റാഷ്‌ഫോഡിനായി ബാഴ്‌സ; ഹാൻസി ഫ്‌ളിക്കിന്റെ ട്രാൻസ്ഫർ ടാർഗെറ്റുകൾ

ടെര്‍‌സ്റ്റേഗന്റെ പിൻഗാമിയായി യുവ ഗോൾകീപ്പറെയെത്തിക്കാനും ബാഴ്‌സ ശ്രമമാരംഭിച്ചു

Update: 2025-05-30 12:58 GMT
Editor : Sharafudheen TK | By : Sports Desk

  യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ കിരീടപ്പോരാട്ടം അവസാനിച്ചു. ഇനി എല്ലാ കണ്ണുകളും ട്രാൻസ്ഫർ മാർക്കറ്റിലേക്ക്. സൂപ്പർ താരങ്ങൾ മുതൽ യങ് ടലന്റുകൾ വരെ... അടുത്ത സീസൺ ലക്ഷ്യമിട്ടുള്ള ക്ലബുകളുടെ റഡാറിൽ താരങ്ങളുടെ നീണ്ടനിരയാണുള്ളത്. സാബി അലോൺസോയുടെ പ്ലാനിനനുസരിച്ചുള്ള താരങ്ങളെയെത്തിക്കാനായി റയൽ ചടുലനീക്കങ്ങൾ ഇതിനോകം ആരംഭിച്ചു. പ്രതിരോധത്തിലേക്ക് പുതിയ അഡീഷനായി 20 കാരൻ ഡീൻ ഹ്യൂസനുമായാണ് ഒടുവിൽ ഡീലിലെത്തിയത്. മധ്യനിരയിൽ ലൂക്കാ മോഡ്രിച്ചിന്റെയടക്കം ശൂന്യത നികത്താനായും ക്ലബ് ശ്രമമാരംഭിച്ചു. ദീർഘകാല പ്ലാനായ അലക്സാണ്ടർ അർനോൽഡിനെ ആദ്യമേ എത്തിച്ചു.

Advertising
Advertising



 റയലിൽ കാര്യങ്ങൾ അതിവേഗം മുന്നേറുമ്പോൾ ബാഴ്‌സയിലും ട്രാൻസ്ഫർ നീക്കങ്ങൾ സജീവമാണ്. സമീപകാലത്തെ ഏറ്റവും മികച്ച ഫോമിലാണ് കറ്റാലൻ ക്ലബിപ്പോൾ. വരും നാളുകളിലും ഇതു തുടർന്നുപോകുക അത്ര എളുപ്പമല്ല എന്ന കൃത്യമായ ബോധ്യം പരിശീലകൻ ഹാൻസി ഫ്‌ളിക്കിനുണ്ട്. പോയ കുറി ട്രാൻസ്ഫർ മാർക്കറ്റിൽ ഒന്നും ചെയ്യാനായില്ല. ലാമാസിയ അക്കാദമിയിൽ നിന്നും പെറുക്കിയെടുത്തവരെ കൂട്ടിയാണ് ഫ്ലിക്ക് ആദ്യ സീസണിൽ തന്നെ ആരാധകരുടെ ഹൃദയത്തിൽ കസേരയിട്ടത്. 2025-26 സീസണിക്കുള്ള ഫ്ലിക്കിന്റെ പ്രധാന ടാർഗെറ്റുകൾ ആരെല്ലാം. ബാഴ്‌സയുടെ പുതിയ ട്രാൻസ്ഫർ സാധ്യതകൾ പരിശോധിക്കാം



 മാർക്കസ് റാഷ്‌ഫോഡ്. ജനുവരി ട്രാൻസ്ഫർ മുതൽ ഇംഗ്ലീഷ് താരത്തിനായി ബാഴ്‌സ രംഗത്തുണ്ടായിരുന്നു. എന്നാൽ ഡീൽ അവസാന നിമിഷം പരാജയമായതോടെ 27 കാരൻ ആസ്റ്റൺവില്ലയിലേക്ക് ലോണിൽ പോയി. മാഞ്ചസ്റ്റർ യുണൈറ്റഡുമായി മികച്ച ബന്ധത്തിലല്ലാത്ത ഇംഗ്ലീഷ് ഫോർവേഡ് വരുന്ന സമ്മർ ട്രാൻസ്ഫറിൽ പുതിയ ക്ലബിലേക്ക് ചേക്കേറുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. യുണൈറ്റഡിൽ മങ്ങിയ റാഷ്‌ഫോഡ് വില്ലയിൽ ഉനൈ എമിറിയുടെ പ്ലാനിൽ തന്റെ പ്രതിഭയോട് നീതിപുലർത്തി. ഇതോടെ ലോൺഡീൽ പെർമനന്റാക്കാൻ വില്ലക്കും താൽപര്യമുണ്ട്. നിലവിൽ 40 മില്യണോളമാണ് റാഷ്‌ഫോഡിനായി യുണൈറ്റഡ് ആവശ്യപ്പെടുന്ന ട്രാൻസ്ഫർ തുകയെന്നാണ് റിപ്പോർട്ടുകൾ. ലെഫ്റ്റ് വിംഗറായും സെൻട്രൽ ഫോർവേഡായും ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന പ്ലെയറാണ് റാഷ്‌ഫോഡ്. ഫിള്കിന്റെ ഹൈ ഡിഫൻസീവ് ശൈലിയുമായി യോചിച്ച് പോകാൻ താരത്തിനാകും. വരുന്ന സമ്മർ ട്രാൻസ്ഫറിൽ എന്തുവിലകൊടുത്തും ഇംഗ്ലീഷ് ഫോർവേഡിനെ സ്‌പെയിനിലെത്തിക്കാനാണ് ബാഴ്‌സയുടെ ശ്രമം. ഇതിനകം ബാഴ്‌സ സ്‌പോട്ടിങ് ഡയറക്ടർ ഡെകോ റാഷ്‌ഫോഡിന്റെ ഏജന്റുമായി പ്രാഥമിക ചർച്ച നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലിവർപൂളിൽ നിന്ന് ലൂയിസ് ഡയസിനെയെത്തിക്കാനും ബാഴ്‌സക്ക് പദ്ധതിയുണ്ടെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നെങ്കിലും ആ ഡീൽ ഒട്ടും എളുപ്പമാകില്ല. നിലവിൽ ആൻഫീൽഡിൽ തകർത്തുകളിക്കുന്ന കൊളംബിയൻ ഫോർവേഡിനായി വലിയ റിലീസ് ക്ലോസ് തന്നെയാണുള്ളത്. ലിവർപൂൾ വിടുന്നതിൽ താരം നിലപാട് വ്യക്തമാക്കുകയും ചെയ്തിട്ടില്ല.



 ജോൺ ഗാർഷ്യ. ടെര്‍‌സ്റ്റേഗനും ഷെസ്‌നിക്കും പിൻഗാമിയായി ഗോൾവല കാക്കാൻ 24 കാരനെ സൈൻ ചെയ്യാനുള്ള ഒരുക്കത്തിലാണ് ബാഴ്‌സ. തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന എസ്പാനിയോൾ യുവ ഗോൾ കീപ്പർക്കായി ആർസനൽ, യുണൈറ്റഡ്,ആസ്റ്റൺവില്ല എന്നീ ക്ലബുകളും സജീവമായി രംഗത്തുണ്ടെങ്കിലും ബാഴ്‌സയുമായി താരം അടുക്കുന്നതായാണ് റിപ്പോർട്ടുകൾ. 30 മില്യണോളം വരുന്ന റിലീസ് ക്ലോസ് നൽകാൻ ക്ലബ് തയാറായേക്കും. പരിക്കുമാറി ദീർഘകാലത്തിന് ശേഷം തിരിച്ചെത്തിയ ടെര്‍‌സ്റ്റേഗന്റെ ഫോമിൽ ക്ലബിന് ആശങ്കയുണ്ട്. 35 കാരൻ സ്റ്റെസിനിയും എത്രകാലമെന്ന് ഉറംഇല്ല. ഇതോടെ ഭാവിയിൽ ക്ലബിന്റെ ഒന്നാം ഗോൾകീപ്പറാണ് സ്പാനിഷ് താരം ഗാർഷ്യയെ ബാഴ്‌സ പരിഗണിക്കുന്നത്.



 എഡേർസൻ. അറ്റലാന്റയുടെ ബ്രസീലിയൻ ഡിഫൻസീവ് മിഡ്ഫീൽഡർ എഡേയർസനായും ബാഴ്‌സ ചരടുവലി ആരംഭിച്ചിട്ടുണ്ട്. പെഡ്രിയും ഫ്രാങ് ഡിയോങും നേതൃത്വം നൽകുന്ന മിഡ്ഫീൽഡിൽ മറ്റൊരു ഓപ്ഷനായാണ് ഫ്‌ളിക്് എഡേർസനെ പരിഗണിക്കുന്നത്. അറ്റാക്കിലും ഡിഫൻസിലും ഒരുപോലെ കോൺഡ്രിബ്യൂട്ട് ചെയ്യുന്ന 24 കാരനായി യുണൈറ്റഡും ലിവർപൂളും ന്യാകാസിലുമെല്ലാം രംഗത്തുണ്ട്. അറ്റലാന്റക്കൊപ്പം 150 മത്സരങ്ങൾ ബൂട്ടണിഞ്ഞ എഡേർസൻ 13 ഗോളുകളും നേടി.

കഴിഞ്ഞ ചാമ്പ്യൻലീഗിലടക്കം ബാഴ്‌സയുടെ വീക്ക് ലിങ്കായി നിലനിന്നത് പ്രതിരോധത്തിലെ പിഴവുകളായിരുന്നു. ഗോളടിക്കുന്നതോടൊപ്പം ഗോൾ വഴങ്ങുന്ന അവസ്ഥ. എന്നാൽ ഡിഫൻസീവ് പ്രശ്‌നങ്ങൾ പരിഹരിക്കാൻ പുതിയ താരത്തെയെത്തിക്കാൻ ക്ലബിനും ഫ്‌ളിക്കിനും പദ്ധതികളൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ. വരും സീസണിലും സെൻട്രൽ ഡിഫൻസിൽ റൊണാൾഡ് അരോഹോ, ഇനിഗോ മാർട്ടിനസ്, പൗ കുബാർസി സഖ്യംതന്നെയാകും ടീമിന്റെ കോട്ടകാക്കുക. പോയ സീസണിൽ കാര്യമായ കേട്ടിരുന്ന നീക്കോ വില്യംസിന്റെ പേര് കറ്റാലൻ ക്ലബിൽ നിന്നും അധികം കേൾക്കുന്നില്ല. ആർസനലിന്റെ തോസ് പാർട്ടെ, ടോട്ടനത്തിന്റെ സൺ, എസി മിലാന്റെ റാഫേൽ ലിയാവോ, ആസ്റ്റൺ വില്ലയുടെ എമി മാർട്ടിനസ് എന്നിവരുടെ പേരുകളും അന്തരീക്ഷത്തിലുണ്ട്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News