ക്രിസ്മസിന് ക്രിസ്റ്റ്യാനോയെ ഞെട്ടിച്ച് ജോർജിന; റോൾസ് റോയ്‌സിന്റെ അത്യാഡംബര കാർ സമ്മാനം

റോൾസ് റോയ്‌സിന്റെ മറ്റു മോഡലുകൾ, ഫെറാരി, ലംബോർഗിനി, പോഷെ, മേഴ്‌സിഡസ് ബെൻസ്, ഔഡി, ഷെവർലെ അടക്കം നിരവധി ആഡംബര കാറുകൾ ക്രിസ്റ്റ്യാനോയുടെ കളക്ഷനിലുണ്ട്

Update: 2022-12-26 15:07 GMT
Editor : Shaheer | By : Web Desk

ലിസ്ബൺ: ക്രിസ്മസിന് സൂപ്പർ താരം ക്രിസ്റ്റ്യാനോയെ ഞെട്ടിച്ച് ജീവിത പങ്കാളി ജോർജിന റോഡ്രിഗസ്. അത്യാഡംബര കാറായ റോൾസ് റോയ്‌സ് ഡൗൺ ആണ് ജോർജിന താരത്തിന് സമ്മാനമായി നൽകിയത്. ഇന്ത്യൻ വിപണിയിൽ ഏഴു കോടിയിലേറെ രൂപ വിലവരുന്നതാണ് കാർ.

സർപ്രൈസ് സമ്മാനം കണ്ട് അമ്പരന്നു നിൽക്കുന്ന ക്രിസ്റ്റ്യാനോയുടെ ദൃശ്യങ്ങൾ ജോർജിന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. മക്കൾക്കൊപ്പം ഇരുവരും കാറിലിരുന്ന് യാത്ര ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം മക്കൾക്ക് നൽകിയ ക്രിസ്മസ് സമ്മാനങ്ങളും ജോർജിന പങ്കുവച്ച വിഡിയോയിൽ കാണാം. മക്കൾക്ക് സൈക്കിളുകളാണ് ഇവർ സമ്മാനിച്ചത്.

Advertising
Advertising

2015ൽ ആഗോള വിപണിയിലിറങ്ങിയ റോൾസ് റോയ്‌സിന്റെ അത്യാഡംബര മോഡലാണ് റോൾസ് റോയ്‌സ് ഡൗൺ. നാല് സീറ്റുള്ള കൺവെർട്ടിബിൾ ലക്ഷ്വറി കാറാണ ഡൗൺ 2016ലാണ് ഇന്ത്യൻ മാർക്കറ്റിലെത്തുന്നത്. കാർ കമ്പത്തിനുകൂടി പേരുകേട്ടയാളാണ് ക്രിസ്റ്റ്യാനോ. താരത്തിന്റെ ഗാരേജിൽ റോൾസ് റോയ്‌സിന്റെ മറ്റു മോഡലുകൾ, ഫെറാരി, ലംബോർഗിനി, പോഷെ, മേഴ്‌സിഡസ് ബെൻസ്, ഔഡി, ഷെവർലെ അടക്കം നിരവധി ആഡംബര കാറുകളുണ്ട്.

അതിനിടെ, മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ട സൂപ്പർ താരം സൗദി ക്ലബ് അന്നസ്റിൽ ചേരുമെന്ന് ഏറെക്കുറെ ഉറപ്പായതായി റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ജനുവരിയിൽ ക്രിസ്റ്റ്യാനോ ക്ലബുമായി കരാറിൽ ഒപ്പുവയ്ക്കുമെന്നാണ് സ്പാനിഷ് മാധ്യമമായ 'മാഴ്സ' റിപ്പോർട്ട് ചെയ്തത്. ഏഴു വർഷത്തേക്കായിരിക്കും കരാറെന്നാണ് പുറത്തുവരുന്ന വിവരം.

രണ്ടര വർഷം ക്ലബിന്റെ കുപ്പായത്തിൽ ക്രിസ്റ്റ്യാനോ കളിക്കും. ഇതിനുശേഷം സൗദി അറേബ്യൻ ഫുട്ബോളിന്റെ ബ്രാൻഡ് അംബാസഡറായായിരിക്കും താരത്തിന്റെ സേവനം. നിലവിൽ, ലയണൽ മെസ്സി സൗദിയുടെ ടൂറിസം അംബാസഡറാണ്. എന്നാൽ, 2030 ലോകകപ്പിന്റെ ആതിഥേയാവകാശം സ്വന്തമാക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് സൗദി ക്രിസ്റ്റ്യാനോയെ അവതരിപ്പിക്കുന്നത്.

കരാർ തുകയുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ, 2024നുശേഷം പ്രതിഫലത്തിൽ പ്രതിവർഷം 200 മില്യൻ യൂറോയുടെ(ഏകദേശം 1,758 കോടി രൂപ) വർധനയുണ്ടാകുമെന്ന് 'ഗോൾ ഡോട്ട് കോം' റിപ്പോർട്ട് ചെയ്യുന്നു.

Summary: Soccer legend Christiano Ronaldo's gets ultra-luxurious Christmas gift this time, as his partner Georgina Rodriguez gifts him a Rolls Royce Dawn

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News