ക്ലബ് ലോകകപ്പിൽ നിന്ന് പ്രീമിയർ ലീഗിലേക്ക്; എതിരാളികൾ കരുതിയിരിക്കണം ഈ ചെൽസി യങ്‌നിരയെ
പ്രീ സീസൺ മത്സരങ്ങളിൽ ലെവർകൂസൻ, എസി മിലാൻ ക്ലബുകൾക്കെതിരെ നേടിയ ആധികാരിക ജയവും ചെൽസിക്ക് ആത്മവിശ്വാസം നൽകുന്നു
'ബി കെയർഫുൾ... ചെൽസി ഈസ് ഓൾവെയ്സ് ചെൽസി'... ക്ലബ് ലോകകപ്പ് കലാശപോരാട്ടത്തിന് മണിക്കൂറുകൾക്ക് മുൻപ് സാക്ഷാൽ റൊണാൾഡോ നസാരിയോയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. ലോകം മുഴുവൻ പിഎസ്ജിയുടെ വിജയം പ്രെഡിക്ട് ചെയ്ത സമയത്താണ് ബ്ലൂസിന്റെ ഭൂതകാലം ഓർമിപ്പിച്ച് മുൻ ബ്രസീലിയൻ ഇതിഹാസം രംഗത്തെത്തിയത്. ഒടുവിൽ മെറ്റ്ലൈഫ് സ്റ്റേഡിയത്തിലെ ആവേശ ഫൈനലിൽ എൻറിക്വെയുടെ കളിക്കൂട്ടത്തെ നിഷ്പ്രഭമാക്കി, എൻസോ മരെസ്‌കെയുടെ യങ് ചെൽസി ലോകത്തിന്റെ നെറുകയിലേക്ക് ഉദിച്ചുയരുന്നതിനാണ് ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചത്.
ക്ലബ് ലോകകപ്പിന്റെ അലയൊലികൾ അവസാനിച്ചു കഴിഞ്ഞു... യൂറോപ്പിലെങ്ങും വീണ്ടും പന്തുരുണ്ട് തുടങ്ങുന്നു. ജഴ്സിയിൽ പതിച്ചുകിട്ടിയ ക്ലബ് ലോകകപ്പിന്റെ ആ ഗോൾഡൻ ബാഡ്ജുമണിഞ്ഞാണ് പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനായി നീലപ്പട വരുന്നത്. പ്രീമിയർ ലീഗ് പോരാട്ടത്തിന് ദിവസങ്ങൾ മാത്രം നിൽക്കെ മറ്റൊരു നീലവസന്തത്തിനായി കാത്തിരിക്കുകയാണ് സ്റ്റാംഫോർഡ് ബ്രിഡ്ജ്... പുതിയ സീസണിൽ ചെൽസിയുടെ സാധ്യതകൾ എന്തെല്ലാം... പരിശോധിക്കാം.
മധ്യനിരയിൽ എൻസോ ഫെർണാണ്ടസ്-മൊയ്സെസ് കയ്സെഡോ സഖ്യം തുടരും. ഈ അർജന്റൈൻ-ഇക്വഡോർ കോംബോ അടുത്ത കാലത്തായി ചെൽസി റിസൾട്ടുകളിൽ തെളിഞ്ഞുകാണാനാകും. കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ എല്ലാ മത്സരങ്ങളിലും ബ്ലൂസിനൊപ്പം കളത്തിലിറങ്ങിയ കയ്സെഡോ കോച്ച് എൻസോ മരെസ്‌കയുടെ പ്ലാനിലെ മാസ്റ്റർ ബ്രെയിനാണ്. അറ്റാക്കിലും പ്രതിരോധത്തിലും ഒരുപോലെ കോൺഡ്രിബ്യൂട്ട് ചെയ്യുന്ന 23 കാരനെ ചുറ്റിപറ്റിയാണ് ചെൽസിയുടെ ചടുലനീക്കങ്ങളെല്ലാം. ത്രൂബോളുകളും അളന്നുമുറിച്ചുള്ള ക്രോസുകളുമായി കളംനിറയുന്ന എൻസോയും യൂറോപ്പിലെ മികച്ച മിഡ്ഫീൽഡറുടെ പട്ടികയിലേക്ക് കസേരവലിച്ചിട്ട് കഴിഞ്ഞു. ഇരുവർക്കുമൊപ്പം ഗോൾമെഷീൻ കോൾ പാൽമർ കൂടി ചേരുന്നതോടെ ബ്ലൂസിന്റെ അറ്റാക്ക് ഡബിൾ സ്ട്രോങാകും. ബ്രസീലിയൻ യങ് മിഡ്ഫീൽഡർ ആന്ദ്രെ സാന്റോസ്, ബെൽജിയം താരം റോമിയോ ലാവിയ, പോർച്ചുഗീസിന്റെ ഡാരിയോ എസ്സുഗോ തുടങ്ങി നിരവധി ഓപ്ഷനുകൾ മരെസ്‌കോയ്ക്ക് മുന്നിൽ വേറെയുമുണ്ട്
ജാവോ പെഡ്രോ, എസ്റ്റാവോ വില്യൻ, ലിയാം ഡെലപ്, പെഡ്രോ നെറ്റോ, ജാമി ഗിറ്റെൻസൻ. ഏതു ടീമും കൊതിക്കുന്ന യങ് ബ്ലഡുകളുടെ നീണ്ടനിര. മിഡ്ഫീൽഡിലെ നീക്കങ്ങളെ കൃത്യമായി എക്സിക്യൂട്ട് ചെയ്യാൻ കെൽപ്പുള്ള എന്തിനും പോന്നൊരു അറ്റാക്കിങ് സംഘം തന്നെയാണ് മരെസ്‌കയുടെ ശക്തി. ബ്രസീലിയൻ ട്രയോയായ പെഡ്രോയും എസ്റ്റാവോ വില്യനും ബ്ലൂജഴ്സിയിൽ ഇതിനകം വരവറിയിച്ചു കഴിഞ്ഞു. ട്രാൻസ്ഫർ വാർത്തകളിലുണ്ടെങ്കിലും സ്ട്രൈക്കർ നിക്കോളാസ് ജാക്സനും കോച്ചിന്റെ പ്ലാനിലെ പ്രധാനിയാണ്. ടൈരിക് ജോർജ്, ക്രിസ്റ്റഫർ എൻകുൻകു എന്നിവരും ക്ലബ് മാറാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്.
മുന്നേറ്റനിര ശക്തമാണെങ്കിലും ഡിഫൻസിൽ പ്രശ്നങ്ങൾ ഉരുണ്ടുകൂടുന്നത് സീസണിന് മുൻപ് ക്ലബിന് തിരിച്ചടിയാകുകയാണ്. കീ പ്ലെയർ ലെവി കോൾവില്ലിന് പരിശീലനത്തിനിടെ പരിക്കേറ്റത് ക്ലബിന് റെഡ് സിഗ്‌നലാണ് നൽകിയത്. മാസങ്ങളോളം പുറത്തിരിക്കേണ്ടിവരുന്ന 22 കാരന്റെ മികച്ച റീപ്ലെയ്സ് കണ്ടെത്തുകയെന്നത് ഇംഗ്ലീഷ് ക്ലബിനെ സംബന്ധിച്ച് ശ്രമകരമായ ദൗത്യമാകും. കോൾവില്ലിനൊപ്പം ട്രവോ ചലബ, ടോസിൻ എന്നിവരാണ് ക്ലബ് ലോകകപ്പിൽ സെൻട്രൽ ഡിഫൻസിൽ നിലയുറപ്പിച്ചത്. വെസ്ലി ഫൊഫാന പരിക്കുമാറി മടങ്ങിയെത്താൻ സമയമെടുക്കുമെന്നതിനാൽ ട്രാൻസ്ഫർ വിപണിയിൽ നിന്ന് പുതിയ ഡിഫൻഡറെ എത്തിക്കാനുള്ള ശ്രമവും ഇതിനകം ആരംഭിച്ചിട്ടുണ്ട് ചെൽസി
പോയ സീസണിൽ കയ്സെഡോയ്ക്കൊപ്പം പ്ലെയിങ് ഇലവനിലെ സ്ഥിര സാന്നിധ്യമാണ് ലെഫ്റ്റ് ബാക്ക് മാർക് കുകുറേയ. എൻസോ മരെസ്‌കയുടെ പ്ലാനിലെ ഫ്ളോട്ടിങ് പ്ലെയർ. പ്രതിരോധത്തിലെ ദൗത്യം നിർവഹിക്കുന്നതോടൊപ്പം ഓവർലാപ് ചെയ്ത് മുന്നേറി ഗോളടിക്കാനും മിടുക്കൻ. നിർണായക മാച്ചുകളിൽ ഗോളടിച്ചും താരം പലപ്പോഴും ടീമിന്റെ രക്ഷകറോളിൽ അവതരിച്ചു.എതിരാളികളുടെ ഡിഫൻസിനെ പൊളിക്കുന്നതാണ് പലപ്പോഴും സ്പാനിഷ് താരത്തിന്റെ റണ്ണുകൾ. ഇത്തവണ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ തിരക്കേറിയ ഷെഡ്യൂളിൽ കുകുറേയയെ ഫിറ്റായി നിലനിർത്തേണ്ടത് ബ്ലൂസിന് പ്രധാനമാണ്. ഇത് മുന്നിൽകണ്ട് അടുത്തിടെ നെതർലാൻഡ് വണ്ടർകിഡ് ജോറൽ ഹാറ്റോയെ ഇംഗ്ലീഷ് ക്ലബ് കൂടാരത്തിലെത്തിച്ചിരുന്നു.
ലെഫ്റ്റ് ബാക്കായി കളിക്കുന്നതോടൊപ്പം സെൻട്രൽ ഡിഫൻഡറായും കളത്തിലിറങ്ങുന്ന 19 കാരൻ ചെൽസിയുടെ ഫ്യൂച്ചർ ഓപ്ഷനായാണ് കണക്കാക്കുന്നത്. കോൾവില്ലിന് പകരക്കാരനെ ലഭിച്ചില്ലെങ്കിൽ ഡിഫൻസിൽ മരെസ്‌കെയുടെ പ്രധാന ഓപ്ഷനാകും ഹാറ്റോ. ഫിറ്റ്നസ് വീണ്ടെടുത്ത് ക്യാപ്റ്റൻ റീസ് ജെയിസ് മുഴുവൻ സമയവും കളത്തിൽ തുടർന്നാൽ റൈറ്റ് ബാക്ക് പൊസിഷനിൽ ചെൽസിക്ക് കാര്യമായ ഭീഷണിയുണ്ടാകില്ല.മികച്ച ക്രോസുകൾ നൽകി ജെയിംസ് പഴയഫോമിൽ കളംനിറഞ്ഞാൽ ചെൽസിക്ക് കാര്യങ്ങൾ ഈസിയാകുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്. മറ്റൊരു ഓപ്ഷനായി ഫ്രഞ്ച് താരം മലോ ഗുസ്തോയുമുണ്ട്.
പിഎസ്ജിക്കെതിരായ ഒരൊറ്റ മത്സരംകൊണ്ട് ആരാധക ഹൃദയത്തിലേക്ക് ചേക്കേറിയ താരമാണ് ഗോൾകീപ്പർ റോബെർട് സാഞ്ചസ്. തുടരെ മിസ്റ്റേക്കുകൾ വരുത്തിയതിൽ ഒട്ടേറെ പഴികേട്ട സ്പാനിഷ് ഗോൾകീപ്പർ കരിയർ ബെസ്റ്റ് പ്രകടനമാണ് ക്ലബ് ലോകകപ്പ് ഫൈനലിൽ പുറത്തെടുത്തത്. ഇതോടെ മറ്റൊരു ഗോൾകീപ്പറെയെത്തിക്കാനുള്ള ശ്രമത്തിന് തൽകാലം ചെൽസി മുതിർന്നേക്കില്ല. ക്ലബ് ലോകകപ്പിന് ശേഷം കളിച്ച ഫ്രണ്ട്ലി മാച്ചിൽ ലെവർകൂസനും എസി മിലാനുമെതിരായ ആധികാരിക ജയവും വലിയ പരീക്ഷണങ്ങൾക്ക് മുൻപായി ബ്ലൂസിന് കരുത്തുപകരുന്നു
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അർജന്റൈൻ വിംഗർ ഗർണാചോ... ആർബി ലെയ്പ്സിഗ് അറ്റാക്കിങ് മിഡ്ഫീൽഡർ സാവി സിമ്മൺസ്.... സ്റ്റാംഫോർഡ് ബ്രിഡ്ജിന്റെ നീലാകാലശത്ത് ലാൻഡ് ചെയ്യാനായി ഒട്ടേറെ താരങ്ങളാണ് അണിയറയിൽ തയാറെടുക്കുന്നത്.... ക്ലബ് ലോകകപ്പിന്റെ ചുവടുപിടിച്ച് പ്രീമിയർ ലീഗിലും കുതിപ്പ് തുടരാനാകുമോ ലോക ചാമ്പ്യൻമാർക്ക്...