മെസി 'ചതിയൻ', ഇനി തിരികെ കൊണ്ടുവരരുത്; പ്രകോപിതരായി ബാഴ്‌സ ആരാധകർ
ബാഴ്സക്കെതിരായ മത്സരത്തിലെ ചിത്രമാണ് ലൗതാരോ മാർട്ടിനസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്
മാഡ്രിഡ്: സൂപ്പർ താരം ലയണൽ മെസിക്കെതിരെ ബാഴ്സാ ആരാധകർ. അർജന്റൈൻ ടീമിലെ തന്റെ സഹതാരം ലൗതാരോ മാർട്ടിനസിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് മെസി ലൈക്ക് ചെയ്തതാണ് ബാഴ്സ ആരാധകരെ പ്രകോപിപ്പിച്ചത്.
ബാഴ്സക്കെതിരായ മത്സരത്തിലെ ചിത്രമാണ് ലൗതാരോ മാർട്ടിനസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇത് മെസി ലൈക്ക് ചെയ്തതോടെയാണ് മെസി ചതിയനാണ് എന്നുൾപ്പെടെയുള്ള കമന്റുകൾ ബാഴ്സ ആരാധകരിൽ നിന്ന് വന്നത്. ബാഴ്സയുടെ ഇന്നത്തെ അവസ്ഥയിൽ മെസിക്ക് ഒരു വിഷമവും ഇല്ല എന്നുൾപ്പെടെയാണ് ആരാധകരുടെ വാക്കുകൾ. മെസിയെ ഇനി ബാഴ്സയിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കരുത് എന്നും പ്രതികരണങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ഇന്റർമിലാനോട് സമനില വാങ്ങിയതിന് പിന്നാലെയായിരുന്നു പ്രതികരണം.
അതേസമയം, ചാമ്പ്യൻസ് ലീഗിൽ മോശം പെർഫോമൻസ് തുടരുന്ന ബാഴ്സലോണയിൽ വലിയ പൊട്ടിത്തെറികളും ഉടലെടുത്തിട്ടുണ്ട്. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ പണം വാരിയെറിഞ്ഞ് പലരെയും ടീമിലെത്തിച്ചെങ്കിലും ഒന്നും ഗുണകരമാകാത്തതിൽ നിരാശനായ പ്രസിഡന്റ് ജോൺ ലപോർട്ട് കോച്ചായ സാവിക്കെതിരെ രൂക്ഷ വിമർശനമുയർത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
സാവിയും മാച്ചിന് ശേഷം സ്വന്തം ഡിഫൻസ് നിരയിലെ പ്രശ്നങ്ങൾ മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു. പിന്നീട് നടന്ന ഡ്രസിങ് റൂം മീറ്റിങ്ങിൽ കളിക്കാരോട് അദ്ദേഹം രോഷാകുലനായതായും റിപ്പോർട്ടുകളുണ്ടായിരുന്നു.