''അവന് ചില അന്ധവിശ്വാസങ്ങളുണ്ട്''; സ്വർണ്ണമാലയിട്ട് കളിക്കാനിറങ്ങിയ കൗണ്ടേയെ കുറിച്ച് കോച്ച്
''അവന്‍ ഒരിക്കലും ആമാല ധരിച്ച് കളിക്കാന്‍ ഇറങ്ങരുതായിരുന്നു''
ദോഹ: ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോളണ്ടിനെ തകര്‍ത്തെറിഞ്ഞതിന്‍റെ ആവേശത്തിലാണ് ഫ്രഞ്ച് പട. കിലിയന്‍ എംബാപ്പെയുടെ തകര്‍പ്പന്‍ പ്രകടനത്തിന്‍റെ മികവില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ വിജയം. അതിനിടെ ഇന്നലെ നടന്ന മത്സരത്തില്‍ ഫ്രഞ്ച് പ്രതിരോധ താരം ജൂള്‍സ് കൗണ്ടേ സ്വര്‍ണമാല ധരിച്ച് കളിക്കാനിറങ്ങിയത് വലിയ വിവാദത്തിനിടയാക്കിയിരുന്നു.
രാജ്യാന്തര ഫുട്ബോള്‍ അസോസിയേഷന്‍റെ ചട്ടമനുസരിച്ച് കളിക്കാര്‍ മാല, മോതിരം, കമ്മല്‍, ലെതര്‍ ബാന്‍റുകള്‍ തുടങ്ങി ഒരു ആഭരണവും കളിക്കിടെ ധരിക്കരുത് എന്നാണ്. കഴിഞ്ഞ മത്സരത്തില്‍ കളിക്കാനിറങ്ങിയ കൗണ്ടേയുടെ കഴുത്തില്‍ സ്വര്‍ണ്ണ മാല കണ്ടതിനെ തുടര്‍ന്ന് മത്സരത്തിനിടെ അതഴിച്ചു മാറ്റുകയായിരുന്നു.
ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ഫ്രഞ്ച് പരിശീലകന്‍ ദിദിയര്‍ ദെഷാംസ്. ഒരിക്കലും ആമാല ധരിച്ച് കൗണ്ടേ കളിക്കാനിറങ്ങാന്‍ പാടില്ലായിരുന്നു എന്ന് ദെഷാംസ് പ്രതികരിച്ചു.
''അവന്‍ ഒരിക്കലും ആമാല ധരിച്ച് കളിക്കാന്‍ ഇറങ്ങരുതായിരുന്നു. ആ മാലയില്‍ എന്താണുള്ളത് എന്ന് എനിക്കറിയില്ല. ജൂൾസിന് ചില അന്ധവിശ്വാസങ്ങളുണ്ടെന്ന് എനിക്കറിയാം. പരിശീലനത്തിനിടയില്‍ എനിക്കത് മനസ്സിലായിട്ടുണ്ട്. ആ സമയം നീ എന്‍റെ മുന്നിലല്ലാതിരുന്നത് നിന്‍റെ ഭാഗ്യം എന്ന് ഞാനവനോട് പറഞ്ഞു.''ദെഷാംസ് പറഞ്ഞു.