സൗദിയും ഖത്തറും ലോകകപ്പിന്, ഇസ്ര​യേൽ പുറത്ത്, യൂറോപ്പിൽ കാത്തിരിപ്പ് തുടരുന്നു

ലോകകപ്പിന് യോഗ്യത നേടിയവരും നേടാനിരിക്കുന്നവരും നേടില്ലെന്ന് ഉറപ്പായവരും ആരൊക്കെ?

Update: 2025-10-15 12:36 GMT
Editor : safvan rashid | By : Sports Desk

ഫുട്ബോൾ ലോകത്തിന്റെ കണ്ണും കാതും ലോകകപ്പിലേക്ക് നീണ്ടുതുടങ്ങിയിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ വേദിയിൽ സ്വന്തം രാജ്യത്തിന്റെ പതാക നാട്ടാനുള്ള തീവ്രയജ്ഞത്തിലാണ് ടീമുകളും താരങ്ങളും. ഫിഫ ഫുട്ബോൾ ലോകകപ്പ് യോഗ്യത അതിന്റെ മൂർധന്യത്തിലേക്ക് കടന്നിരിക്കുന്നു. ലോകകപ്പിന് യോഗ്യത നേടിയവരും നേടാനിരിക്കുന്നവരും നേടില്ലെന്ന് ഉറപ്പായവരും ആരൊക്കെ?

ചരിത്രത്തിലാദ്യമായി 48 രാജ്യങ്ങൾ പ​ങ്കെടുക്കുന്ന ലോകകപ്പാണ് വരാനിരിക്കുന്നത്. യു​.എസിനൊപ്പം കാനഡയും മെക്സിക്കോയും സംയുക്ത ആതിഥേയരാകുന്നു. ആതിഥേയരായ മൂന്ന് രാജ്യക്കാരും യോഗ്യത നേരത്തേ ഉറപ്പിച്ചവരാണ്. ശേഷിക്കുന്ന സ്​പോട്ടുകൾ വീതിച്ചിരിക്കുന്നത് ഇങ്ങനെ- യുവേഫയിൽ നിന്നും 16 രാജ്യങ്ങൾ. ഏഷ്യയിൽ നിന്ന് എട്ട്, ആഫ്രിക്കയിൽ നിന്നും ഒൻപത്, തെക്കേ അമേരിക്കയിൽ നിന്നും ആറ്, കോൺകകാഫിൽ നിന്നും മൂന്ന്, ഓഷ്യാനിയയിൽ നിന്നും ഒന്ന് എന്നിവർക്ക് നേരിട്ട് യോഗ്യത നേടാം. ​കൂടാതെ ​േപ്ല ഓഫ് സ്​പോട്ടുകളുമുണ്ട്. 

Advertising
Advertising

തെക്കേ അമേരിക്കയിൽ നിന്നും ചാമ്പ്യൻമാരായ അർജന്റീന രാജകീയ എൻ​​ട്രി നടത്തി. യോഗ്യത റൗണ്ടിൽ ഒന്നാമൻമാരായാണ് അർജന്റീനയുടെ വരവ്. പിന്നാലെ രണ്ടാമതായി ഇക്വഡോറും മൂന്നാമതായി കൊളംബിയയുമെത്തി. നാലാംസ്ഥാനക്കാനായി ഉറുഗ്വായും അഞ്ചാം സ്ഥാനക്കാരായി ബ്രസീലുമെത്തി. ആറാം സ്ഥാനക്കായ പരാഗ്വക്കും ഇക്കുറി യോഗ്യതയുണ്ട്. ഇതിൽ പരാഗ്വ 2010ന് ശേഷം ആദ്യമായാണ് ലോകകപ്പിനെത്തുന്നത്. ഏഴാമതായ ബൊളീവിയ ​​േപ്ല ഓഫിലേക്ക് കടന്നു. പെറുവും ചിലിയും വെന​​സ്വേലയും പുറത്തായി.


മൊറോക്കോ, ടുനീഷ്യ, ഈജിപ്ത്, അൾജീരിയ,ഘാന, കേപ്പ് വെർഡെ, ദക്ഷിണാഫ്രിക്ക, സെനഗൽ, ഐവറിക്കോസ്റ്റ് എന്നിവരാണ് ആഫ്രിക്കയിൽ നിന്നും ഇതിനോടകം ടിക്കറ്റെടുത്തത്. ഇതിൽ കേപ് വെർഡെ ആദ്യമായാണ് ലോകകപ്പിന് വരുന്നത്. അഞ്ച് ലക്ഷം മാത്രം ജനസംഖ്യയു​ള്ള കേപ്പ് വെർഡെ ഇതിനോടകം വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. 2010ന് ശേഷം അഥവാ ആതിഥേയത്വം വഹിച്ച ലോകകപ്പിന് ശേഷം ആദ്യമായാണ് ബഫാന ബഫാന എന്ന വിളിപ്പേരുള്ള ദക്ഷിണാഫ്രിക്ക ലോകകപ്പിനെത്തുന്നത്. ലോകകപ്പിലെ സ്ഥിരം സാന്നിധ്യക്കാരായ നൈജീരിയ ലോകകപ്പിന് ഉണ്ടാകില്ലെന്ന തോന്നലുണ്ടായിരുന്നുവെങ്കിലും ഗോൾ ശരാശരിയുടെ ബലത്തിൽ ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരനായി അവർ ​േപ്ല ഓഫ് കളിക്കാനൊരുങ്ങുകയാണ്. കേപ്പ് വെർഡെയുടെ തേരോട്ടത്തിൽ പകച്ച കാമറൂണും ​േപ്ല ഓഫ് കടമ്പ കടക്കണം.

കോൺകകാഫിൽ നിന്നും സുരിനാം, ജമൈക്ക, ഹോണ്ടുറാസ് എന്നിവർ ഉറപ്പിച്ചു. കോസ്റ്ററിക്കയും പനാമക്കും ​​േപ്ല ഓഫിലൂടെ കടക്കാമെന്ന പ്രതീക്ഷയുണ്ട്. ഓഷ്യാനിയ മേഖലയിൽ നിന്നും പ്രതീക്ഷിച്ച പോലെ ന്യൂസിലാൻഡ് ലോകകപ്പിനെത്തി.

കനത്ത പോരാട്ടത്തിനാണ് ഏഷ്യ ഇക്കുറി സാക്ഷിയായത്. ഇറാൻ ഉസ്ബെക്കിസ്താൻ, ദക്ഷിണകൊറിയ, ജോർഡൻ, ജപ്പാൻ, ആസ്ട്രേലിയ എന്നിവർ നേരിട്ട് ടിക്കറ്റെടുത്തു. ഗ്രൂപ്പുകളിൽ മൂന്നും നാലും സ്ഥാനക്കാരാകുന്നവരെ വെച്ച് വീണ്ടുമൊരു റൗണ്ട് മത്സരങ്ങൾ നടത്തി. അതിലൂടെ ഖത്തറും സൗദിയും ടിക്കറ്റെടുത്തു. ബാക്കിയുള്ള ഒരു സ്​പോട്ടിലേക്ക് യു.എ.ഇ അല്ലെങ്കിൽ ഇറാഖ് എത്താനാണ് സാധ്യത. ഏഷ്യയിൽ നിന്നും വരുന്നവരിൽ രണ്ട് പേർ പുതുമുഖക്കാരാണ്. ഉസ്ബെക്കിസ്ഥാനും ജോർഡാനുമാണത്. പോയ തവണ ആതിഥേയരായി സ്​പോട്ടുറപ്പിച്ച ഖത്തർ ഇക്കുറി കളിച്ചുതന്നെ അത് നേടി. ഏഷ്യയിൽ നിന്നുമുള്ള മറ്റ് പേരുകളെല്ലാം സ്ഥിരസാന്നിധ്യക്കാർ തന്നെയാണ്.

ഇനിയുള്ളത് യൂറോപ്പാണ്. ഇതുവരെയും തീരുമാനമാകാത്തതും അവിടെയാണ്. യൂറോപ്പിൽ എമുതൽ എൽ വരെയുള്ള 12 ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ. ഈ 12 ഗ്രൂപ്പുകളിലെയും ചാമ്പ്യൻമാർ ലോകകപ്പ് കളിക്കും. കൂടാതെ 12 റേണ്ണേഴ്സ് അപ്പും നേഷൻസ് ലീഗിൽ മികച്ച പ്രകടനം നടത്തിയ ഇതിന് പുറത്തുള്ള ടീമുകളെയും ഉൾപ്പെടുത്തി സെക്കൻഡ് റൗണ്ട് ​േപ്ല നടത്തും. ഇതിൽ നിന്നും നാല് ടീമുകൾക്ക് കൂടി എൻട്രി കൊടുക്കും.

ഗ്രൂപ്പ് എയിൽ നാല് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ജർമനിയും സ്ളോവാക്യയും ഒമ്പത് പോയന്റുമായി ഒപ്പത്തിനൊപ്പം നിൽക്കുന്നു. ഗ്രൂപ്പ് ബിയിൽ സ്വിറ്റ്സർലാൻഡാണ് ഒന്നാമത്. ഏഴ് പോയന്റുള്ള കൊസോവാ രണ്ടാമതായപ്പോൾ വെറും ഒരു പോയന്റുള്ള സ്വീഡൻ അമ്പേ പരാജയമായി. ഗ്രൂപ്പ് സിയിൽ ഡെന്മാർക്കും സ്കോട്ട്‍ലാൻഡും 10 പോയന്റുമായി ഒപ്പത്തിനൊപ്പം. ഗ്രൂപ്പ് ഡിയിൽ പത്ത് പോയന്റുള്ള ഫ്രാൻസ് ഒന്നാമതും ഏഴ് പോയന്റുള്ള യുക്രൈയ്ൻ രണ്ടാമതുമാണ്. ഗ്രൂപ്പ് ഇയിൽ സ്​പെയിൻ 12 പോയന്റുമായി ഏതാണ്ട് ഉറപ്പിച്ചു. ഒൻപത് പോയന്റുള്ള തുർക്കി രണ്ടാമത് നിൽക്കുന്നു. ഗ്രൂപ്പ് എഫിൽ പത്ത് പോയന്റുള്ള പോർച്ചുഗലിനും ആശങ്കകകളില്ല. കാരണം രണ്ടാമതുള്ള ഹംഗറിക്ക് അഞ്ച് പോയന്റേ ഉള്ളൂ.

ചില ഗ്രൂപ്പുകളിൽ നാല് രാജ്യങ്ങളുള്ളപ്പോൾ മറ്റു ചില ഗ്രൂപ്പുകളിൽ അഞ്ച് ടീമുകളുണ്ട്. ഗ്രൂപ്പ് ‘ജി’യിൽ ആറ് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 16 പോയന്റുള്ള നെതർലൻഡ്സ് ഒന്നാമതും 13 പോയന്റുള്ള പോളണ്ട് രണ്ടാമതും നിൽക്കുന്നു. ഗ്രൂപ്പ് ‘എച്ചിൽ’ ഓസ്ട്രിയ ഒന്നാമതും ബോസ്നിയ രണ്ടാമതുമാണ്. ഗ്രൂപ്പ് ‘ഐ’യിലേക്ക് വന്നാൽ മിന്നും ഫോമിലുള്ള ​നോർവേ ആറിൽ ആറും വിജയിച്ച് 18 പോയന്റുമായി ഉറപ്പിച്ചു. 15 പോയന്റുള്ള ഇറ്റലി രണ്ടാമതായി ​േപ്ല ഓഫിന് കാത്തിരിക്കുന്നു. രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് വാർത്തകളിൽ ഇടം പിടിച്ച ഇസ്രായേൽ നോർവെയോടും ഇറ്റലിയോടും തോറ്റ് പുറത്തായി. ​ഗ്രൂപ്പ് ‘ജെ’യിൽ ബെൽജിയം, ഗ്രൂപ്പ് ‘കെ’യിൽ ഇംഗ്ലണ്ട്, ഗ്രൂപ്പ് ‘എല്ലി’ൽ ക്രെ​ായേഷ്യ എന്നിവരാണ് ഒന്നാമതുള്ളത്. ലാത്വിയയെ എതിരില്ലാത്ത അഞ്ച് ഗോളിന് തോൽപ്പിച്ച് ഇംഗ്ലണ്ട് യോഗ്യത ഉറപ്പിക്കുന്ന ആദ്യ യൂറോപൻ്യ രാജ്യമായിരുന്നു. ഗ്രുപ്പ് എല്ലിൽ രണ്ടാം​ ക്രൊയേഷ്യക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരാകാൻ കുടത്ത മത്സരമാണ്. 13 പോയന്റുള്ള ചെക്ക് റിപ്പബ്ലിക്കും 12 പോയന്റുള്ള ഫറോവ ഐലൻഡുമാണ് മത്സരം. വെറും 50000 പേർ മാത്രം അധിവസിക്കുന്ന ഒരു സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി മാത്രമുള്ള ഫറോവ ഐലൻഡ്സ് ചെക്ക് റിപ്പബ്ലിക്കിനെ തോൽപ്പിച്ചതും വലിയ വാർത്തയായിരുന്നു.

യൂറോപ്പിലേത് ഏതാണ്ട് തീരുമാനമാകണമെങ്കിൽ നവംബർ മാസത്തിലെ യോഗ്യത റൗണ്ടുകൾ കൂടി അവസാനിക്കണം. അതിന് ശേഷം 2026 മാർച്ചിൽ നടക്കുന്ന ​േപ്ല ഓഫ് മത്സരങ്ങൾ കൂടി അവസാനിച്ചതിന് ശേഷം മാത്രമേ അന്തിമ പട്ടികയാകൂ. ടീമുകളു​ടെ എണ്ണം 48 ആക്കി ഉയർത്തിയതോടെ ഇക്കുറി കാര്യമായ മിസ്സിങ്ങുകൾ ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കാം. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News