ഓറഞ്ച് പട വീണു; ചെക്ക് റിപ്പബ്ലിക് ക്വാർട്ടറിൽ

55-ാം മിനുട്ടിൽ മത്ത്യാസ് ഡിലിറ്റ് ചുവപ്പുകാർഡ് കണ്ടതോടെ പത്തുപേരായി ചുരുങ്ങിയതിനു ശേഷം വഴങ്ങിയ രണ്ട് ഗോളുകളാണ് നെതർലന്റ്‌സിന് തിരിച്ചടിയായത്.

Update: 2021-06-27 18:15 GMT
Editor : André
Advertising

യുവേഫ യൂറോ 2020-യിൽ അവസാന എട്ടിൽ ഇടംനേടാനാവാതെ നെതർലാന്റ്‌സ് പുറത്ത്. പ്രീക്വാർട്ടറിൽ പരമ്പരാഗത വൈരികളായ ചെക്ക് റിപ്പബ്ലിക്കിനോട് രണ്ട് ഗോളിന് തോറ്റാണ്, ഗ്രൂപ്പ് സിയിൽ നിന്ന് മൂന്ന് കളിയും ജയിച്ച് മുന്നേറിയ ഓറഞ്ചുപട മടങ്ങുന്നത്. 55-ാം മിനുട്ടിൽ മത്ത്യാസ് ഡിലിറ്റ് ചുവപ്പുകാർഡ് കണ്ടതോടെ പത്തുപേരായി ചുരുങ്ങിയതിനു ശേഷം വഴങ്ങിയ രണ്ട് ഗോളുകളാണ് നെതർലന്റ്‌സിന് തിരിച്ചടിയായത്. ആളെണ്ണത്തിന്റെ ആനുകൂല്യം മുതലെടുത്ത ചെക്ക് റിപ്പബ്ലിക്കിനു വേണ്ടി 68-ാം മിനുട്ടിൽ തോമസ് ഹോൽസും 80-ാം മിനുട്ടിൽ പീറ്റർ ഷിക്കും ഗോളുകൾ നേടി.

ആദ്യപകുതിയിൽ ഇരുഭാഗത്തും അവസരങ്ങൾ പിറന്നെങ്കിലും മുന്നിട്ടു നിന്നത് നെതർലാന്റ്‌സ് ആയിരുന്നു. വലതുഭാഗത്ത് ഡെൻസിൽ ഡെംഫ്രയസ് ചെക്ക് പ്രതിരോധത്തിന് തലവേദനയുണ്ടാക്കിയപ്പോൾ ഡച്ച് മുന്നേറ്റ നിരക്ക് അവസരങ്ങൾ മുതലെടുക്കാൻ കഴിഞ്ഞില്ല. 53-ാം മിനുട്ടിൽ നെതർലാന്റ്‌സ് സ്‌ട്രൈക്കർ ഡേവിഡ് മാലൻ മത്സരത്തിലെ ഏറ്റവും മികച്ച അവസരം പാഴാക്കിയതിനു പിന്നാലെയാണ് മത്സരത്തിന്റെ ഗതി നിർണയിച്ച ചുവപ്പുകാർഡ് വന്നത്. വൺ ഓൺ വൺ സിറ്റ്വേഷനിൽ ഗോൾകീപ്പറെ വെട്ടിയൊഴിയാനുള്ള മാലന്റെ ശ്രമം പരാജയപ്പെട്ടതോടെ ലീഡ് നേടാനുള്ള അവസരം ഡച്ചുകാർക്ക് നഷ്ടമാവുകയായിരുന്നു. ഇതിനെ തുടർന്നുള്ള പ്രത്യാക്രമണത്തിൽ മത്ത്യാസ് ഡിലിറ്റ് സ്വന്തം ബോക്‌സിനു പുറത്ത് പന്ത് കൈകൊണ്ട് തൊട്ടതോടെയാണ് വാർ പരിശോധനക്കൊടുവിൽ റഫറി ചുവപ്പുകാർഡ് പുറത്തെടുത്തത്.

68-ാം മിനുട്ടിൽ ബോക്‌സിന്റെ ഇടതുഭാഗത്ത് ലഭിച്ച ഫ്രീകിക്കിൽ നിന്ന് തന്ത്രപൂർവം ലക്ഷ്യം കണ്ടാണ് ചെക്കുകാർ ലീഡെടുത്തത്. ഗോൾപോസ്റ്റിന് കുറുകെ വന്ന പന്ത് പോസ്റ്റിലേക്ക് ഹെഡ്ഡ് ചെയ്യുന്നതിനു പകരം തോമസ് ക്ലാസ് ഇടതുപോസ്റ്റിൽ ഹോൾസിനു മറിച്ചു. ക്ലോസ് റേഞ്ചിൽ നിന്നുള്ള മിഡ്ഫീൽഡറുടെ ഹെഡ്ഡർ തടയാൻ ഗോൾവരയിലുണ്ടായിരുന്ന പ്രതിരോധക്കാർക്ക് കഴിഞ്ഞില്ല. 80-ാം മിനുട്ടിൽ ഡച്ച് മിഡ്ഫീൽഡർ വിനാൽഡത്തിന്റെ പിഴവിൽ പന്ത് തട്ടിയെടുത്ത ബോക്‌സിലേക്കു കയറിയ ഹോൾസ് നൽകിയ പാസ് കൃത്യതയോടെ ലക്ഷ്യത്തിലെത്തിച്ച് ഷിച്ച് വലകുലുക്കുകയായിരുന്നു.

ക്വാർട്ടറിൽ ഡെന്മാർക്കാണ് ചെക്ക് റിപ്പബ്ലിക്കിന്റെ എതിരാളികൾ. വെയിൽസിനെ വീഴ്ത്തിയാണ് ഡെൻമാർക്ക് അവസാന എട്ടിൽ ഇടംനേടിയത്.


Tags:    

Editor - André

contributor

Similar News