ഹാളണ്ട് പത്ത് വര്‍ഷം കൂടി സിറ്റിയിലുണ്ടാവും!! 2034 വരെ കരാര്‍ നീട്ടി ക്ലബ്ബ്
2022 ലാണ് ജർമൻ ക്ലബ്ബായ ബൊറൂഷ്യ ഡോർട്ട്മുണ്ടിൽ നിന്ന് ഹാളണ്ട് സിറ്റിക്കൊപ്പം ചേരുന്നത്
നോർവീജിയൻ സൂപ്പർ താരം എർലിങ് ഹാളണ്ടുമായുള്ള കരാർ പത്ത് വർഷത്തേക്ക് കൂടെ നീട്ടി ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റി. താരം 2034 വരെ സിറ്റിയിൽ തുടരും. 2027 ജൂണിൽ താരത്തിന്റെ കരാർ അവസാനിക്കാനിരിക്കെയാണ് നീണ്ട കാലത്തേക്ക് കരാർ നീട്ടുന്നതായി ക്ലബ്ബ് പ്രഖ്യാപിച്ചത്.
2022 ലാണ് ജർമൻ ക്ലബ്ബായ ബൊറൂഷ്യ ഡോർട്ട്മുണ്ടിൽ നിന്ന് ഹാളണ്ട് ഇത്തിഹാദിൽ എത്തുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ടീമിന്റെ അവിഭാജ്യ ഘടകമായി മാറാൻ താരത്തിനായി. 126 മത്സരങ്ങളിൽ സിറ്റിയുടെ നീലക്കുപ്പായമണിഞ്ഞ 24 കാരൻ 111 തവണ വലകുലുക്കി. അരങ്ങേറ്റ സീസണിൽ തന്നെ ട്രെബിൾ കിരീട നേട്ടം സിറ്റിക്ക് സമ്മാനിക്കാൻ ഹാളണ്ടിനായി. ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ട്രോഫി കിരീടം ഇത്തിഹാദ് ഷെൽഫിലെത്തുമ്പോള്‍ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു ഹാളണ്ട്.
കഴിഞ്ഞ രണ്ട് സീസണുകളിലും പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂട്ട് ഹാളണ്ടിനെ തേടിയെത്തിയിരുന്നു. കുറേക്കാലം കൂടി സിറ്റിയുടെ നീലക്കുപ്പായം അണിയാനാവുന്നത് അഭിമാനകരമായ നേട്ടമാണെന്ന് ഹാളണ്ട് പറഞ്ഞു.