ആഞ്ചലോട്ടിയുടെ ബ്രസീൽ ടീമിൽ നെയ്മർ വീണ്ടും പുറത്ത്; പക്വേറ്റ മടങ്ങിയെത്തി

റയൽ താരങ്ങളായ വിനീഷ്യസ് ജൂനിയറിനെയും റോഡ്രിഗോയെയും സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ല.

Update: 2025-08-26 11:47 GMT
Editor : Sharafudheen TK | By : Sports Desk

റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ ബ്രസീൽ ടീമിൽ അടുത്ത രണ്ട് ക്വാളിഫയർ മത്സരങ്ങളിൽ സൂപ്പർതാരം നെയ്മർ ജൂനിയർ കളിക്കില്ല. കോച്ച് കാർലോ ആഞ്ചലോട്ടി പ്രഖ്യാപിച്ച 25 അംഗ സ്‌ക്വാഡിൽ നിന്നാണ് താരം പുറത്തായത്. ഇറ്റാലിയൻ കോച്ച് ചുമതലയേറ്റ ശേഷം രണ്ടാം തവണയാണ് നെയ്മറെ പുറത്തിരുത്താൻ തീരുമാനമെടുക്കുന്നത്. അതേസമയം, മാച്ച് ഫിക്സിങ് ആരോപണങ്ങളിൽനിന്ന് ജൂലൈയിൽ കുറ്റവിമുക്തനാക്കിയ വെസ്റ്റ്ഹാം താരം ലുക്കാസ് പക്വേറ്റയെ ആഞ്ചലോട്ടി ടീമിലേക്ക് തിരികെ വിളിച്ചു.

ഇതിനകം പക്വേറ്റ ലോകകപ്പ് യോഗ്യത റൗണ്ടിൽ അഞ്ച് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്നാൽ, മെയ് മാസത്തിൽ കാർലോ ചുമതലയേറ്റ ശേഷം താരം കാനറികൾക്കു വേണ്ടി ബൂട്ട് കെട്ടിയിട്ടില്ല. താരത്തിന്റെ പ്രകടനം കൂടുതൽ കണ്ടറിയാനുണ്ടെന്ന് കാർലോ പറഞ്ഞു. പക്ഷേ റയൽ മാഡ്രിഡ് താരങ്ങളായ വിനീഷ്യസ് ജൂനിയറിനെയും റോഡ്രിഗോയെയും  കാർലോ തന്റെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ല. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി നെയ്മർ ഉൾപ്പെടെയുള്ള താരങ്ങൾ പൂർണ കായികക്ഷമത വീണ്ടെടുക്കണമെന്ന് കാർലോ പറഞ്ഞു.

Advertising
Advertising

''എല്ലാവർക്കും നെയ്മറെയും ബ്രസീൽ ടീമിനെയും ആരാധകരെയും അറിയാം. നെയ്മറിനും സഹതാരങ്ങൾക്കും മികച്ച കായികക്ഷമത ആവശ്യമാണ്. എങ്കിൽ മാത്രമേ ലോകകപ്പിൽ മികച്ചരീതിയിലുള്ള പ്രകടനം കാഴ്ചവെക്കാൻ സാധിക്കൂ. ഇനി യോഗ്യത റൗണ്ടിൽ ശേഷിക്കുന്നത് രണ്ട് മത്സരങ്ങളാണ്. ഈ മത്സരങ്ങൾ മികച്ചരീതിയിൽ വിജയിച്ച് അവസാനിപ്പിക്കണം'' ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ ആഞ്ചലോട്ടി വ്യക്തമാക്കി. സെപ്റ്റംബർ 4-ന് ചിലെക്കെതിരെ സ്വന്തം മൈതാനത്തും ഒമ്പതിന് ബൊളീവിയക്കെതിരെ എവേ ഗ്രൗണ്ടിലുമാണ് ബ്രസീലിന്റെ അവസാന രണ്ട് മത്സരങ്ങൾ നടക്കുക.

നെയ്മറിന്റെ ക്ലബ്ബായ സാന്റോസ് എഫ്സി ആഗസ്റ്റ് 17-ന് വാസ് കോ ഡി ഗാമയോട് (6-0) ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇപ്പോൾ തരംതാഴ്ത്തൽ നടപടിക്ക് രണ്ട് പോയിന്റ് മാത്രം മുമ്പിലാണ് സാന്റോസ്. ഇത് കടുത്ത ആരാധകരോഷത്തിന് ഇടയാക്കിയിരുന്നു. ബാഴ്സലോണയുടെയും പിഎസ്ജിയുടെയുമെല്ലാം പ്രധാന താരമായിരുന്ന നെയ്മർ ജനുവരിയിൽ സാന്റോസിൽ എത്തിയതു മുതൽ പരിക്കുകൊണ്ട് വലയുകയാണ്. ഏപ്രിലിൽ തുടയ്ക്കേറ്റ പരിക്ക് മൂലമാണ് നേരത്തെ പ്രഖ്യാപിച്ചിരുന്ന സ്‌ക്വാഡിൽ നെയ്മറിന് ഇടമില്ലാതെപോയത്. കഴിഞ്ഞ വ്യാഴാഴ്ച പേശിവലിവ് കാരണം പരിശീലനത്തിനിറങ്ങാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. 2023 ഒക്ടോബറിൽ ഇടത് കാൽമുട്ടിലെ എസിഎല്ലിനും മെനിസ്‌കസിനും പരിക്കായതുതൊട്ട് ബ്രസീലിന് തങ്ങളുടെ സൂപ്പർതാരത്തെ നഷ്ടമായിരുന്നു.

അതേസമയം, സീനിയർ താരം കസെമിറോയെ ആഞ്ചലോട്ടി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ചെൽസിക്കായി മികച്ച പ്രകടനം നടത്തി കളിയിലെ താരമായ എസ്റ്റേവിയോക്കും വിളിയെത്തി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News