ക്ലബ് ലോകകപ്പിൽ ജയത്തോടെ തുടങ്ങി ചെൽസി; ബെനഫിക-ബൊക്ക ജൂനിയേഴ്‌സ് മത്സരം സമനിലയിൽ

പെഡ്രോ നെറ്റോ, എൻസോ ഫെർണാണ്ടസ് എന്നിവരാണ് ചെൽസിക്കായി ഗോൾ നേടിയത്.

Update: 2025-06-17 04:24 GMT
Editor : Sharafudheen TK | By : Sports Desk

അത്‌ലാന്റ: ഫിഫ ക്ലബ്ബ് ലോകകപ്പിൽ ജയത്തോടെ തുടങ്ങി ചെൽസി. ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ലോസ് ആഞ്ചൽസ് എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് തോൽപിച്ചത്. പെഡ്രോ നെറ്റോ(34), എൻസോ ഫെർണാണ്ടസ്(79) എന്നിവരാണ് ഗോൾ സ്‌കോറർമാർ. മുൻ ചാമ്പ്യൻമാർക്കെതിരെ ശക്തമായ ചെറുത്ത് നിൽപ്പ് നടത്തിയ ശേഷമാണ് ലോസ് ആഞ്ചൽസ് കീഴടങ്ങിയത്.

 മത്സരത്തിന്റെ 34-ാം മിനിറ്റിലാണ് ചെൽസിയുടെ ആദ്യ ഗോൾ പിറന്നത്.  മധ്യത്തിൽ നിന്ന് നിക്കോളാസ് ജാക്‌സൻ നൽകിയ ത്രൂബോൾ സ്വീകരിച്ച് ബോക്‌സിലേക്ക് കുതിച്ച പോർച്ചുഗീസ് താരം പെഡ്രോ നെറ്റോ ഗോൾകീപ്പർ ഹ്യൂഗോ ലോറിസിനെ മറികടന്ന് പന്ത് വലയിലാക്കി. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ എൻസോ ഫെർണാണ്ടസ് 79ാം മിനിറ്റിൽ ബ്ലൂസിന്റെ ഗോൾനേട്ടം രണ്ടാക്കി. ചെൽസിക്കായി ആദ്യമത്സരം കളിച്ച സ്‌ട്രൈക്കർ ലിയാം ഡെലപ് ബോക്‌സിലേക്ക് നൽകിയ ക്രോസ് കൃത്യമായി അർജന്റൈൻ താരം ഫിനിഷ് ചെയ്തു. അവസാന നിമിഷം ഗോൾ തിരിച്ചടിക്കാനായി ലോസ് ആഞ്ചൽസ് ശ്രമം നടത്തിയെങ്കിലും ചെൽസി ഗോൾകീപ്പർ സാഞ്ചസിന്റെ മികച്ച സേവുകൾ തിരിച്ചടിയായി.

മറ്റൊരു മത്സരത്തിൽ ബൊക്ക ജൂനിയേഴ്‌സ് ബെനഫികയെ സമനിലയിൽ കുരുക്കി. മിഗ്വേൽ മെറെന്റേൽ, റോഡ്രിബോ ബറ്റഗാലിയ എന്നിവരാണ് ബൊക്ക ജൂനിയേഴ്‌സിനായി വലകുലുക്കിയത്. മറുവശത്ത് അർജന്റൈൻ താരങ്ങളായ എയ്ഞ്ചൽ ഡി മരിയ, നിക്കോളാസ് ഒട്ടമെൻഡി  ഗോൾ മടക്കി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News