ജർമനി-ഇംഗ്ലണ്ട് ക്ലാസിക്ക് പോരാട്ടം സമനിലയിൽ
50ാം മിനിറ്റിൽ ജോഷുവ കിമ്മിച്ചിന്റെ പാസിൽ നിന്നു മനോഹരമായ ഷോട്ടിലൂടെ യൊനാസ് ഹോഫ്മാനാണ് ജർമനിയെ മുന്നിലെത്തിച്ചത്
മ്യൂണിച്ച്: യുവേഫ നേഷൻസ് ലീഗിൽ ജർമനിയെ സമനിലയിൽ പിടിച്ച് ഇംഗ്ലണ്ട്. കഴിഞ്ഞ മത്സരത്തിൽ ഹംഗറിയോട് തോൽവി വഴങ്ങിയ ഇംഗ്ലണ്ട് 1-1 നു ആണ് ജർമനിയോട് സമനില നേടിയത്. മത്സരത്തിൽ കൂടുതൽ നേരം പന്ത് കൈവശം വച്ചത് ജർമനി ആയിരുന്നു എങ്കിലും കൂടുതൽ ഷോട്ടുകൾ ഉതിർത്തത് ഇംഗ്ലണ്ട് ആയിരുന്നു.
മത്സരത്തിൽ ഇംഗ്ലണ്ടിന്റെ പല ശ്രമങ്ങളും മികച്ച ബ്ലോക്കുകളിലൂടെയും സേവുകളിലൂടെയും ജർമൻ പ്രതിരോധം പ്രതിരോധിച്ചു. 50ാം മിനിറ്റിൽ ജോഷുവ കിമ്മിച്ചിന്റെ പാസിൽ നിന്നു മനോഹരമായ ഷോട്ടിലൂടെ യൊനാസ് ഹോഫ്മാനാണ് ജർമനിയെ മുന്നിലെത്തിച്ചത്.
തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയം ഏറ്റുവാങ്ങും എന്നു തോന്നിച്ച ഇംഗ്ലണ്ടിന്റെ രക്ഷക്ക് പക്ഷെ വാർ എത്തി. ഹാരി കെയിനിനെ സ്‌കോലറ്റർബക് വീഴ്ത്തിയതിനു വാർ പരിശോധനക്ക് ശേഷം റഫറി പെനാൽട്ടി അനുവദിക്കുക ആയിരുന്നു. തുടർന്ന് പെനാൽട്ടി അനായാസം കെയിൻ ലക്ഷ്യത്തിൽ എത്തിച്ചു.
ഇതോടെ സർ ബോബി ചാൾട്ടനെ ഗോൾ വേട്ടയിൽ ഹാരി കെയിൻ മറികടന്നു. ഇംഗ്ലണ്ടിന് ആയി 50 ഗോളുകൾ തികച്ച ഹാരി കെയിൻ വെയിൻ റൂണിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമാണ്. 53 ഗോളുകൾ ഇംഗ്ലണ്ടിന് ആയി നേടിയ റൂണി മാത്രം ആണ് രാജ്യത്തിനു ആയുള്ള ഗോൾ വേട്ടയിൽ കെയിനിന് മുന്നിലുള്ളത്.