കാസെമിറോ അൽനസ്‌റിലേക്ക്? ചരടുവലിച്ച് ക്രിസ്റ്റ്യാനോ
കാസെമിറോ, റാഫേൽ വരാൻ ഉൾപ്പെടെയുള്ള പരിചയസമ്പന്നരായ താരങ്ങളെ വിൽക്കാൻ മാഞ്ചസ്റ്റർ യുനൈറ്റഡ് നീക്കംനടത്തുന്നുണ്ട്
കാസെമിറോ ക്രിസ്റ്റ്യാനോയ്‍ക്കൊപ്പം
ലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ബ്രസീലിയൻ സൂപ്പർതാരം കാസെമിറോ സൗദി ക്ലബായ അൽനസ്‌റിലേക്കെന്ന് റിപ്പോർട്ട്. യുനൈറ്റഡിലെ സഹതാരം ക്രിസ്റ്റിയാനോ റൊണാൾഡോ തന്നെയാണ് ഇതിനു വേണ്ടി ചരടുവലിക്കുന്നതെന്നാണ് റിപ്പോർട്ട്. തുർക്കി മാധ്യമമായ 'അക്‌സാം' ആണ് വാർത്ത പുറത്തുവിട്ടത്.
കാസെമിറോ, റാഫേൽ വരാൻ, ജാഡൻ സാഞ്ചോ ഉൾപ്പെടെയുള്ള പരിചയസമ്പന്നരായ താരങ്ങളെ വിൽക്കാൻ മാഞ്ചസ്റ്റർ യുനൈറ്റഡ് ആലോചിക്കുന്നതായുള്ള വാർത്ത കഴിഞ്ഞ ദിവസമാണു പുറത്തുവന്നത്. ജനുവരി വിൻഡോയിലാണ് താരങ്ങളെ കൈമാറി പുതിയൊരു നിരയെ സജ്ജമാക്കാൻ മാനേജർ എറിക് ടെൻ ഹാഗിന്റെ നീക്കം. ടെൻ ഹാഗുമായുള്ള പിണക്കത്തെ തുടർന്ന് സാഞ്ചോ ടീമിന് പുറത്താണ്. വരാനും അന്തിമ ഇലവനിനു പുറത്താണുള്ളത്. ഇതോടൊപ്പമാണ് കാസെമിറോയ്ക്കു പകരം മികച്ചൊരു മധ്യനിര താരത്തെ ഇറക്കാനുള്ള നീക്കം നടക്കുന്നത്.
ഈ സീസണിൽ പലപ്പോഴും അവഗണന നേരിട്ടതായുള്ള പരിഭവം കാസെമിറോയ്ക്കുണ്ട്. അതൃപ്തിയോടെയാണ് യുനൈറ്റഡിൽ താരം തുടരുന്നത്. ഇതിനിടെ ട്രാൻസ്ഫർ റിപ്പോർട്ടുകൾ കൂടി വന്നതോടെയാണു കാസി പുതിയ തട്ടകം തേടുന്നത്.
സൗദി പ്രോ ലീഗിലെ കരുത്തരായ അൽനസ്‌റിന് കാസെമിറോയിൽ കണ്ണുണ്ട്. 54.5 മില്യൻ ഡോളർ മുടക്കി താരത്തെ ടീമിലെത്തിക്കാനാണു നീക്കം നടക്കുന്നതെന്നാണു വിവരം. നീക്കം വിജയിച്ചാൽ അൽനസ്‌റിലെത്തുന്ന മൂന്നാമത്തെ യുനൈറ്റഡ് താരമാകും കാസെമിറോ. ക്രിസ്റ്റിയാനോയ്ക്കു പിന്നാലെ അലെക്‌സ് ടെല്ലെസും കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ തന്നെ സൗദി ക്ലബിലെത്തിയിരുന്നു.
Summary: Manchester United star Casemiro set to join Al-Nassr: Reports