ലോകകപ്പ് യോഗ്യത ; അപ്രതീക്ഷിത തോല്‍വി വഴങ്ങി ബ്രസീലും അര്‍ജന്റീനയും
ലാ പാസ് : ദക്ഷിണ അമേരിക്കൻ ലോകകപ്പ് ക്വാളിഫയർ മത്സരങ്ങൾ തോൽവിയോടെ അവസാനിപ്പിച്ച് വമ്പൻമാരായ ബ്രസീലും അർജന്റീനയും. ബൊളീവിയയോട് ഏകപക്ഷീയമായ ഒരു ഗോളിന്റെ തോൽവിയാണ് ബ്രസീൽ നേരിട്ടത്. സൂപ്പർ താരം ലയണൽ മെസി ഇല്ലാതെ അവസാന മത്സരത്തിനിറങ്ങിയ ലോകകപ്പ് ചാമ്പ്യൻമാർക്കും തോൽവി വഴങ്ങേണ്ടി വന്നു. ഇക്വഡോറിന്റെ ഹോം ഗ്രൗണ്ടായ ബാങ്കോ പിച്ചിഞ്ചയിലായിരുന്നു മത്സരം അരങ്ങേറിയത്.
എസ്റ്റാഡിയോ എൽ ആൾട്ടോ സ്‌റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ റൈറ്റ് വിംഗർ മിഗ്വെൽ ട്രെസെറോസിന്റെ ഗോളിലാണ് ബൊളീവിയയുടെ വിജയം. 2019 നു ശേഷം ആദ്യമായാണ് ബൊളീവിയ ബ്രസീലിനെ പരാജയപ്പെടുത്തുന്നത്. ഇതോടെ 2026 ലോകകപ്പിനായുള്ള പ്ലേയോഫ് ഘട്ടത്തിലേക്ക് അവർ യോഗ്യത നേടി. ബൊളീവിയയോട് നേരിട്ട തോൽവിയോടെ ബ്രസീൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 18 മത്സരങ്ങളിൽ നിന്നായി 28 പോയിന്റാണ് ബ്രസീലിന്റെ സമ്പാദ്യം. ലോകകപ്പ് ക്വാളിഫയർ ചരിത്രത്തിലെ ബ്രസീലിന്റെ ഏറ്റവും മോശം റെക്കോർഡാണിത്.
ഇക്വഡോറിനെതിരായ അവസാന മത്സരത്തിൽ ഞെട്ടിക്കുന്ന തോൽവിയാണ് അർജന്റീന നേരിട്ടത്. മെസി ഇല്ലാതെ മത്സരത്തിനിറങ്ങിയ അർജന്റൈൻ മുന്നേറ്റത്തിന് മത്സരത്തിലുടനീളം അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ കണ്ടെത്താൻ സാധിച്ചില്ല. ആദ്യ പകുതിയിൽ തന്നെ മിനുട്ടിൽ പ്രതിരോധതാരം നിക്കോളാസ് ഒട്ടമെൻഡി ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ഇക്വഡോറിന് മുൻതൂക്കം നൽകി. 45-ാം മിനുട്ടിൽ ഇക്വഡോറിന്റെ സ്‌ട്രൈക്കർ എന്നർ വലെൻസിയയുടെ പെനാൽറ്റിയിലാണ് ഇക്വഡോർ അർജന്റീനയെ കീഴടക്കിയത്. ഇതോടെ ഇക്വഡോർ ലോകകപ്പ് ക്വാളിഫയർ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.
മറ്റു ക്വാളിഫയർ മത്സരങ്ങളിൽ വെനസ്വേലക്കെതിരെ കൊളംബിയയും (3-6) പെറുവിനെതിരെ പരാഗ്വെയും (0-1) വിജയം നേടി. ചിലിയുമായുള്ള മത്സരത്തിൽ ഉറുഗ്വായ് (0-0) സമനിലയിൽ കുരുങ്ങി.