പനജി: കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ട അല്‍വാരോ വാസ്‌ക്വസിനെ സ്വന്തമാക്കി എഫ്.സി ഗോവ. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനമാണ് വാസ്ക്വസ് പുറത്തെടുത്തിരുന്നത്. രണ്ട് വര്‍ഷത്തെ കരാറിലാണ് സ്പാനിഷ് താരത്തിന്റെ ഗോവന്‍ പ്രവേശനം.
എഫ്‌സി ഗോവയിൽ ചേരുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് വാസ്ക്വസ് പറഞ്ഞു. ക്ലബ്ബ് മാനേജ്മെന്റുമായും പരിശീലകനുമായും സംസാരിച്ചെന്നും സ്വതസിദ്ധമായ എന്റെ ശൈലിയില്‍ തന്നെ ഇവിടെ കളിക്കുമെന്നും താരം പറഞ്ഞു.
എന്നെ സംബന്ധിച്ചിടത്തോളം ഐഎസ്എല്ലിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നാണ് ഗോവ. കഴിഞ്ഞ സീസൺ ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ചതായിരിക്കില്ല, എന്നാൽ ഈ വരുന്ന സീസണിൽ ഞങ്ങൾ തീർച്ചയായും ഒന്നാമതെത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു- വാസ്ക്വസ് വ്യക്തമാക്കി.
കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി 23 മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകാണ് വാസ്ക്വസ് കണ്ടെത്തിയത്. കളിക്കളത്തില്‍ മികച്ച നീക്കങ്ങളിലൂടെയും മറ്റും വാസ്ക്വസ് ഏവരുടെയും മനംകവര്‍ന്നിരുന്നു.
ലാലിഗ ക്ലബായ എസ്പാനിയോളിന്റെ ബി ടീമിലൂടെയായിരുന്നു സീനിയര്‍ ഫുട്‌ബോള്‍ കരിയറിന് വാസ്‌ക്വസ് തുടക്കം കുറിച്ചത്. പിന്നീട് ഗെറ്റാഫെ, സ്വാൻസി സിറ്റി, എസ്പാനിയോള്‍, ഗിമ്നാസ്റ്റിക്ക്, റയൽ സരഗോസ, സ്‌പോര്‍ടിങ് ഗിയോണ്‍, സിഇ സബഡെൽ എഫ്‌സി തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടി പന്തു തട്ടി. സ്‌പെയിനിന്റെ അണ്ടര്‍ 20, 21, 23 ടീമുകളിലും വാസ്‌ക്വസ് സാന്നിധ്യമറിയിച്ചിട്ടുണ്ട്.
Summary- FC Goa signs striker Alvaro Vazquez on two-year deal