ഇരട്ട ഗോളുമായി സാക്ക; നോര്‍വിച്ച് സിറ്റിയെ ഗോള്‍മഴയില്‍ മുക്കി ആഴ്സനല്‍

നോര്‍വിച്ച് സിറ്റിയെ തകര്‍ത്ത് ആഴ്സനല്‍ പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടരുന്നു

Update: 2021-12-27 03:43 GMT

ബുക്കായോ സാക്കയുടെ ഇരട്ടഗോള്‍ മികവില്‍ നോര്‍വിച്ച് സിറ്റിയെ തകര്‍ത്ത് ആഴ്സനല്‍ പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടരുന്നു. എതിരില്ലാത്ത അഞ്ച് ഗോളിനാണ് ആഴ്സനല്‍ നോര്‍വിച്ച് സിറ്റിയെ തകര്‍ത്തുവിട്ടത്. തുടർച്ചയായ നാലാം മത്സരത്തിലാണ് ആഴ്സനല്‍ ജയത്തോടെ തിരികെ കയറുന്നത്. ജയത്തോടെ ആഴ്സനല്‍ ലീഗില്‍ നാലാം സ്ഥാനം നിലനിര്‍ത്തി.

ആറാം മിനിറ്റിൽ മാർട്ടിൻ ഒഡെഗാർഡിന്‍റെ പാസിൽ നിന്ന് ബുക്കായോ സാക്കയാണ് സന്ദർശകർക്കായി അക്കൌണ്ട് തുറന്നത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് കീരൻ ടിയേർണി 44 ആം മിനുട്ടില്‍ ആഴ്സനലിന്‍റെ ലീഡ് രണ്ടായി ഉയര്‍ത്തി. രണ്ടാം പകുതിയിലാണ് ബാക്കി മൂന്ന് ഗോളുകളും ആഴ്സനല്‍ സ്കോര്‍ ചെയ്തത്.

Advertising
Advertising

67-ാം മിനുട്ടില്‍ സാക്കയുടെ ബൂട്ടില്‍ നിന്നാണ് ടീമിന്‍റെ മൂന്നാം ഗോള്‍ പിറന്നത്. കളിയുടെ 84-ാം ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് അലക്സാന്ദ്രെ ലകാസെറ്റ് ആഴ്സനിലായി നാലാം ഗോള്‍ കണ്ടെത്തി. പകരക്കാരനായ എമിൽ സ്മിത്ത് ഇഞ്ചുറി ടൈമിന്‍റെ ആദ്യ മിനുട്ടില്‍ ഗോള്‍ നേടിയതോടെ ആഴ്സനലിന്‍റെ പട്ടിക പൂര്‍ത്തിയായി.

ജയത്തോടെ ആഴ്സനലിന് 35 പോയിന്‍റായി. ലീഗില്‍ നാലാം സ്ഥാനത്താണ് ടീം. 19 കളികളില്‍ നിന്നായി 47 പോയിന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് പോയിന്‍റ് പട്ടികയില്‍ മുന്‍പില്‍. സിറ്റിയുമായി 12 പോയിന്‍റ് പിന്നിലാണ് ആഴ്സനല്‍. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ 41 പോയിന്‍റുമായി യഥാക്രമം ലിവര്‍പൂളും ചെല്‍സിയുമാണ്. ഗോള്‍ വ്യത്യാസത്തില്‍ മുന്‍പില്‍ ലിവര്‍പൂള്‍ ആണ്.

കഴിഞ്ഞ മത്സരത്തിലും ആഴ്‌സണല്‍ തകര്‍പ്പന്‍ ജയമാണ് ലീഗില്‍ സ്വന്തമാക്കിയത്. ലീഡ്‌സ് യുണൈറ്റഡിനെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ആഴ്‌സണല്‍ തോല്‍പ്പിച്ചത്. മാര്‍ട്ടിനെല്ലിയുടെ ഇരട്ടഗോളിന്റെ ബലത്തിലാണ്  അന്ന് ആഴ്സണല്‍ അനായാസ ജയം സ്വന്തമാക്കിയത്. 16, 28 മിനിറ്റുകളിലായിരുന്നു മാര്‍ട്ടിനെല്ലിയുടെ ഗോളുകള്‍. 42-ാം മിനിറ്റില്‍ ബുക്കായോ സാക്ക ലീഡുയര്‍ത്തി. 75-ാം മിനിറ്റില്‍ റാഫിന പെനാല്‍റ്റിയില്‍ നിന്ന് ഒരു ഗോള്‍ മടക്കിയെങ്കിലും 84-ാം മിനിറ്റില്‍ സബ്‌സ്റ്റിറ്റിയൂട്ട് സ്മിത്ത് റോവിന്റെ ഗോളില്‍ ആഴ്‌സണല്‍ പട്ടിക തികച്ചു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News