'പണ്ട് റൊണാൾഡീഞ്ഞോയുടെയും മെസിയുടെയുമെല്ലാം ലാലിഗ; ഇപ്പോൾ വംശീയവാദികളുടെ ലീഗ്'-പൊട്ടിത്തെറിച്ച് വിനീഷ്യസ് ജൂനിയർ

'എന്നെ സ്വീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്ത രാജ്യമാണിത്. എന്നോട് അംഗീകരിക്കാൻ കഴിയാത്ത സ്‌പെയിനുകാർ ക്ഷമിക്കണം. ഇപ്പോൾ ബ്രസീലിൽ വംശീയവാദികളുടെ രാജ്യമായാണ് സ്‌പെയിൻ അറിയപ്പെടുന്നത്.'

Update: 2023-05-22 12:24 GMT
Editor : Shaheer | By : Web Desk
Advertising

മാഡ്രിഡ്: വലെൻസിയയ്‌ക്കെതിരായ തോൽവിക്കു പിന്നാലെ കടുത്ത വംശീയാക്രമണവും അധിക്ഷേപവുമാണ് റയൽ മാഡ്രിഡിന്റെ ബ്രസീൽ താരം വിനീഷ്യസ് ജൂനിയറിനെതിരെ നടക്കുന്നത്. അധിക്ഷേപങ്ങൾക്കു പിന്നാലെ കരഞ്ഞുകൊണ്ടായിരുന്നു താരം മത്സരത്തിനുശേഷം ഗ്രൗണ്ട് വിട്ടത്. ഇപ്പോൾ വംശീയാധിക്ഷേപങ്ങളെക്കുറിച്ച് താരം തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്.

ഇത് ആദ്യത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ സംഭവമല്ലെന്ന് വിനീഷ്യസ് പറഞ്ഞു. ലാലിഗയിൽ വംശീയത സാധാരണ സംഭവമാണ്. ടൂർണമെന്റും (സ്പാനിഷ് ഫുട്‌ബോൾ) ഫെഡറേഷനും ഇതൊരു സ്വാഭാവിക സംഗതിയായാണ് കരുതുന്നത്. അതുകൊണ്ടു തന്നെ എതിരാളികൾ ഇതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് വിനീഷ്യസ് ചൂണ്ടിക്കാട്ടി.

പണ്ട് റൊണാൾഡീഞ്ഞോയും റൊണാൾഡോയും ക്രിസ്റ്റിയാനോ റൊണാൾഡോയും മെസിയുടെയുമെല്ലാം പേരിൽ അറിയപ്പെട്ട ലീഗാണ്. ഇപ്പോൾ വംശീയവാദികളുടെ ലീഗാണിത്. എന്നെ സ്വീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്ത രാജ്യമാണിത്. എന്നോട് അംഗീകരിക്കാൻ കഴിയാത്ത സ്‌പെയിനുകാർ ക്ഷമിക്കണം. ഇപ്പോൾ ബ്രസീലിൽ വംശീയവാദികളുടെ രാജ്യമായാണ് സ്‌പെയിൻ അറിയപ്പെടുന്നത്. നിർഭാഗ്യവശാൽ, ഓരോ ആഴ്ചയും ഇതിങ്ങനെ സംഭവിക്കുമ്പോൾ രാജ്യത്തെ പ്രതിരോധിക്കാൻ ഞാൻ അശക്തനാണ്-വിനീഷ്യസ് തുറന്നടിച്ചു.

വിനീഷ്യസിനെതിരായ വംശീയാധിക്ഷേപത്തിൽ ബ്രസീൽ ഫുട്‌ബോൾ ഫെഡറേഷൻ(സി.ബി.എഫ്) രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. ഇനിയും എത്രകാലം ഇത് അനുഭവിക്കണം? 21-ാം നൂറ്റാണ്ടിന്റെ മധ്യത്തിലും ഇത്തരം സംഭവങ്ങൾക്കു സാക്ഷിയാകേണ്ടിവരുന്നു. വംശീയത നിലനിൽക്കുന്നിടത്ത് സന്തോഷമില്ല. വംശീയ ക്രൂരതകളെ എത്രകാലം മാനുഷികകുലം ഇങ്ങനെ കാഴ്ചക്കാരനെപ്പോലെ നോക്കിൽക്കുമെന്നും സി.ബി.എഫ് പ്രസിഡന്റ് എഡ്‌നാൾഡോ റോഡ്രിഗസ് ചോദിച്ചു. എല്ലാ ബ്രസീലുകാരും ഒപ്പമുണ്ടെന്ന് റോഡ്രിഗസ് വിനീഷ്യസിന് ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു.

സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നാണ് ലാലിഗ പ്രതികരിച്ചത്. കുറ്റകൃത്യം കണ്ടെത്തിയാൽ കടുത്ത നടപടിയുണ്ടാകുമെന്നും ലാലിഗ വൃത്തങ്ങൾ വാർത്താകുറിപ്പിൽ അറിയിച്ചു.

Summary: 'Laliga was once belonged to Ronaldinho, Ronaldo, Cristiano (Ronaldo) and (Leo) Messi, now belongs to racists'; alleges Vinicius Junior after Valencia match racist attack

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News