സൂപ്പർ സബ്ബായി മാർട്ടിനലി; ചാമ്പ്യൻസ് ലീഗിൽ ആർസനലിന് വിജയത്തുടക്കം, 2-0
പകരക്കാരനായി കളത്തിലിറങ്ങിയ ബ്രസീലിയൻ ഗോളും അസിസ്റ്റുമായി തിളങ്ങി
മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് പുതിയ സീസൺ വിജയത്തോടെ തുടങ്ങി ആർസനൽ. സ്പാനിഷ് ക്ലബ് അത്‌ലറ്റിക് ബിൽബാവോയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് തോൽപ്പിച്ചത്. പകരക്കാരനായി കളത്തിലിറങ്ങിയ ഗബ്രിയേൽ മാർട്ടിനലി(72), ലിയാൻഡ്രോ ട്രൊസാർഡ്(87) എന്നിവരാണ് ഗണ്ണേഴ്‌സിന്റെ വിജയ ഗോൾ നേടിയത്. ഇസെയുടെ സബ്‌സ്റ്റിറ്റിയൂട്ടായി കളത്തിലിറങ്ങി സെക്കന്റുകൾക്കകമാണ് ബ്രസീലിയൻ വിംഗർ ഇംഗ്ലീഷ് ക്ലബിനായി ലീഡെടുത്തത്. ട്രൊസാർഡിന്റെ പാസിൽ നിന്നായിരുന്നു മാർട്ടിനലിയുടെ ഗോൾ. 87ാം മിനിറ്റിൽ മാർട്ടിനലിയുടെ പാസിൽ ട്രൊസാർഡും വലചലിപ്പിച്ചു.
നിരാശപ്പെടുത്തിയ ആദ്യ പകുതിക്ക് ശേഷം ശക്തമായ കംബാകാണ് മിക്കേൽ ആർട്ടേറ്റയുടെ സംഘം നടത്തിയത്. സ്വന്തം തട്ടകമായ സാൻമാമെസിൽ ഗണ്ണേഴ്‌സിനെതിരെ ആദ്യപകുതിയിൽ പിടിച്ചുനിന്ന അത്‌ലറ്റിക് ക്ലബ് അവസാന ഇരുപത് മിനിറ്റിൽ കളി കൈവിടുകയായിരുന്നു. യുസിഎല്ലിലെ മറ്റൊരു മത്സരത്തിൽ പിഎസ്‌വിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് യൂണിയൻ സെയ്ന്റ് ഗില്ലോയ്‌സ് തകർത്തുവിട്ടു.