റൊണാൾഡോയും പോർച്ചുഗലും മടങ്ങി; ലോകകപ്പ് ടിക്കറ്റ് വിൽപനയിൽ ഇടിവുണ്ടായെന്ന് റിപ്പോർട്ട്
പോർച്ചുഗലിന് പിന്നാലെ ആതിഥേയരായ അമേരിക്ക പുറത്തായതും ടിക്കറ്റ് വിൽപനയെ ബാധിച്ചു
ന്യൂയോർക്ക്: ലോകകപ്പിൽ നിന്ന് പോർച്ചുഗലും ആതിഥേയരായ അമേരിക്കയും പുറത്തായതിന് പിന്നാലെ ടിക്കറ്റ് വിൽപനയിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ക്വാർട്ടർ ഫൈനൽ ആരംഭിക്കാനിരിക്കെയാണ് വിൽപനയിൽ കുറവുണ്ടായെന്ന് വാർത്തകൾ വരുന്നത്. ടിക്കറ്റ് സെർച്ച് എഞ്ചിനായ 'സീറ്റ്പിക്ക്' നൽകുന്ന വിവരമനുസരിച്ച് ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ ശരാശരി ടിക്കറ്റ് നിരക്കിൽ കഴിഞ്ഞ ഏതാനും ദിവസത്തിനിടെ 31.5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. മൂന്ന് ദിവസത്തിലെ കണക്കനുസരിച്ച് ഇത് 50.4 ശതമാനത്തിലേക്കെത്തും.
കൂടാതെ, ടിക്കറ്റ് പുനർവിൽപ്പന വിപണിയിൽ ലഭ്യമായ ടിക്കറ്റുകളുടെ എണ്ണം ലോകകപ്പ് ആരംഭിച്ച സമയത്തുണ്ടായിരുന്ന 28,285-ൽ നിന്ന് 49,415 ആയി കുത്തനെ ഉയരുകയും ചെയ്തു. വെള്ളിയാഴ്ച നടക്കുന്ന സ്‌പെയിനും ബെൽജിയവും തമ്മിലുള്ള ക്വാർട്ടർ ഫൈനലിന്റെ ഗെറ്റ്-ഇൻ വില ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഏകദേശം 2,950 ഡോളറിൽ നിന്ന് ഏകദേശം 1,200 ഡോളറായി കുറഞ്ഞു. സ്‌പെയിനിനോട് തോറ്റാണ് പോർച്ചുഗൽ ടൂർണമെന്റിൽ നിന്ന് പുറത്തായത്. ആതിഥേയരായ അമേരിക്ക ക്വാർട്ടർ ഫൈനലിന് മുമ്പ് പുറത്തായതും ടിക്കറ്റ് വിൽപനയെ ബാധിച്ചു. റൗണ്ട് ഓഫ് പതിനാറിൽ ബെൽജിയത്തോട് 4-1 ന് തോറ്റാണ് യുഎസ്എ മടങ്ങിയത്. ആഗോളതലത്തിൽ ആരാധകപിന്തുണയുള്ള ബ്രസീലിന്റെ പതനവും ലോകകപ്പ് വിൽപനയിൽ കാര്യമായി ബാധിച്ചു
അതേസമയം, ഇനി വരുന്ന മത്സരങ്ങളുടെ സ്വഭാവമനുസരിച്ച് ടിക്കറ്റ് വിൽപനയിൽ വർധനവുണ്ടാകുമെന്ന സാധ്യതയും നിലനിൽക്കുന്നു. സെമിയിൽ അർജന്റീന-ഇംഗ്ലണ്ട്, സ്‌പെയിൻ-ഫ്രാൻസ് മത്സരങ്ങൾ വരികയാണെങ്കിൽ റീസെയിൽ മാർക്കറ്റിൽ ടിക്കറ്റുകൾക്ക് വീണ്ടും വലിയ ഡിമാൻഡ് വരാനുള്ള സാധ്യതയും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു