മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ കോച്ചാകാത്തതിന് കാരണം അവരുടെ മനോഭാവം - യുർഗൻ ക്ലോപ്പ്
ലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ മാനേജർ ആകാനുള്ള അവസരം നിരസിച്ചതിൽ വിശദീകരണവുമായി ലിവർപൂളിന്റെ ഇതിഹാസ പരിശീലകൻ യുർഗൻ ക്ലോപ്പ്. ക്ലബ്ബിന്റെ മനോഭാവവും സമീപനവുമാണ് തന്നെ കോച്ചാകുന്നതിൽ നിന്നും പിന്തിരിപ്പിച്ചതെന്നാണ് ക്ലോപ്പിന്റെ പ്രതികരണം. അലക്‌സ് ഫെർഗൂസൻ വിരമിക്കുന്ന സമയത്താണ് മാഞ്ചസ്റ്റർ യുനൈറ്റഡ് തന്നെ സമീപിച്ചതെന്നും ക്ലോപ്പ് ഒരു പോഡ്കാസ്റ്റിനിടെ വെളിപ്പെടുത്തി.
"'നിങ്ങൾക്ക് ആവശ്യമുള്ള എല്ലാ കളിക്കാരെയും ഞങ്ങൾ വാങ്ങിത്തരാം, അവനെത്തരാം ഇവനെത്തരാം എന്നൊക്കെയായിരുന്നു അവരുടെ സംസാരം. ഇത് എനിക്ക് പറ്റിയ പദ്ധതിയല്ലെന്ന് ഞാനപ്പോഴേ ഉറപ്പിച്ചു. പോഗ്ബ മികച്ച കളിക്കാരനായിരിക്കാം, പക്ഷേ തിരിച്ചുകൊണ്ടുവരുന്നതിനോട് എനിക്ക് യോജിപ്പില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച താരമാണ്. പക്ഷേ ഇവരെയൊന്നും തിരിച്ചുകൊണ്ടുവരുന്നത് ഗുണം ചെയ്യില്ല എന്നാണ് എന്റെ അഭിപ്രായം’’ -ക്ലോപ്പ് പറഞ്ഞു.
"അവർ വിളിച്ചത് തെറ്റായ സമയത്തായിരുന്നു. അതിലുപരി അതെനിക്ക് യോജിച്ച ഇടം ആയിരുന്നില്ല. " -അദ്ദേഹം കൂട്ടിച്ചേർത്തു.
ബൊറൂസിയ ഡോർട്ട്മുണ്ട് കോച്ചായ സമയത്താണ് ക്ലോപ്പിനെ യുനൈറ്റഡ് സമീപിച്ചത്. തനിക്ക് യോജിച്ച പദ്ധതിയാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ലിവർപൂൾ കോച്ചായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു