മൊറോക്കോയ്ക്കു മുന്നിൽ ബ്രസീലും വീണു (2-1)

സ്വന്തം തട്ടകമായ തുഞ്ചയിലെ ഇബ്ൻ ബത്തൂത്ത സ്‌റ്റേഡിയത്തിൽ 65,000-ലേറെ കാണികൾക്കു മുന്നിൽ കളിക്കാനിറങ്ങിയ മൊറോക്കോ, ലോകകപ്പിൽ നിർത്തിയേടത്തു നിന്നു തുടങ്ങിയതു പോലെയാണ് കളിച്ചത്.

Update: 2023-03-26 01:12 GMT
Editor : André | By : Web Desk
Advertising

ഫിഫറാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരായ ബ്രസീലിനെതിരെ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയ്ക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ലോകകപ്പിലെ സെമിഫൈനലിസ്റ്റുകൾ മഞ്ഞപ്പടയെ തോൽപ്പിച്ചത്. സുഫ്‌യാൻ ബൂഫൽ, അബ്ദുൽ ഹമീദ് സബീരി എന്നിവർ മൊറോക്കോയ്ക്കു വേണ്ടി ഗോളുകൾ നേടിയപ്പോൾ ക്യാപ്ടൻ കാസമിറോയുടെ വകയായിരുന്നു ദക്ഷിണ അമേരിക്കൻ സംഘത്തിന്റെ ഗോൾ. ഇതാദ്യമായാണ് മൊറോക്കോ ബ്രസീലിനെ തോൽപ്പിക്കുന്നത്.

സ്വന്തം തട്ടകമായ തുഞ്ചയിലെ ഇബ്ൻ ബത്തൂത്ത സ്‌റ്റേഡിയത്തിൽ 65,000-ലേറെ കാണികൾക്കു മുന്നിൽ കളിക്കാനിറങ്ങിയ മൊറോക്കോ, ലോകകപ്പിൽ നിർത്തിയേടത്തു നിന്നു തുടങ്ങിയതു പോലെയാണ് കളിച്ചത്. ബ്രസീലിന്റെ ആക്രമണങ്ങളെ പ്രതിരോധിച്ച അവർ സ്വതസിദ്ധമായ ശൈലിയിൽ നടത്തിയ പ്രത്യാക്രമണങ്ങൾ എതിർ ഗോൾമുഖത്ത് ആശങ്കാനിമിഷങ്ങൾ സൃഷ്ടിച്ചു. മൊറോക്കോയുടെ ഹൈ ഇന്റൻസിറ്റി ഫുട്‌ബോൾ ബ്രസീലിനെ പലപ്പോഴും വട്ടംകറക്കി.

താൽക്കാലിക മാനേജർ റമോൺ മെനസസിന്റെ കീഴിൽ ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ ബ്രസീൽ സംഘത്തിൽ, നെയ്മറിന്റെ അഭാവത്തിൽ റയൽ മാഡ്രിഡ് താരം റോഡ്രിഗോ ആണ് പത്താം നമ്പർ ജഴ്‌സിയണിഞ്ഞത്. എഡേഴ്‌സണു പകരം വെവർട്ടൻ വലകാത്തു. അതേസമയം, ലോകകപ്പിലെ മിന്നും താരങ്ങളിൽ മിക്കവരെയും ഉൾപ്പെടുത്തിയാണ് വലീദ് റഗ്‌റാഗി മൊറോക്കൻ സംഘത്തെ തയാറാക്കിയത്.

11-ാം മിനുട്ടിൽ മാർക്ക് ചെയ്യപ്പെടാതെ ബോക്‌സിൽ ലഭിച്ച അവസരം ഗോളാക്കി മാറ്റുന്നതിൽ ആക്രമണതാരം റോണിക്ക് പിഴച്ചപ്പോൾ ലീഡെടുക്കാനുള്ള സുവർണാവസരമാണ് ബ്രസീലിന് നഷ്ടമായത്. മൊറോക്കൻ പ്രതിരോധത്തിന് പിഴച്ച 24-ാം മിനുട്ടിൽ എതിർ ബോക്‌സിൽ ബ്രസീലിന് ഗോളടിക്കാൻ സുവർണാവസരം ലഭിച്ചെങ്കിലും അംറാബത്തും ഗോൾകീപ്പർ ബോനോയും അവസരത്തിനൊത്തുയർന്നു. ഇതിനു പിന്നാലെ സ്വന്തം ഹാഫിൽ നിന്ന് അലക്‌സ് ടെല്ലസ് നീട്ടിനൽകിയ പന്തുമായി കുതിച്ച വിനീഷ്യസ്, ബോനോയുടെ പിഴവിൽ പന്ത് വലയിലാക്കി. എന്നാൽ, വാർ പരിശോധനയിൽ റയൽ മാഡ്രിഡ് താരം ഓഫ്‌സൈഡായിരുന്നു എന്നു കണ്ടെ്തതി.

ഇരുവശത്തും അവസരങ്ങൾ പിറന്ന് കളി ആവേശകരമായി മുന്നേറെ 29-ാം മിനുട്ടിലാണ് ബൂഫലിന്റെ ഗോൾ വന്നത്. കൂട്ടത്തോടെ സമ്മർദം ചെലുത്തി ബോക്‌സിനു പുറത്തുനിന്ന് പന്ത് സ്വന്തമാക്കിയ മൊറോക്കോ ക്ഷണവേഗത്തിൽ ബോക്‌സിൽ പ്രവേശിച്ചു. ബ്രസീൽ പ്രതിരോധത്തിന് സംഘടിക്കാൻ സമയം ലഭിക്കുംമുമ്പ് ഇടതുഭാഗത്തു നിന്ന് ബിലാൽ എൽ ഖന്നൂസ് പന്ത് പോസ്റ്റിനു സമാന്തരമായി പാസ് ചെയ്തു. പന്ത് സ്വീകരിച്ച് വെട്ടിത്തിരിഞ്ഞ ബൂഫൽ തൊടുത്ത ഷോട്ട് ബ്രസീൽ കീപ്പർ വെവർട്ടന് പ്രതികരിക്കാൻ പോലും വസരം നൽകാതെ വലകുലുക്കി.

ഗോളടിച്ച ശേഷവും അതിവേഗ പ്രത്യാക്രമണങ്ങൾ നടത്തിയ മൊറോക്കോ അവസരങ്ങളുണ്ടാക്കിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയായി. ഇടവേളക്കു പിരിയുമ്പോൾ അവർ ഒരു ഗോളിന് മുന്നിലായിരുന്നു.

രണ്ടാം പകുതിയിൽ സമനില ഗോളിനായുള്ള ബ്രസീലിന്റെ അധ്വാനത്തിന് ഫലം കണ്ടത് 67-ാം മിനുട്ടിലായിരുന്നു. അംറബാത്തിന്റെ പാസ് പിടിച്ചെടുത്ത് ലൂകാസ് പാക്വേറ്റ നൽകിയ പന്ത് ബോക്‌സിനു പുറത്തുനിന്ന് കരുത്തുറ്റ ഷോട്ടിലൂടെയാണ് കസമിറോ ഗോളാക്കി മാറ്റിയത്. ഇടതുഭാഗത്തേക്ക് ഡൈവ് ചെയ്ത് ബോനോ പന്ത് തടഞ്ഞെന്നു തോന്നിച്ചെങ്കിലും ഗോൾകീപ്പറുടെ ശരീരത്തിൽ തട്ടി അടിയിലൂടെ പന്ത് വലയിൽ കയറി.

78-ാം മിനുട്ടിൽ മൊറോക്കോയുടെ മറ്റൊരു പ്രസ്സിങ്ങിനൊടുവിലാണ് അവരുടെ വിജയ ഗോൾ വന്നത്. ബോക്‌സിൽ നിന്ന് ക്ലിയർ ചെയ്യപ്പെട്ട പന്ത് ആന്റണിക്ക് കിട്ടുംമുമ്പേ തട്ടിയെടുത്ത് യഹിയ അതിയത്തല്ലാഹ് ഇടതുഭാഗത്തു നിന്ന് നൽകിയ ക്രോസ് വാലിക് ഷദിറയുടെ കാലിൽ തട്ടി സബീരിയുടെ മുന്നിലെത്തി. ക്ലോസ് റേഞ്ചിൽ നിന്നുള്ള സബീരിയുടെ വോളിക്കു മുന്നിൽ വെവർട്ടന് അവസരമൊന്നുമുണ്ടായില്ല. അവസാന ഘട്ടങ്ങളിൽ മൊറോക്കോ ലീഡ് വിജയകരമായി പ്രതിരോധിച്ചു.

മധ്യനിരയിൽ ആധിപത്യം സ്ഥാപിക്കാൻ എതിരാളികളെ അനുവദിക്കാത്ത പ്രസ്സിങ് ശൈലിയാണ് ബ്രസീലിനെതിരെയും മൊറോക്കോ പ്രയോഗിച്ചത്. പ്രതിരോധത്തിലും പന്ത് മുന്നോട്ടു നീക്കുന്നതിലും നിർണായകമായ മിഡ്ഫീൽഡർ സുഫ്‌യാൻ അംറബാത്ത്, അപകടകാരിയായ വിങ്ങർ വിനീഷ്യസ് ജൂനിയറിനെ നിശ്ശബ്ദനാക്കി. കൂട്ടത്തോടെയുള്ള ആഫ്രിക്കൻ സംഘത്തിന്റെ ആക്രണം പരിചയം കുറഞ്ഞ ബ്രസീൽ പ്രതിരോധത്തെ കുഴക്കുകയും ചെയ്തു.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News