സൂപ്പർ താരങ്ങളുടെ ഏജന്റ് മിനോ റയോള അന്തരിച്ചു

54-കാരന്റെ മരണവിവരം കുടുംബം സ്ഥിരീകരിച്ചു

Update: 2022-04-30 14:32 GMT
Editor : André | By : Web Desk

ഫുട്ബോളിലെ സൂപ്പർ ഏജന്റ് മിനോ റയോള അന്തരിച്ചു. മാസങ്ങളായി ചികിത്സയിലുള്ള 54-കാരൻ മിലാനിലെ സാൻ റഫേലെ ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. രണ്ടുദിവസം മുമ്പ് റൊമാനോ മരിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും അദ്ദേഹത്തിന്റെ കുടുംബം ഇത് തള്ളിയിരുന്നു. എർലിങ് ഹാളണ്ട്, പോൾ ബോഗ്ബ, സ്ലാറ്റൻ ഇബ്രാഹിമോവിച്ച് തുടങ്ങി നിരവധി സൂപ്പർ താരങ്ങളുടെ ഏജന്റായിരുന്നു ഇറ്റലിക്കാരനായ റയോള. മരണവാർത്ത അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ കുടുബം തന്നെയാണ് പുറത്തുവിട്ടത്.

Advertising
Advertising

ലിയിലെ സലേർനോയിൽ 1967-ൽ ജനിച്ച മിനോ റയോള നെതർലന്റ്‌സിലാണ് വളർന്നത്. ചെറുപ്പത്തിൽ ഫുട്‌ബോൾ കളിച്ചിരുന്ന അദ്ദേഹം എഫ്.സി ഹാർലം എന്ന ക്ലബ്ബിന്റെ യൂത്ത് ടീമിലൂടെ പ്രൊഫഷണൽ രംഗത്ത് ഭാഗ്യപരീക്ഷണം നടത്തിയെങ്കിലും 18-ാം വയസ്സിൽ തന്നെ ഇത് ഉപേക്ഷിച്ചു. പിന്നീട് ഫുട്‌ബോൾ ഏജന്റായാണ് അദ്ദേഹം തിളങ്ങിയത്.

ഇറ്റാലിയൻ ക്ലബ്ബുകളിലേക്കുള്ള കൂടുമാറ്റത്തിന് നെതർലന്റ്‌സിൽ നിന്നുള്ള കളിക്കാരെ സഹായിക്കുന്ന സ്‌പോർട്‌സ് പ്രമോഷൻസ് എന്ന കമ്പനിയുടെ ഭാഗമായ അദ്ദേഹം ഡെന്നിസ് ബെർഗ്കാംപ്, വിം ജോങ്ക്, മൈക്കൽ ക്രീക്ക് തുടങ്ങിയ നിരവധി കളിക്കാരുടെ ട്രാൻസ്ഫറിലെ നിർണായക ഭാഗമായി. ബ്രസീലിയൻ താരം റോബിഞ്ഞോയുടെ റയൽ മാഡ്രിഡിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള കൂടുമാറ്റത്തിനു പിന്നിൽ റയോളയായിരുന്നു.

ചെക്ക് റിപ്പബ്ലിക്കിന്റെ ഇതിഹാസതാരം പാവേൽ നെദ്‌വദിനു വേണ്ടിയാണ് റയോള ആദ്യമായി സ്വതന്ത്ര ഏജന്റായി പ്രവർത്തിച്ചത്. ചെക്ക് ക്ലബ്ബായ സ്പാർട്ട പ്രാഹയിൽ നിന്ന് ഇറ്റലിയിലെ ലാസിയോയിലേക്കുള്ള നെദ്‌വദിന്റെ ട്രാൻസ്ഫറിനു പിന്നിൽ പ്രവർത്തിച്ചത് റയോളയായിരുന്നു.

യൂറോപ്യൻ ക്ലബ്ബുകളിൽ കളിക്കുന്ന ഇരുപതോളം കളിക്കാരുടെ പ്രതിനിധിയായിരിക്കെയാണ് റയോളയുടെ വിയോഗം. എർലിങ് ഹാളണ്ട്, സ്ലാറ്റൻ ഇബ്രാഹിമോവിച്ച്, പോൾ പോഗ്ബ, മരിയോ ബലോട്ടലി, ബ്ലെയ്‌സ് മറ്റൗഡി, ഗ്യാൻലുയ്ജി ഡൊണറുമ്മ, മത്ത്യാസ് ഡിലിറ്റ്, ജെസ്സി ലിങ്ഗാർഡ്ഡ്, ഹെൻറിക് മിഖതർയാൻ, റൊമേലു ലുകാകു തുടങ്ങിയവർ അദ്ദേഹത്തിന്റെ കക്ഷികളായിരുന്നു.

ഇംഗ്ലീഷ്, ഇറ്റാലിയൻ, ഡച്ച് തുടങ്ങിയ ഭാഷകളിലെ പ്രാവീണ്യം അദ്ദേഹത്തെ ഈ മേഖലയിൽ അഗ്രഗണ്യനാക്കി. എർലിങ് ഹാളണ്ടിന്റെയും പോഗ്ബയുടെയും ട്രാൻസ്ഫറുമായി ബന്ധപ്പെട്ടാണ് അദ്ദേഹം അവസാനമായി പ്രവർത്തിച്ചിരുന്നത്. ഹാളണ്ട് ബൊറുഷ്യ ഡോട്മുണ്ട് വിടാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് റയോള അവസാനമായി ട്വിറ്ററിൽ കുറിച്ചത്. ശസ്ത്രക്രിയക്ക് വിധേയനാകുന്നതിനു മുമ്പ് ജനുവരിയിലായിരുന്നു ഇത്.

മിലാനിലെ സാൻ റഫേലെ ആശുപത്രിയിൽ ശസ്ത്രക്രിയക്കു വിധേയനായ ശേഷം മിനോ റയോള പൊതുരംഗത്തുണ്ടായിരുന്നില്ല. കഴിഞ്ഞ വ്യാഴാഴ്ച മിനോ റയോള അന്തരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും അദ്ദേഹത്തിന്റെ കുടുംബവും സാൻ റഫേലെ ആശുപത്രിയിലെ ഡോക്ടറും പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയും അടക്കമുള്ളവർ ഈ വാർത്ത തള്ളിയിരുന്നു. റയോളയുട ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ തന്നെ, തന്റെ മരണവാർത്ത തള്ളിക്കൊണ്ടുള്ള കുറിപ്പ് പ്രസിദ്ധീകരിച്ചു.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News