ഒന്നരപ്പതിറ്റാണ്ടിന് ശേഷം ഒരു അർജന്റീനക്കാരൻ റയലിൽ, മെസ്സിയുടെ ആരാധകനായ മസ്തന്റുവാനോ

Update: 2025-08-20 12:22 GMT

2025 - 26 സീസണിലെ റയലിന്റെ ആദ്യ ലാ ലിഗ മത്സരം. ഒസാസുനക്കെതിരെ സ്വന്തം മൈതാനത്തിറങ്ങുമ്പോൾ നിറഞ്ഞ കയ്യടികൾ കൊണ്ട് ഗാലറി സാബിയെയും സംഘത്തെയും വരവേറ്റു. മത്സരത്തിന്റെ 67ാം മിനുട്ടിൽ ബ്രഹീം ഡിയാസിനെ പിൻവലിച്ച് സാബി ഒരു പതിനെട്ടുക്കാരനെ കളത്തിലേക്ക് ഇറക്കി. പേര് ഫ്രാങ്കോ മസ്തന്റുവാനോ. ഒരു പതിറ്റാണ്ടിന് ശേഷം റയൽ ടീമിലെത്തിച്ച ഒരു അർജന്റീനക്കാരൻ. സെപ്റ്റംബർ 4നും 9നും നടക്കേണ്ട ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ​ മെസ്സിക്കൊപ്പം ഇടംപിടിച്ചവൻ. 2010ൽ ബെനഫിക്കയിൽ നിന്നും എയ്ഞ്ചൽ ഡി മരിയ വന്ന ശേഷമുള്ള റയലിന്റെ ആദ്യത്തെ അർജന്റൈൻ സൈനിങ്ങാണിത്. രണ്ട് വർഷം റയലിനൊപ്പം പന്ത് തട്ടിയ നിക്കോ പാസ് സ്‌പെയിനിൽ ജനിക്കുകയും പിന്നീട് അർജന്റീനിയൻ പൗരത്വം സ്വീകരിക്കുകയും ചെയ്ത വ്യക്തിയാണ്.

Advertising
Advertising

ഫ്രാങ്കോ ഒസാസുനക്കെതിരെ ആകെ കളിച്ചത് 23 മിനുട്ട് മാത്രം. 89 ശതമാനം പാസ് അക്യൂറസി, എതിർ ബോക്സിൽ മൂന്ന് ടച്ചുകൾ, രണ്ട് ബോൾ റിക്കവറികൾ, നാലിൽ രണ്ട് ഗ്രൗണ്ട് ഡ്യൂവലുകൾ വിജയിച്ചു, ഒരു സക്സസ്ഫുൾ ക്രോസ് എന്നിങ്ങനെ കളിച്ച സമയമത്രെയും താരം മൈതാനത്ത് നിറഞ്ഞു നിന്നു.

2007 ആഗസ്റ്റ് 14 ന് അർജന്റീനയിലെ ബ്യുണസ് ഐറിസിൽ ജനനം. ഇറ്റാലിയൻ വേരുള്ള താരം ഫുടബോളിന്റെ ബാല പാഠങ്ങൾ തന്റെ അച്ഛനിൽ നിന്നുമാണ് പഠിച്ചത്. കുട്ടികാലത്ത് ടെന്നിസിലും മികവ് പുലർത്തിയ താരം 11 ആം വയസ്സിൽ ക്ലബ് സെമന്റോയിൽ ചേരുന്നു. വൈകാതെ ആ ബാലന്റെ പ്രതിഭയിൽ റിവർപ്ലേറ്റ് സ്കൗട്ടിങ് ടീം കണ്ണുവെക്കുന്നു. പിന്നാലെ 2019ൽ റിവർപ്ലേറ്റ് അക്കാഡമിയിലേക്ക്. ഇടത് കാല് കൊണ്ട് പാസുകൾ നെയ്യാനും ലോങ് റേഞ്ചറുകൾ അടിക്കാനുമുള്ള അസാമാന്യ മികവ് താരത്തിന്റെ പ്രതിഭ വെളിവാക്കി. 2023 ഓഗസ്റ്റിൽ പ്രൊഫഷണൽ കോൺട്രാക്റ്റിൽ പേര് പതിയുമ്പോൾ പ്രായം 16 മാത്രം. താരത്തിന്റെ വിലയറിയാവുന്ന റിവർപ്ലേറ്റ് വെച്ചത് 20 മില്യണിന്റെ റിലീസ് ക്ലോസ്. 2024 ജനുവരിയിൽ സീനിയർ ടീമിൽ അരങ്ങേറ്റം. റിവർപ്ലേറ്റ് കുപ്പായമണിയുന്ന ഏറ്റവും പ്രായം കുറഞ്ഞവരിൽ ഒരാൾ. റിവർപ്ലേറ്റ് കോച്ചായി മാർസെലേ ഗള്ളാർഡോ എത്തിയതോടെ താരത്തിന് ടീമിൽ കീറോൾ തന്നെ നൽകി. റൈറ്റ് വിങ്ങിൽ ഉപയോഗിച്ച താരത്തിന്റെ ഡ്രിബിളിങ് പാടവവും പവർഫുൾ ​ഷൂട്ടുകളും മൈതാനത്ത് പലകുറി കണ്ടു.

ലയണൽ മെസ്സിയെ ആരാധിച്ചുനടന്ന മസ്തന്റുവാനോയുടെ നിയോഗം പക്ഷേ മറ്റൊന്നായിരുന്നു. 45 മില്യൺ നൽകി ക്ലബിൽ നിന്നും താരത്തെ സ്വന്തമാക്കിയത് റയൽ മാഡ്രിഡ്. റിവർപ്ലേറ്റിനെ സംബന്ധിച്ചിട​ത്തോളം അവരുടെ എക്കാലത്തെയും റെക്കോർഡ് ട്രാൻസ്ഫർ. 2022ൽ എൻസോ ഫെർണാണ്ടിനെ ബെൻഫിക്ക കൊണ്ടുപോയ 44 മില്യണിന്റെ റെക്കോർഡാണ് ഇതോടെ വീണത്. ഒരുവർഷത്തോളമായി കണ്ണുവെച്ച താരത്തെ ബെർണബ്യൂവിലെത്തിച്ച സന്തോഷമായിരുന്നു റയലിന്. പിഎസ്ജിയും ലൂയിസ് എന്റിക്വയും കണ്ണുവെച്ചിരുന്നെങ്കിലും സാബിയുടെ പ്രത്യേക ഇടപെടലിന്റെ കൂടി ബലത്തിലാണ് താരം മാഡ്രിഡിലെത്തുന്നത്.

പക്ഷേ 18 വയസ്സ് തികയാത്ത പുറം രാജ്യക്കാരനായ ഒരാളെ ടീമിലെടുക്കുന്നതും ട്രെയിൻ ചെയ്യിക്കുന്നതും സ്പാനിഷ് നിയമങ്ങൾക്ക് വിരുദ്ധമാണ്. അതുകൊണ്ട് തന്നെ 18 വയസ്സ് തികയുന്ന ഓഗസ്റ്റ് 14ന് ​ഫ്ലോറന്റീനോ പെരസ് താരത്തെ ടീമിൽ എത്തിച്ചു. റയൽ കുപ്പായമണിഞ്ഞ അർജന്റീനയുടെ അഭിമാനതാരങ്ങളുടെ നിരയിലേക്ക് ഫ്രാങ്കോയും തന്റെ പേര് ചേർത്തു. ​​'ബെർണബ്യൂ നിങ്ങളെ കാത്തിരിക്കുകയാണ്. ആദ്യമായും അവസാനമായും മാഡ്രിഡിസ്റ്റകളായ താരങ്ങൾക്കൊപ്പം നിങ്ങളും ഡ്രസിങ് റൂം പങ്കിടാൻ പോകുകയാണ്. ഇന്ന് മുതൽ 15 യൂറോപ്യൻ കിരീടങ്ങൾ നേടിയ റയൽ കുപ്പായം നിങ്ങളുമണിയും' - ഫ്ലോറന്റീനോ പെരസ് താരത്തിന് ക്ലബിലേക്ക് സ്വാഗതമോതി.

ഒരു ഫുട്‍ബോളറെന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലും എന്റെ സ്വപ്നം ഇവിടെ പൂവണിയുകയാണ്. ലോകത്തെ ഏറ്റവും വലിയ ക്ലബിൽ ഞാൻ ചേർന്നിരിക്കുന്നു. ഈ കുപ്പായത്തിനായി ഞാൻ എന്റെ ജീവിതം തന്നെ നൽകുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു- മസ്തന്റുവാനോ മറുപടിയായി പറഞ്ഞു.

താരത്തിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ചില പ്രതിസന്ധികളുണ്ടായിരുന്നു. റിസർവ് ടീം കളിക്കാരനായി രജിസ്റ്റർ ചെയ്ത താരത്തെ ഫസ്റ്റ് ഇലവനിൽ കളിപ്പിച്ചത് പലരും വിവാദമാക്കുന്നുണ്ട്. എന്നാൽ റിസർവ് ടീമിൽ രജിസ്റ്റർ ചെയ്ത താരത്തെ കളിപ്പിക്കുന്ന സ്വാഭാവികമാണെന്ന് പറഞ്ഞ ഒസാസുന ഇതിനെതിരെ പരാതിക്കില്ലെന്നും പറഞ്ഞു. സാധാരണ ഗതിയിൽ 1 മുതൽ 25 വരെയുള്ള ജഴ്സി നമ്പറുകളാണ് ലാലിഗ താരങ്ങൾ അണിറാറള്ളത്. എന്നാൽ റിവർ​പ്ലേറ്റിലെ ജഴ്സി നമ്പറായ 30 തന്നെയാണ് താരത്തിന് റയൽ നൽകിയിരിക്കുന്നത്.

ആൽഫ്രെഡോ ഡി​സ്റ്റെഫാനോ, ഹാവിയർ സാവിയോള, ഏഞ്ചൽ ഡിമരിയ, ഗോൺസാലോ ഹിഗ്വൻ, എസ്തെബൻ കാമ്പിയാസോ എന്നിങ്ങനെ നീളുന്ന അർജന്റൈൻ മാഡ്രിഡിസ്റ്റകൾ ഏറെയുണ്ട്. മസ്തന്റുവാനോയുടെ റയൽ മാഡ്രിഡ് കരിയർ എങ്ങനെ അവസാനിക്കും? കാത്തിരിക്കാം.

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News