിൽ സിറിയൻ കുടുംബത്തിലാണ് ജനിച്ചതെങ്കിലും സ്വീഡൻ ദേശീയ ടീമിനായാണ് താരം കളിക്കുന്നത്. 2020ൽ തന്റെ 16ാം വയസിൽ കോപ്പൻഹേനായി അരങ്ങേറ്റം. 2023 ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കോപ്പൻഹേഗൻ ചരിത്ര വിജയം സ്വന്തമാക്കുമ്പോൾ 87ാം മിനിറ്റിൽ നിർണായക ഗോൾ നേടിയത് ഈ കൗമാരക്കാനായിരുന്നു. അന്ന് കോപ്പൻഹേഗനിലെ പാർക്കൻ സ്റ്റേഡിയത്തിൽ നിന്ന് ഉയർന്ന് കേട്ട റൂണി വിളികൾ ഇന്നും യുണൈറ്റഡ് ആരാധകർ മറക്കാനിടയില്ല. 2024ൽ എസിഎൽ ഇഞ്ചുറിയെ തുടർന്ന് ദീർഘകാലം കളത്തിന് പുറത്തായിരുന്ന യങ് വിംഗർ ഈ വർഷമാണ് മടങ്ങിയെത്തിയത്. 2023-24 സീസണിൽ 10 ഗോളുകളാണ് ഡാനിഷ് ക്ലബിനായി സ്‌കോർ ചെയ്തത്. യമാലിനേതിന് സമാനമായി ലെഗ് ഫുട്ടാണ് താരത്തിന്റെയും സ്ട്രോങ് ഏരിയ. കോപ്പൻ ഹൈഗനിൽ കണ്ട അതിവേഗ മുന്നേറ്റങ്ങൾ വരും സീസണിൽ ബാഴ്സയിൽ കാണാനാകുമെന്നാണ് ആരാധകർ കരുതുന്നത്.
ഫ്യൂച്ചർ പ്രതീക്ഷയായി ബ്രസീലിയൻ 17 കാരൻ ഡിഫൻസീവ് മിഡ്ഫീൽഡർ സേ ലൂക്കാസിയെത്തിക്കാനുള്ള ശ്രമവും അവസാന ഘട്ടത്തിലാണ്. പുതിയ താരങ്ങളുടെ വരവോടെ സ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പായ അൻസു ഫാത്തിയെ ലോണിൽ വിടാനുള്ള നിർണായക തീരുമാനവും ബാഴ്സ ഇതിനകം എടുത്തിട്ടുണ്ട്. ഫ്രഞ്ച് ക്ലബ് എഎസ് മൊണാക്കോയിലേക്കാണ് 22 കാരനെ പറഞ്ഞയച്ചത്. പുതിയ സീസൺ മുന്നിൽകണ്ട് നേരത്തെ എസ്പാനിയോളിൽ നിന്ന് ഗോൾകീപ്പർ ജോൺ ഗാർഷ്യയെ കറ്റാലൻ ക്ലബ് കൂടാരത്തിലെത്തിച്ചിരുന്നു. മധ്യനിരയിലേക്ക് ആർസനൽ താരം തോമസ് പാർട്ടിയെ ഫ്രീ ട്രാൻസ്ഫറിൽ എത്തിക്കാനും പദ്ധതിയുണ്ട്.
ഹാൻസി ഫ്ളികിന്റെ ട്രാൻസ്ഫർ പോളിസി കൃത്യമാണ്. മുന്നേറ്റനിരയെ കൂടുതൽ ശക്തമാക്കുന്ന സൈനിങുകളാണ് അണിയറയിൽ പുരോഗമിക്കുന്നത്. വരും സീസണിൽ ബാഴ്സയുടെ അറ്റാക്കിങ് സ്‌ക്വാഡിലേക്ക് ആരൊക്കെയെത്തും. ട്രാൻഫർ വിപണിയിലെ പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കാം.