ക്രിസ്റ്റ്യാനോ റൊണാൾഡോയെ വീണ്ടും ബെഞ്ചിലിരുത്തി കോച്ച്; കാസമിറോയും ബെഞ്ചിൽ

ഈയിടെ ടീമിലെത്തിയ ബ്രസീൽ താരം കാസമിറോയും സബ്സ്റ്റിറ്റ്യൂട്ടായി ടീമിലുണ്ട്

Update: 2022-08-27 11:10 GMT
Editor : André | By : André

തുടർച്ചയായ രണ്ടാം മത്സരത്തിലും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പ്ലെയിങ് ഇലവനിൽ അവസരം നൽകാതെ മാഞ്ചസ്റ്റർ യുനൈറ്റഡ് കോച്ച് എറിക് ടെൻ ഹാഗ്. ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് അഞ്ചു മണിക്ക് സതാംപ്ടണിനെ നേരിടുന്ന ടീമിന്റെ ആദ്യ ഇലവൻ പ്രഖ്യാപിച്ചപ്പോഴാണ് പോർച്ചുഗീസ് താരത്തെയും ടീം ക്യാപ്ടൻ ഹാരി മഗ്വയറെയും തഴഞ്ഞത്. കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിനെതിരെ ഇറക്കിയ അതേ ഇലവനെ ടെൻ ഹാഗ് സതാംപ്ടണിനെതിരെ നിലനിർത്തുകയായിരുന്നു.

Advertising
Advertising

കഴിഞ്ഞയാഴ്ച റയൽ മാഡ്രിഡിൽ നിന്നെത്തിയ മിഡ്ഫീൽഡർ കാസമിറോ ഇന്ന് യുനൈറ്റഡിനു വേണ്ടി അരങ്ങേറിയേക്കും. സബ്‌സ്റ്റിറ്റ്യൂട്ടുകളുടെ ലിസ്റ്റിൽ ബ്രസീൽ താരത്തെ കോച്ച് ഉൾപ്പെടുത്തിയിട്ടുണ്ട്. പോർച്ചുഗീസ് മിഡ്ഫീൽഡർ ബ്രുണോ ഫെർണാണ്ടസ് ആണ് ടീം ഇന്നത്തെ ടീം ക്യാപ്ടൻ.

4-2-3-1 ശൈലിയിൽ ലിവർപൂളിനെതിരെ കളിച്ച യുനൈറ്റഡ് ജയവും സീസണിലെ ആദ്യ പോയിന്റുകളും സ്വന്തമാക്കിയിരുന്നു. വലതു വിങ്ങറായി കളിച്ച ജാഡൺ സാഞ്ചോ 16-ാം മിനുട്ടിലും സ്‌ട്രൈക്കർ റാഷ്‌ഫോഡ് 53-ാം മിനുട്ടിലും നേടിയ ഗോളുകളാണ് ലിവർപൂളിനെതിരെ നിർണായകമായത്. 86-ാം മിനുട്ടിൽ റാഷ്‌ഫോഡിന് പകരക്കാരനായി ക്രിസ്റ്റ്യാനോ കളത്തിലിറങ്ങിയെങ്കിലും ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല.

എവേ മത്സരം കളിക്കുന്ന യുനൈറ്റഡിന്, പോയിന്റ് ടേബിളിൽ തങ്ങളേക്കാൾ മുന്നിലുള്ള സതാംപ്ടൺ എളുപ്പമുള്ള എതിരാളികളല്ല; ടോട്ടനം ഹോട്‌സ്പറിനോട് തോറ്റ് സീസൺ ആരംഭിച്ച സതാംപ്ടൺ പിന്നീട് ലീഡ്‌സിനെ 2-2 സമനിലയിൽ തളയ്ക്കുകയും ലെസ്റ്റർ സിറ്റിയെ അവരുടെ തട്ടകത്തിൽ ചെന്ന് തോൽപ്പിക്കുകയും ചെയ്ത ടീമാണ്.

കരുത്തരെല്ലാം കളത്തിൽ

നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയ്ക്ക് 7.30 ന് ക്രിസ്റ്റൽ പാലസാണ് എതിരാളികൾ. ആദ്യ രണ്ട് വിജയങ്ങൾക്കു ശേഷം കഴിഞ്ഞയാഴ്ച ന്യൂകാസിലിനോട് 3-3 സമനില വഴങ്ങിയ സിറ്റിക്ക് കിരീട പ്രതീക്ഷകൾ കാക്കണമെങ്കിൽ പാലസിനെതിരെ വിജയത്തിൽ കുറഞ്ഞതൊന്നും മതിയാവില്ല. കഴിഞ്ഞയാഴ്ച ആസ്റ്റൻ വില്ലയെ 3-1 ന് ഞെട്ടിച്ച പാലസ്, ആ മികവ് സിറ്റിക്കെതിരെയും പുറത്തെടുക്കാനാവും ശ്രമിക്കുക.

സീസണിൽ ഇതുവരെ ജയമില്ലാതെ മോശം ഫോമിലുള്ള ലിവർപൂൾ 7.30 ന് ബോൺമത്തുമായി ആൻഫീൽഡിൽ ഏറ്റുമുട്ടുന്നു. ആസ്റ്റൻ വില്ലക്കെതിരെ ജയവുമായി സീസൺ ആരംഭിച്ച ബോൺമത്ത് പിന്നീട് മാഞ്ചസ്റ്റർ സിറ്റി, ആഴ്‌സണൽ ടീമുകളുമായാണ് കളിച്ചത്. രണ്ടും തോറ്റു. മോശം ഫോമിലുള്ള ലിവർപൂളിനെ വിറപ്പിക്കുക എന്നതുതന്നെയാവും അവരുടെ ലക്ഷ്യം. അതേസമയം, സീസണിലെ ആദ്യജയം സ്വന്തം കാണികൾക്കു മുന്നിൽ കുറിക്കാനുറച്ചാണ് യുർഗൻ ക്ലോപ്പ് ടീമിനെ ഇറക്കുന്നത്.

കഴിഞ്ഞയാഴ്ച ലീഡ്‌സിനെതിരെ 3-0 ന്റെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയ ചെൽസി 7.30 ന് ലെസ്റ്റർ സിറ്റിയെ നേരിടുന്നു. വെറും ഒരു പോയിന്റുമായി 19-ാം സ്ഥാനത്തുള്ള ലെസ്റ്ററിനെതിരെ സ്റ്റാംഫഡ് ബ്രിഡ്ജിൽ ജയത്തിൽ കുറഞ്ഞതൊന്നും തോമസ് ടുക്കലിന്റെ സംഘം ലക്ഷ്യമിടുന്നില്ല.

മൂന്ന് എണ്ണം പറഞ്ഞ ജയങ്ങളുമായി സീസൺ ആരംഭിച്ച ആർസനൽ ഇന്ത്യൻ സമയം രാത്രി 10 മണിക്ക് ഫുൾഹാമുമായി ഏറ്റുമുട്ടും. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം മൈക്കൽ അർടേറ്റയുടെ സംഘത്തിന് എളുപ്പമാവാൻ വഴിയില്ല. രണ്ട് സമനിലകൾക്കു ശേഷം ബ്രെന്റ്‌ഫോഡിനെ തോൽപ്പിച്ച് വിജയവഴിയിലെത്തിയ ഫുൾഹാം തോൽവിയറിയാതെ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ്.

Tags:    

Writer - André

contributor

Editor - André

contributor

By - André

contributor

Similar News