റാഷ്‌ഫോഡിനെയെത്തിച്ച് ബാഴ്‌സ; ട്രാൻസ്ഫറിൽ ഇറങ്ങികളിച്ച് കറ്റാലൻ ക്ലബ്
യുണൈറ്റഡിൽ നിന്ന് ലോണിലാണ് ഇംഗ്ലീഷ് താരം സ്പാനിഷ് ക്ലബിലേക്ക് ചേക്കേറുന്നത്.
ക്ലബ് ലോകകപ്പ് അവസാനിച്ചതോടെ യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ട്രാൻസ്ഫർ നീക്കങ്ങൾ ചടുലമായി. ഇംഗ്ലീഷ് ഫുട്ബോളിൽ വലിയ ഡീലുകൾ ഒന്നൊന്നായി അണിയറയിൽ പുരോഗമിക്കുമ്പോൾ സ്പെയിനിൽ നിന്നും ചിലവാർത്തകൾ പുറത്തുവരുന്നു. ഏറെ പ്രതീക്ഷവെച്ച നിക്കോ വില്യംസ് ഡീലിൽ കൈപൊള്ളിയ ബാഴ്‌സലോണ കരുതലോടെയാണ് മാർക്കറ്റിൽ ഇടപെടുന്നത്. ഇനിയൊരു പാളിച്ചയുണ്ടാകരുതെന്ന കൃത്യമായ ബോധ്യത്തോടെയുള്ള നീക്കങ്ങൾ. ലമീൻ യമാലിന്റെ ബാക്ക് അപ്പായി എഫ്സി കോപ്പൻഹേഗനിൽ നിന്ന് റൈറ്റ് വിങർ റൂണി ബാദ്ഗിയെയാണ് കറ്റാലൻമാർ അവസാനമായി കൂടാരത്തിലെത്തിച്ചത്. ദീർഘകാല അഭ്യൂഹമായിരുന്ന മാർക്കസ് റാഷ്‌ഫോഡിന്റെ ഡീലും ഒടുവിൽ യാഥാർത്ഥ്യമായി.
കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ മുതൽ ബാഴ്സയുടെ റഡാറിലുള്ള പ്ലെയറാണ് മാർക്കസ് റാഷ്ഫോഡ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 27 കാരൻ ഇംഗ്ലീഷ് ഫോർവേഡിനെയെത്തിക്കാനുള്ള ശ്രമം അന്ന് യാഥാർത്ഥ്യമായില്ല. ഇതോടെ ജനുവരി വിൻഡോയിൽ ആസ്റ്റൺവില്ലയിലേക്ക് ലോണിൽ പറഞ്ഞുവിടുകയായിരുന്നു യുണൈറ്റഡ്. റൂബൻ അമോറിമിന്റെ പ്ലാനിലുള്ള താരമല്ലെന്ന് ഇതിനകം വ്യക്തമായതോടെ ഇംഗ്ലീഷ് ക്ലബ് ഈ സമ്മറിൽ വിറ്റഴിക്കുന്ന താരങ്ങളിൽ പ്രധാനിയാണ് റാഷ്ഫോഡ്. നിക്കോ വില്യംസിന് പിന്നാലെ ലിവർപൂൾ ഫോർവേഡ് ലൂയിസ് ഡയസിനെ എത്തിക്കാനുള്ള കറ്റാലൻ ശ്രമത്തിനും നിലവിൽ വിധൂര സാധ്യതയാണ് അവശേഷിക്കുന്നത്.
കൊളംബിയൻ താരത്തിനായി ബയേൺ മ്യൂണിക് കാര്യമായ ബിഡ് വെച്ചതോടെ ബാഴ്സ ചിത്രത്തിൽ നിന്ന് ഇല്ലാതായി. ഇതോടെയാണ് ബാഴ്‌സയുടെ ടോപ് ലെഫ്റ്റ് വിങ് ടാർഗറ്റായി റാഷ്‌ഫോഡ് വീണ്ടുമെത്തിയത്. ലോണിൽ ഒരുവർഷത്തേക്കാണ് ഇംഗ്ലീഷ് താരത്തെയെത്തിക്കുന്നതെങ്കിലും സ്ഥിരം കരാറിലെത്താനുള്ള വ്യവസ്ഥയും ഡീലിൽ ഉൾപ്പെട്ടതായാണ് റിപ്പോർട്ട്. യുണൈറ്റഡുമായി 2028 വരെയാണ് താരത്തിന് കരാറുള്ളത്. അതിവേഗ നീക്കങ്ങളുമായി എതിർ ബോക്സിലേക്ക് ഇരമ്പിയെത്തുന്ന റാഷ്ഫോർഡിന്റെ ശൈലി ഹാൻസി ഫ്ളിക്കിന് യോജിച്ചതാണെന്ന് ബാഴ്സയുടെ വിലയിരുത്തൽ. എതിർ ഡിഫൻസിനെ നിഷ്പ്രഭമാക്കുന്ന അതിവേഗ നീക്കങ്ങൾക്കൊപ്പം ഡ്രിബ്ലിങ് പാടവവും ബോൾ കൺഡ്രോളും ഷൂട്ടിങ് എബിലിറ്റിയുമെല്ലാം ഹൈലൈൻ ഡിഫൻസ് കളിക്കുന്ന കറ്റാലൻ പ്ലാനിന് അടുത്തുനിൽക്കുന്നതാണ്.
ഈ സീസണിലെ ബാഴ്സയുടെ സർപ്രൈസ് സൈനിങാണ് റൂണി ബാദ്ജിയുടേത്. ഡാനിഷ് ക്ലബ് കോപ്പൻഹേഗനായി കളംനിറയുന്ന 19 കാരൻ റൈറ്റ് വിങറെ എത്തിക്കുന്നതിലൂടെ അടുത്ത സീസണിൽ യമാലിന് കവചമൊരുക്കുകയാണ് കറ്റാലൻ ക്ലബിന്റെ ലക്ഷ്യം. ചാമ്പ്യൻസ് ലീഗടക്കം ദീർഘ മത്സര ഷെഡ്യൂളിൽ യമാലിന് വിശ്രമം നൽകാനും ബാദ്ജിയെ എത്തിച്ചതിലൂടെ ബാഴ്സക്ക് സാധിക്കും. പന്തടക്കത്തിലും പാസിങിലും ഡ്രിബ്ലിങിലുമെല്ലാം മികച്ചുനിൽക്കുന്ന ടീനേജറെയെത്തിക്കാനായി രണ്ട് മില്യൺ പൗണ്ട് എന്ന താരതമ്യേനെ ചെറിയ തുകയാണ് സ്പാനിഷ് ക്ലബ് ചെലവിട്ടത്.
ആഴ്ചകൾക്ക് മുൻപ് എസ്പാനിയോളിൽ നിന്ന് ഗോൾകീപ്പർ ജോൺ ഗാർഷ്യയെ ബാഴ്സ ടീമിലെത്തിച്ചിരുന്നു. ഇതോടെ ദീർഘകാലമായി ക്ലബിൽ തുടരുന്ന ജർമൻ കീപ്പർ ടെർസ്റ്റേഗനും പുറത്തേക്കുള്ള വഴിതെളിഞ്ഞു. ഗാർഷ്യക്ക് പുറമെ ഷെസ്നിയേയും നിലനിർത്താൻ ക്ലബ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ബാഴ്സ ടീമിനൊപ്പം പരിശീലന സെഷനിൽ ഫ്ളിക് ടെർസ്റ്റേഗനെ ഉൾപ്പെടുത്തിയിരുന്നില്ല. അൻസു ഫാത്തി, പാബ്ലോ ടോറെ, അലക്സ് വാലെ എന്നിവർക്ക് പിന്നാലെ ഇനാക്കി പെനെ, പൗ വിക്ടർ എന്നീ താരങ്ങളും ഈ സമ്മറിൽ ക്ലബ് വിടുമെന്നാണ് വാർത്തകൾ. വെറ്ററൻ സ്ട്രൈക്കർ ലെവൻഡോവ്സ്‌കിക്ക് പകരക്കാരൻ...ഡിഫൻസിൽ പുതിയ അഡീഷൻ തുടങ്ങി മുന്നേറ്റത്തിലും പ്രതിരോധത്തിലുമായി ഫ്യൂച്ചർ മുൻനിർത്തിയുള്ള വേക്കൻസികൾ കറ്റാലൻമാർക്ക് ഫിൽ ചെയ്യാനുണ്ട്.
ബാഴ്സ അക്കാദമി മൈതാനമായ സിയൂട്ടാസ് എസ്പോട്ടീവയിൽ കഠിനപരിശീലനത്തിലാണ് ഹാൻസി ഫ്ളിക്കും സംഘവുമിപ്പോൾ. ജൂലൈ 24ന് പ്രീസീസൺ മത്സരം കളിക്കാനായി സ്പാനിഷ് ക്ലബ് ജപ്പാനിലേക്ക് പറക്കും. ജാപ്പനീസ് ക്ലബ് വിസെൽ കോബയുമായുള്ള സൗഹൃദ മത്സരത്തിന് ശേഷം സൗത്ത് കൊറിയയിലും പന്തുതട്ടും. ഓഗസ്റ്റിൽ സ്പെയിനിൽ മടങ്ങിയെത്തി ജോൺ ഗാംബെർ ട്രോഫിയിലും കളിക്കും.