പരിക്ക്: സഹലില്ലാതെ കൊൽക്കത്തൻ മുറ്റത്ത് കേരള ബ്ലാസ്റ്റേഴ്‌സ്‌

18 മത്സരങ്ങളിലായി മൊത്തം 1201 മിനുറ്റുകൾ പന്തുതട്ടിയ സഹൽ മൂന്ന് ഗോളുകൾ നേടിയതിനൊപ്പം, 2 ഗോളുകൾക്ക് വഴിയും ഒരുക്കി

Update: 2023-02-18 11:31 GMT
Editor : rishad | By : Web Desk
സഹല്‍ അബ്ദുല്‍ സമദ്
Advertising

കൊൽക്കത്ത: പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും എ.ടി.കെ മോഹൻ ബഗാനെതിരായ മത്സരത്തിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് 'തിരിച്ചടി'. സ്റ്റാർ സ്‌ട്രൈക്കറും മലയാളി താരവുമായ സഹൽ അബ്ദുൽ സമദ് എടികെയ്‌ക്കെതിരായ മത്സരത്തിനുണ്ടാവില്ല. ഒരർഥത്തിൽ ബ്ലാസ്റ്റേഴ്‌സിന് സഹലിന്റെ പരിക്ക് തിരിച്ചടിയില്ലെങ്കിലും പ്ലേഓഫ് സ്വന്തം മൈതാനത്ത് കളിക്കണമെങ്കിൽ പോയിന്റ് പട്ടികയിൽ മൂന്നാംസ്ഥാനത്തോ നാലാം സ്ഥാനത്തോ നിൽക്കണം.

ഈ രണ്ട് സ്ഥാനത്തുള്ളവർക്കാണ് ഹോംഗ്രൗണ്ടിൽ പ്ലേഓഫ് കളിക്കാൻ അവസരമുണ്ടാകുക. നിലവിൽ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് തന്നെയാണ്. പരിക്കിന്റെ ചെറിയ പ്രശ്നങ്ങൾ അലട്ടുന്നതിനാലാണ് താരം വിട്ടുനില്‍ക്കുന്നത്. ടീമിനൊപ്പം സഹല്‍ കൊല്‍ക്കത്തയിലേക്ക് പോയിട്ടില്ല. അതേസമയം സ്കാനിങില്‍ പരിക്ക് ഗുരുതരമല്ലെന്നും അടുത്ത മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാവുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

ഈ സീസണിൽ കേരളബ്ലാസ്റ്റേഴ്‌സിന്റെ എല്ലാ മത്സരങ്ങളിലും സഹൽ കളിച്ചിട്ടുണ്ട്. 18 മത്സരങ്ങളിലായി മൊത്തം 1201 മിനുറ്റുകൾ പന്തുതട്ടിയ സഹൽ മൂന്ന് ഗോളുകൾ നേടിയതിനൊപ്പം, 2 ഗോളുകൾക്ക് വഴിയും ഒരുക്കി. കഴിഞ്ഞ കുറച്ച് മത്സരങ്ങളായി അത്ര ഫോമിൽ അല്ലായിരുന്നുവെങ്കിലും ഏത് സമയത്തും ഗോളടിക്കാന്‍ കഴിവുള്ള സഹലിനെപ്പൊലൊരു താരത്തിന്റെ അഭാവം ബ്ലാസ്റ്റേഴ്സിന് ക്ഷീണമാണ്.  സഹലിന് പകരം  യുവ താരമായ ബ്രൈസ് മിറാൻഡ ബ്ലാസ്റ്റേഴ്സ് ഇലവനിലെത്തിയേക്കും. 

നേരത്തെ, സ്വന്തം തട്ടകത്തില്‍ പോരിനിറങ്ങിയപ്പോള്‍ എടികെ ബഗാന്‍ രണ്ടിനെതിരെ അഞ്ച് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സിനെ നാണംകെടുത്തിയത്. അതേസമയം അവസാന നാല് എവേ മത്സരത്തിലും തോല്‍വി നേരിട്ട ബ്ലാസ്റ്റേഴ്‌സ് അഡ്രിയന്‍ ലൂണ ഇല്ലാതെയാവും ഇറങ്ങുക. നാല് മഞ്ഞക്കാര്‍ഡ് കിട്ടിയതോടെയാണ് ലൂണ വിലക്ക് നേരിട്ടത്. പരിക്കില്‍ നിന്ന് മുക്തനായ മാര്‍കോ ലെസ്‌കോവിച്ച് ടീമില്‍ തിരിച്ചെത്തുമ്പോള്‍ പ്രതിരോധനിരയിലെ പാളിച്ചകള്‍ക്ക് ഒരുപരിധിവരെ പരിഹാരമാവും. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News