മെസി, നൂറുഗോൾ ക്ലബിലെ മൂന്നാമൻ, ആദ്യ തെക്കേ അമേരിക്കക്കാരൻ; 24 പെനാൽറ്റി മാത്രം

പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇറാന്റെ അലി ദേയിയുമാണ് മുമ്പ്‌ ഈ നേട്ടം കൈവരിച്ചവർ

Update: 2023-03-29 11:55 GMT

Messi, ali daei, Cristiano Ronaldo

Advertising

ബ്യൂണസ്ഐറിസ്: കുറസാവോക്കെതിരെ ഹാട്രിക് നേടി അന്താരാഷ്ട്ര കരിയറിൽ നൂറു ഗോൾ തികച്ചതോടെ ലയണൽ മെസി നേടിയത് നിരവധി നേട്ടങ്ങൾ. ലോകത്ത് ഈ നാഴികക്കല്ല് കടക്കുന്ന മൂന്നാം കളിക്കാരനായി താരം മാറി. നൂറു ഗോൾ നേടുന്ന ആദ്യ തെക്കേ അമേരിക്കൻ താരമായും മെസി മാറി. ഇതിന് മുമ്പ് പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇറാന്റെ അലി ദേയിയുമാണ് ഈ നേട്ടം കൈവരിച്ചവർ.

174 മത്സരങ്ങളിൽ നിന്ന് 102 ഗോളുകളാണ് അർജൻറീനൻ ഇതിഹാസം നേടിയത്. 198 മത്സരങ്ങളിൽ നിന്നാണ്‌ റൊണാൾഡോ 122 ഗോളുകൾ നേടിയിട്ടുള്ളത്. അലി ദേയിയുടെ പേരിൽ 109 ഗോളുകളാണുള്ളത്. നിലവിൽ മെസിയും റൊണാൾഡോയും മാത്രം കളിക്കളത്തിലുള്ളത്. 142 മിനുട്ടിൽ ഒരു ഗോൾ എന്ന നിലയിലായിരുന്നു മെസ്സിയുടെ നേട്ടം. 24 പെനാൽറ്റികളാണ് നൂറു ഗോളിലുള്ളത്. 55 ഇൻസൈഡ് ബോക്‌സ് ഗോളുകൾ, 13 ഔട്ട്‌സൈഡ് ബോക്‌സ് ഗോളുകൾ, 90 ഇടങ്കാലൻ ഷോട്ട്, 10 വലം കാലൻ ഷോട്ട്, 10 ഫ്രീകിക്ക്, ഒമ്പത് ഹാട്രിക്, രണ്ട് ഹെഡ്ഡർ എന്നിങ്ങനെയാണ് നൂറു ഗോൾ തികച്ചത്.

ലോകകപ്പിലെ 26 മത്സരങ്ങളിൽനിന്ന് 13 ഗോളുകളാണ് 35കാരനായ മെസി അടിച്ചത്. കോപ്പ അമേരിക്കയിലെ 34 മത്സരങ്ങളിൽനിന്ന് 13ഉം ലോകകപ്പ് ക്വാളിഫയറിലെ 60 മത്സരങ്ങളിൽനിന്ന് 28ഉം ഗോളുകൾ അടിച്ചുകൂട്ടി.

ഫൈനലിസ്സിമയിലെ ഒരു മത്സരത്തിൽ ഗോളൊന്നും നേടിയില്ല. 53 അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിൽ 48 ഗോളുകളാണ് ഫുട്‌ബോളിന്റെ മിശിഹ സ്വന്തം പേരിൽ കുറിച്ചത്. ബാഴ്‌സലോണക്കായി 778 മത്സരങ്ങളിൽനിന്ന് 672 ഗോളുകളാണ് മെസി അടിച്ചുകൂട്ടിയിട്ടുള്ളത്. പി.എസ്.ജിക്കായി 66 മത്സരങ്ങളിലായി 29 വട്ടം എതിർവല കുലുക്കി. അർജൻറീനക്കായി 102 ഗോളും നേടി. ഇതോടെ 1018 മത്സരങ്ങളിൽനിന്ന് 803 ഗോളുകളാണ് ഫുട്‌ബോൾ ഇതിഹാസം കയ്യിലാക്കിയിട്ടുള്ളത്.

നൂറാം ഗോൾ കണ്ടെത്തിയ മത്സരത്തിൽ കുറസാവോയെ അർജന്റീന തരിപ്പണമാക്കി

രാജ്യത്തിനായി ലയണൽ മെസി നൂറാം ഗോൾ കണ്ടെത്തിയ മത്സരത്തിൽ കുറസാവോയെ അർജന്റീന തരിപ്പണമാക്കി. സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ ജയം. മെസി ഹാട്രിക് നേടിയപ്പോൾ നിക്കോളാസ് ഗോൻസാലെസ്, എൻസോ ഫെർണാണ്ടസ്, എയ്ഞ്ചൽ ഡി മരിയ, ഗോൺസാലോ മോണ്ടിയൽ എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകൾ.

ലോകചാമ്പ്യന്മാർക്ക് മുന്നിൽ പെട്ടുപോയ അവസ്ഥയായിരുന്നു കുറസാവോക്ക്. അതും സ്വന്തം ആരാധകർക്ക് മുന്നിൽ അർജന്റീന പന്ത് തട്ടുമ്പോൾ പതിന്മടങ്ങ് വീര്യം വർധിക്കുകയും ചെയ്യും. മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ അർജന്റീന എന്താണെന്ന് കുറസാവോക്ക് ബോധ്യമായി. ആദ്യ പകുതിയുടെ വിസിൽ മുഴുങ്ങുമ്പോൾ തന്നെ അർജന്റീന എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് മുന്നിൽ. മെസിയാണ് ഗോൾ വേട്ടക്ക് തുടക്കം കുറിച്ചത്, 20ാം മിനുറ്റിൽ. അതോടെ രാജ്യത്തിനായി 100ാം ഗോൾ നേടാനും സൂപ്പർതാരത്തനായി. 23ാം മിനുറ്റിൽ ഗോൺസാലെസ് ഗോൾ ലീഡ് വർധിപ്പിച്ചു.

33, 37 മിനുറ്റുകളിലായിരുന്നു മെസിയുടെ ഗോളുകൾ. ആദ്യ 17 മിനിറ്റുകൾക്കുള്ളിൽ തന്നെ മെസിക്ക് ഹാട്രിക്ക് കണ്ടെത്താനായി. മത്സരത്തിന്റെ മുഴുവൻ സമയവും മെസി കളത്തിലുണ്ടായിരുന്നു. 35ാം മിനുറ്റിൽ എൻസോ ഫെർണാണ്ടസ് നേടിയ ഗോളിന് വഴിയൊരുക്കിയതും മെസിയായിരുന്നു. രണ്ടാം പകുതിയിലും അർജന്റീനയുടെ ഗോളടി തുടർന്നു, ഡി മരിയയും ഗോൺസാലോ മോണ്ടിനോയുമാണ് രണ്ടാം പകുതിയിൽ സ്‌കോർ ചെയ്തത്. പെനൽറ്റിയിലൂടെയായിരുന്നു ഡിമരിയയുടെ ഗോൾ. 87ാം മിനുറ്റിൽ ഗോൺസാലോ ലക്ഷ്യം കണ്ടതോടെ അർജന്റീന ഗോളടി അവസാനിപ്പിച്ചു.

അതേസമയം തിരിച്ചടിക്കാൻ കുറസാവോക്ക് അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും പൂർണതയിലെത്തിയില്ല. പനാമക്കെതിരായ ആദ്യ സൗഹൃദ മത്സരത്തിലും അർജന്റീന ജയിച്ചിരുന്നു. ഫിഫറാങ്കിൽ 85ാം സ്ഥാനത്താണ് കുറസാവോ. കോൺകാഫ് നാഷണൽ ലീഗ് ചാമ്പ്യൻഷിപ്പിൽ കാനഡക്കും ഹോണ്ടുറാസിനും എതിരെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അർജന്റീനക്കെതിരെ ഇതിന് മുമ്പ് ഒരൊറ്റ മത്സരമെ കുറസാവോ കളിച്ചിട്ടുള്ളൂ. 1955നാണ് ഇതിന് മുമ്പ് ഇരുവരും പരസ്പരം ഏറ്റുമുട്ടിയത്. അന്ന് 2-1ന് അർജന്റീന ജയിച്ചിരുന്നു.

Messi, the first South American in the 100 goal club and the third in the world

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News