വണ്ടർ ഗോളുകൾ; നെയ്മർ തിരുമ്പി വന്തിട്ടേൻ
റിയോ ഡി ജനീറോ: നിരന്തപരിക്കുകളുടെ ദീർഘകാലത്തെ ഇടവേളക്ക് ശേഷം തന്റെ പഴയ തട്ടകത്തിലേക്ക് മടങ്ങിയെത്തിയ ബ്രസീലിയൻ താരം നെയ്മർ മിന്നും ഫോമിൽ. സാന്റോസിനായി കളത്തിലിറങ്ങിയ ആറ് മത്സരങ്ങളിൽ നാലിലും നെയ്മർ മാൻ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് ഗോളും മൂന്ന് അസിസ്റ്റും ആ കാലിൽ നിന്നും പിറന്നു.
ളത്തിലെ പ്രകടനത്തിനൊപ്പം തന്നെ വണ്ടർ ഗോളുകളും ആ ബൂട്ടിൽ നിന്നും പിറന്നു. ബ്രസീലിയൻ ലീഗിൽ ലിമൈറക്കെതിരെ കോർണർ കിക്ക് ഡയറക്ട് ഗോളാക്കി ഞെട്ടിച്ച നെയ്മർ പോളിസ്റ്റ കപ്പ് ക്വാർട്ടർ ഫൈനലിൽ ബ്രാഗന്റീനോക്കെതിരെ ഫ്രീകിക്ക് ഗോൾ നേടി തന്റെ പ്രതിഭക്ക് ഒരുകോട്ടവും തട്ടിയിട്ടില്ലെന്ന് തെളിയിച്ചു.
കാൽമുട്ടിനേറ്റ പരിക്ക് മൂലം ദീർഘകാലം കളത്തിന് പുറത്തായ നെയ്മറുമായുള്ള കരാർ അൽഹിലാൽ അവസാനിപ്പിച്ചതോടെയാണ് താരം സാന്റോസിലേക്ക് മടങ്ങിയെത്തിയത്.
സാന്റോസുമായി ആറ് മാസത്തെ മാത്രം കരാർ ഒപ്പിട്ട നെയ്മറുമായി ബാഴ്സലോണ ചർച്ച നടത്തുന്നതായും അഭ്യൂഹങ്ങളുണ്ട്. അടുത്ത സീസണോടെ നെയ്മർ ബാഴ്സയിലേക്ക് മടങ്ങിയെത്തുമെന്നാണ് അഭ്യൂഹങ്ങൾ. ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിലും നെയ്മർ ഇടം പിടിച്ചിട്ടുണ്ട്.