ലിവർപൂളിന് ഞെട്ടൽ; കമ്യൂണിറ്റി ഷീൽഡ് കിരീടം ക്രിസ്റ്റൽ പാലസിന്
ലണ്ടൻ: ട്രാൻസ്ഫർ മാർക്കറ്റിൽ ചെലവഴിച്ച വമ്പൻ തുകയുടെ ബലത്തിൽ കളത്തിലിറങ്ങിയ ലിവർപൂളിന് ക്രിസ്റ്റൽ പാലസ് വക ഷോക്ക്. വെംബ്ലി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കി കമ്യൂണിറ്റി ഷീൽഡ് കിരീടം ക്രിസ്റ്റൽ പാലസ് സ്വന്തമാക്കി. നിശ്ചിത സമയത്ത് ഇരുടീമുകളും ഇരുഗോളുകൾ വീതമടിച്ചതിനാൽ ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിലാണ് ക്രിസ്റ്റൽ പാലസിന്റെ വിജയം.
പുതുതായി ടീമിലെത്തിയ ഹ്യൂഗോ എകിറ്റികെയുടെ ഗോളിൽ നാലാം മിനുറ്റിൽ തന്നെ ലിവർപൂൾ മുന്നിലെത്തി. വൈകാതെ 17ാം മിനുറ്റിൽ ലഭിച്ച പെനൽറ്റി ഗോളാക്കി യോൻ ഫിലിപ്പ് മറ്റേറ്റപാലസിനായി തിരിച്ചടിച്ചു. വൈകാതെ ജെറമി ഫ്രിങ്പോങിന്റെ അവിശ്വസനീയമായ ഗോളിൽ ലിവർപൂൾ വീണ്ടും മുന്നിൽ.
രണ്ടാം പകുതിയിൽ കൂടുതൽ കരുത്താർജിച്ച ക്രിസ്റ്റൽ പാലസിനെയാണ് മൈതാനത്ത് കണ്ടത്.അവരുടെ നിരന്തര ശ്രമങ്ങൾക്ക് ഒടുവിൽ ഇസ്മയിൽ സറിലൂടെ ഫലം ലഭിച്ചു. 77ാം മിനുറ്റിലായിരുന്നു ഗോൾ.
പുതിയ നിയമപ്രകാരം അധിക സമയമില്ലാതെ നേരെ പെനൽറ്റിയിലേക്ക് പോയ മത്സരത്തിൽ ലിവർപൂളിന് ആദ്യമേ തെറ്റി. ആദ്യം കിക്കെടുക്കാനെത്തിയ സലാഹിനും പിന്നാലെയെത്തിയ മാക് അലിസ്റ്റർക്കും പിഴച്ചു. എസെയുടെ കിക്ക് തടുത്തിട്ട് അലിസൺ ലിവർപൂളിന് പ്രതീക്ഷ നൽകിയെങ്കിലും ഹാർവി എലിയട്ടിനും പിഴച്ചത് ചെങ്കുപ്പായക്കാർക്ക് തിരിച്ചടിയായി.