നിലവിലെ ചാമ്പ്യന്‍മാരെ തകര്‍ത്ത് മണിപ്പൂര്‍; ജയം എതിരില്ലാത്ത മൂന്ന് ഗോളിന്

മണിപ്പൂരിനെതിരെ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസിന് ദയനീയ തോല്‍വി

Update: 2022-04-17 17:07 GMT

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസിനെ തകര്‍ത്ത് മണിപ്പൂര്‍. എതിരില്ലാത്ത മൂന്ന് ഗോളിനാണ് മണിപ്പൂരിന്‍റെ തകര്‍‌പ്പന്‍ ജയം.  മണിപ്പൂരിനായി നഗറിയാന്‍ബം ജെനിഷ് സിംങ്, ലുന്‍മിന്‍ലെന്‍ ഹോകിപ്, എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. സര്‍വീസസ് പ്രതിരോധ താരം സുനില്‍ സെല്‍ഫ് ഗോളും നേടി.

മത്സരം ആരംഭിച്ച് മിനുട്ടുകള്‍ക്കകം മണിപ്പൂര്‍ ലീഡ് എടുത്തു. 5ാം മിനുട്ടില്‍ മണിപ്പൂര്‍ താരം നഗറിയാന്‍ബം ജെനിഷ് സിങ്ങിന്‍റെ വകയായിരുന്നു ഗോള്‍. ഇടതു വിങ്ങില്‍ നിന്ന് ലഭിച്ച പന്ത് സെകന്‍റ് പോസ്റ്റിന്‍റെ കോര്‍ണറിലേക്ക് ജെനീഷ് അതിമനോഹരമായി അടിച്ചു കയറ്റുകയായിരുന്നു. 

Advertising
Advertising

7ാം മിനുട്ടില്‍ സര്‍വീസസിന് സമനിലക്ക് അവസരം ലഭിച്ചു. വലതു വിങ്ങില്‍ നിന്ന് നീട്ടി നല്‍കിയ പന്ത് സര്‍വീസസ് മധ്യനിരതാരം റൊണാള്‍ഡോ സിങ് ഹെഡ് ചെയ്‌തെങ്കിലും ഗോള്‍ ബാറിന് പുറത്തേക്ക് പോയി.15ാം മിനുട്ടില്‍ സര്‍വീസസ് വീണ്ടും ആക്രമണത്തിന് ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. 18ാം  മിനുട്ടില്‍ മണിപ്പൂര്‍ രണ്ടാം ഗോളിന് ശ്രമിച്ചു. മധ്യനിരയില്‍ നിന്ന് നീട്ടി നല്‍ക്കിയ പാസിന് എതിര്‍ടീമിന്‍റെ ബോക്‌സിലേക്ക് കുതിച്ചു കയറിയ ജെനിഷ് സിങ് ഗോളിന് ശ്രമിച്ചെങ്കിലും സര്‍വീസസ് ഗോള്‍ കീപ്പറുടെ കൃത്യമായ ഇടപടല്‍ രക്ഷപ്പെടുത്തി.

50ാം മിനുട്ടില്‍ മണിപ്പൂര്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. കോര്‍ണര്‍ കിക്കില്‍ നിന്ന് ഉയര്‍ത്തി നല്‍ക്കിയ പന്ത് ലുന്‍മിന്‍ലെന്‍ ഹോകിപ് ഹെഡിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. 74 ാം മിനുട്ടില്‍ സര്‍വീസസ് പ്രതിരോധ താരം മലയാളിയായ സുനില്‍ ബിയുടെ സെല്‍ഫ് ഗോളിലൂടെ മണിപ്പൂര്‍ ലീഡ് മൂന്നാക്കി. ഗോളെന്ന് ഉറപ്പിച്ച അവസരം പ്രതിരോധിക്കാന്‍ ശ്രമിക്കവെയാണ് സെല്‍ഫ് ഗോള്‍ പിറന്നത്. തുടര്‍ന്നും ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചില്ല.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News