പന്ത്രണ്ട് കളി, അഞ്ചു ഗോൾ, ഏഴ് അസിസ്റ്റ്; കത്തിപ്പടർന്ന് ഇൻസിന്യെ

സീരി എയിൽ നപ്പോളിയുടെ ക്യാപ്റ്റനും സ്‌ട്രൈക്കറുമാണ് ഇൻസിന്യെ

Update: 2021-06-12 05:09 GMT
Editor : abs | By : Web Desk

പത്താം നമ്പറിന്റെ പേരിനും പെരുമയ്ക്ക് ഒത്ത പ്രകടനം. യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ തുർക്കിക്കെതിരെ ലോറൻസോ ഇൻസിന്യെ പുറത്തെടുത്ത മികവിനെ അങ്ങനെ മാത്രമേ വിശേഷിപ്പിക്കാനാകൂ. റോബർട്ടോ ബാജിയോ അടക്കമുള്ള മഹാരഥന്മാർ അനശ്വരമാക്കിയ ഇറ്റലിയുടെ പത്താം നമ്പർ കുപ്പായത്തിൽ ഇന്നലെ അക്ഷരാർത്ഥത്തിൽ കളം നിറഞ്ഞു ഇൻസിന്യെ.

അതിമനോഹരമായ മൂന്നാം ഗോൾ നേടിയതിന് ഒപ്പം മൂന്ന് അവസരങ്ങളും താരം സൃഷ്ടിച്ചു. കഴിഞ്ഞ 12 കളികളിൽ നിന്ന് അഞ്ചു ഗോളുകളും ഏഴു അസിസ്റ്റുകളുമാണ് താരത്തിന്റെ പേരിലുള്ളത്. എഴുപത്തിയഞ്ചു ശതമാനമാണ് തുർക്കിക്കെതിരെയുള്ള പാസിങ് കൃത്യത. ഗോൾമുഖത്തേക്ക് ഉതിർത്തത് അഞ്ചു ഷോട്ടുകൾ. അതിൽ രണ്ടെണ്ണം ഓൺ ടാർഗറ്റിലേക്കും.

Advertising
Advertising

സീരി എയിൽ നപ്പോളിയുടെ ക്യാപ്റ്റനും സ്‌ട്രൈക്കറുമാണ് ഇൻസിന്യെ. ക്രിസ്റ്റ്യാനോ റൊണാൾഡോ, റൊമേലു ലുക്കാക്കു തുടങ്ങിയ വമ്പന്മാർ മാറ്റുരയ്ക്കുന്ന ലീഗിൽ 19 ഗോളുകളാണ് താരം നേടിയിട്ടുള്ളത്. 2019 ഫെബ്രുവരിയിൽ മരെക് ഹംസിക് ക്ലബ് വിട്ടതോടെയാണ് ഇൻസിന്യെ നപ്പോളിയുടെ ക്യാപ്റ്റനായത്. ഡീഗോ മറഡോണയെ നെഞ്ചിലേറ്റുന്ന ഇൻസിന്യെ തന്റെ ഇടതു കാലിൽ ഇതിഹാസ താരത്തിന്റെ ടാറ്റൂ ചെയ്തിട്ടുണ്ട്. നപ്പോളിയുടെ ഇതിഹാസ താരമായിരുന്നു ഡീഗോ.


ഇറ്റലിയുടെ ദേശീയക്കുപ്പായത്തിൽ ഇതുവരെ 42 കളിയിൽ ബൂട്ടണിഞ്ഞു. ഇതുവരെ ഒമ്പത് ഗോളുകൾ നേടി. 21-ാം വയസ്സിൽ 2012ലായിരുന്നു അരങ്ങേറ്റം. 2014ലെ ഫിഫ ലോകകപ്പ്, 2016 യൂറോ കപ്പ് എന്നിവയിൽ രാജ്യത്തിനായി കളത്തിലിറങ്ങിയിട്ടുണ്ട്.

അതിനിടെ, തുർക്കിക്കെതിരെയുള്ള കളിയിൽ മൂന്ന് ഗോളിനായിരുന്നു ഇറ്റലിയുടെ ജയം. മുന്നേറ്റ നിരയിൽ ഇൻസിന്യെക്ക് ഒപ്പം സിറോ ഇമ്മൊബിലെയും ഡൊമെനിക്കോ ബെറാർഡിയും കളംനിറഞ്ഞു കളിച്ചു. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു മൂന്നു ഗോളുകളും പിറന്നത്. 

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News