'സൂപ്പർ കപ്പും ഐ.എസ്.എലും ഈ വർഷം നടക്കും' ; കല്യാൺ ചൗബേ
ചിലവ് ചുരുക്കലിന്റെ ഭാഗമായി സൂപ്പർ കപ്പ് ഘടനയിൽ മാറ്റങ്ങൾ വരുത്താൻ സാധ്യത
ന്യൂ ഡൽഹി : അനിശ്ചിതത്വത്തിൽ തുടരുന്ന ഐ.എസ്.എൽ മത്സരങ്ങൾ ഈ വർഷം തന്നെ നടക്കുമെന്ന് അഖിലേന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ. എഫ്.എസ്.ഡി.എൽ, ഐ,എസ്.എൽ ക്ലബുകൾ എന്നിവരുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
'ക്ലബുകളുടെ ഈ വർഷത്തെ പ്രവർത്തന പ്ലാനിനെ പറ്റി ധാരണ ഉണ്ടാക്കുകയെന്നതായിരുന്നു ഇന്നത്തെ മീറ്റിങ്ങിന്റെ പ്രധാന അജണ്ട. ദേശീയ ടീം കാഫ നേഷൻസ് കപ്പിൽ പങ്കെടുക്കന്നത് കൊണ്ട് സീസണിലെ ടൂർണമെന്റ് ഷെഡ്യൂളിൽ മാറ്റങ്ങൾ ഉണ്ടാവും. പ്രീസീസൺ സെഷനുകൾ ആരംഭിക്കാനും ട്രാൻസ്ഫർ ജാലകത്തിൽ താരങ്ങളെ ടീമിലെത്തിക്കാനും ആവിശ്യപ്പെട്ടിട്ടുണ്ട്' ചൗബേ മാധ്യമങ്ങളോട് പറഞ്ഞു.
ഐ.എസ്.എലും സൂപ്പർ കപ്പും ഈ വർഷം തന്നെ നടക്കും. ഐ.എസ്.എല്ലിന് മുമ്പായിരിക്കും സൂപ്പർ കപ്പ് നടക്കുക.' ചൗബേ അറിയിച്ചു . ചിലവ് ചുരുക്കലിന്റെ ഭാഗമായി സൂപ്പർ കപ്പ് ഘടനയിൽ മാറ്റങ്ങൾ വരുത്താനും സാധ്യതകൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'രണ്ടാഴ്ചക്കകം വീണ്ടുമൊരു മീറ്റിംഗ് കൂടി നടക്കുന്നുണ്ട്. അതിൽ സൂപ്പർ കപ്പ് തീയതികളും ഫോർമാറ്റും തീരുമാനിക്കും' ചൗബേ പറഞ്ഞു.
'അന്തിമ വിധി കോടതിയുടെ കയ്യിലാണ്. തീരുമാനങ്ങൾ വേഗത്തിലാക്കാൻ ഞങ്ങൾ അപേക്ഷ നൽകിയിട്ടുണ്ട്' ഫെഡറേഷൻ വൈസ് പ്രസിഡന്റ് എൻ.എ ഹാരിസ് പറഞ്ഞു. ഒഡീഷ, മോഹൻ ബഗാൻ ക്ലബുകൾ ഓൺലൈനായും മറ്റു ക്ലബ് പ്രതിനിധികൾ നേരിട്ടും മീറ്റിങ്ങിന്റെ ഭാഗമായി.
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് , എഫ്‌സി ഗോവ, പഞ്ചാബ് എഫ്‌സി പ്രതിനിധികൾക്ക് പുറമെ എ.ഐ.എഫ്.എഫ് ബോർഡ് അംഗങ്ങളായ കിപ അജയ്, എം. സത്യനാരായൺ, മെൻലാ എതമ്പാ എന്നിവർ പ്രസ് മീറ്റിൽ പങ്കെടുത്തു.