ചാമ്പ്യന്മാർ ജയിച്ചു തുടങ്ങി; ഇഞ്ചുറി ടൈം ഗോളിൽ കാലിക്കറ്റിന് ജയം
കോഴിക്കോട്: സംഗീതത്തിന്റെ മധുരമഴയിൽ വർണ്ണവിസ്മയങ്ങളുടെ മായാജാലം വിരിഞ്ഞ രാവിൽ സൂപ്പർ ലീഗ് കേരളയുടെ രണ്ടാം പതിപ്പിന് ആവേശ കിക്കോഫ്. ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ കാലിക്കറ്റ് എഫ്സി ഫോഴ്‌സ കൊച്ചിയെ തോൽപ്പിച്ചു (2-1). പകരമെത്തിയ അരുൺ കുമാറാണ് ഇഞ്ചുറി ടൈമിൽകാലിക്കറ്റിന്റെ വിജയഗോൾ നേടിയത്.
ഇരു ടീമുകളും ശ്രദ്ധയോടെ തുടങ്ങിയ മത്സരത്തിന്റെ പതിനാലാം മിനിറ്റിൽ അപ്രതീക്ഷിതമായി കാലിക്കറ്റ് എഫ്സി ലീഡ് നേടി. ഇടതുവിങിലൂടെ പെനാൽറ്റി ബോക്സിലേക്ക് കയറിയ റിയാസിനെ ഫോഴ്‌സ കൊച്ചിയുടെ അജിൻ ഫൗൾ ചെയ്തുവീഴ്ത്തി. റഫറി വെങ്കിടേഷ് പെനാൽറ്റിക്ക് വിസിലൂതി. കിക്കെടുത്ത സെബാസ്റ്റ്യൻ റിങ്കോൺ ലുകാമിക്ക് പിഴച്ചില്ല. സൂപ്പർ ലീഗ് കേരള സീസൺ രണ്ടിലെ ആദ്യ ഗോൾ കൊളമ്പിയക്കാരൻ സ്വന്തമാക്കി. ഗോൾ വഴങ്ങിയതോടെ തിരിച്ചടിക്കാൻ ഫോഴ്‌സ കൊച്ചി ആക്രമണം ശക്തമാക്കി. ഡഗ്ലസ് റോസയും നിജോ ഗിൽബർട്ടും നടത്തിയ ലോങ്ങ് റേഞ്ച് ശ്രമങ്ങൾ ഫലം കാണാതെ പോയി.
മുപ്പതാം മിനിറ്റിൽ കൊച്ചിക്ക് മികച്ച അവസരം കൈവന്നു. എന്നാൽ ഡഗ്ലസ് റോസ ഷോട്ട് പായിക്കാൻ വൈകിയപ്പോൾ കാലിക്കറ്റ് ഡിഫണ്ടർ പന്ത് രക്ഷിച്ചെടുത്തു. വലതുവിങിലൂടെ കാലിക്കറ്റ് എഫ്സിക്കായി പ്രശാന്ത് മോഹൻ നടത്തിയ മുന്നേറ്റങ്ങൾ കാണികളുടെ കൈയ്യടി നേടി. മുപ്പത്തിയൊൻപതാം മിനിറ്റിൽ ഫോഴ്‌സ കൊച്ചി സുവർണാവസരം നഷ്ടമാക്കി. നിജോ ഗിൽബെർട്ട് എടുത്ത കോർണർ കിക്ക് തട്ടിയിട്ടാൽ ഗോളാവുമായിരുന്നു. കൃത്യസ്ഥാനത്ത് നിന്നിരുന്ന ഗിഫ്റ്റിക്ക് പക്ഷെ പന്ത് തൊടാനായില്ല. ആദ്യപകുതി കാലിക്കറ്റിന്റെ ഒരു ഗോൾ ലീഡിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ രണ്ട് മാറ്റങ്ങളുമായാണ് കാലിക്കറ്റ് കളത്തിലേക്ക് തിരിച്ചെത്തിയത്. ജോനാഥൻ നാഹുവൽ, മനോജ് എന്നിവരാണ് പകരക്കാരായി വന്നത്. അൻപത്തിയേഴാം മിനിറ്റിൽ കൊച്ചിയും രണ്ട് മാറ്റങ്ങൾ വരുത്തി. റിൻറെയ്ത്താൻ ഷെയ്സ, സംഗീത് സതീഷ് എന്നിവരാണ് എത്തിയത്. തൊട്ടടുത്ത മിനിറ്റിൽ കാലിക്കറ്റ് താരം റിയാസ് പരിക്കേറ്റ് മടങ്ങി. പകരമെത്തിയത് ജഗന്നാഥ്.
അറുപത്തിയഞ്ചാം മിനിറ്റിൽ ഇടതു പാർശ്വത്തിൽ നിന്ന് കൊച്ചിയുടെ നിജോ ഗിൽബെർട്ട് നൽകിയ സുന്ദരമായ ക്രോസ്സിന് ഡഗ്ലസ് റോസ തലവെച്ചെങ്കിലും നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. എൺപത്തിയൊന്നാം മിനിറ്റിൽ നിജോ ഗിൽബെർട്ട് എടുത്ത വളഞ്ഞിറങ്ങിയ ഫ്രീകിക്ക് പോസ്റ്റിന്റെ മൂലയിലേക്ക് ചാടിയുയർന്ന് കാലിക്കറ്റ് ഗോൾ കീപ്പർ ഹജ്മൽ രക്ഷപ്പെടുത്തി. ഗോൾ മടക്കാനുള്ള നിജോ ഗിൽബർട്ടിന്റെ ഒറ്റയാൾ പോരാട്ടത്തിന് എൺപത്തിയെട്ടാം മിനിറ്റിൽ ഫലം വന്നു. പകരക്കാരനായി എത്തിയ സംഗീത് നൽകിയ ക്രോസിൽ ഡഗ്ലസ് റോസയുടെ ഹെഡ്ഡർ ഗോൾ (1-1). ഇഞ്ചുറി ടൈമിൽ കാലിക്കറ്റ് വിജയഗോൾ നേടി. പ്രശാന്ത് മോഹൻ വലതുഭാഗത്ത് നിന്ന് നൽകിയ ക്രോസ്സ് അരുൺ കുമാർ കൊച്ചിയുടെ വലയിലേക്ക് തിരിച്ചുവിട്ടു (2-1). മാൻ ഓഫ് ദി മാച്ചായി അരുൺ കുമാറിന്റെ തിരഞ്ഞെടുത്തു.