സുഖം സുന്ദരം ആർസനൽ; യുണൈറ്റഡിന്റെ വിജയകുതിപ്പിന് തടയിട്ട് നോട്ടിങ്ഹാം
ലണ്ടൻ: പ്രീമിയർ ലീഗിൽ തുടർച്ചയായ അഞ്ചാം മത്സരത്തിലും വിജയിച്ച് ഗണ്ണേഴ്‌സ്. ബേൺലിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. ലീഗിലെ മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ നോട്ടിങ്ഹാം ഫോറസ്റ്റ് തളച്ചു. ആദ്യ പകുതിയിൽ വീണ്ടും സെറ്റ് പീസിലൂടെ ഗോൾ നേടി യോക്കറസ് (14') ആർസനലിനെ മുന്നിലെത്തിച്ചു. 35ാം മിനിറ്റിൽ ട്രോസാർഡിന്റെ ക്രോസിൽ തലവെച്ച് ഡെക്ലൻ റൈസ് രണ്ടാം ഗോളും നേടി. 25 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ആർസനൽ.
ഫോറെസ്റ്റ് പാർക്കിൽ വെച്ച് നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ കോർണറിലൂടെ കാസമിറോ (34') യുണൈറ്റഡിന് ലീഡ് നൽകി. രണ്ടാം പകുതിയിൽ രണ്ട് മിനിറ്റിൽ രണ്ട് ഗോളുകളുമായി നോട്ടിങ്ഹാം മത്സരത്തിലേക്ക് തിരിച്ചുവന്നു. മോർഗൻ ഗിബ്‌സ് വൈറ്റും (48') നിക്കോളോ സവോനയുമാണ് (50') ആതിഥേയർക്കായി ഗോൾ നേടിയത്. പക്ഷെ അമാദ് ഡിയാലോയിലൂടെ 81ാം മിനിറ്റിൽ യുനൈറ്റഡ് സമനില പിടിച്ചു.
ലീഗിലെ മറ്റു മത്സരങ്ങളിൽ ക്രിസ്റ്റൽ പാലസ് എതിരില്ലാത്ത രണ്ട് ഗോളുകൾക്കു ബ്രെന്റ്ഫോർഡിനെ പരാജയപ്പെടുത്തി. ജീൻ ഫിലിപ്പ് മറ്റേറ്റയും (30') നഥാൻ കോളിൻസിന്റെ സെല്ഫ് ഗോളുമാണ് (51') പാലസിന്റെ സ്കോർ ബോർഡിലുള്ളത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വോൾവ്‌സിനെ തകർത്ത് ഫുൾഹാം. റയാൻ സെസന്യോൺ (9') ഹാരി വിൽസൺ (62') എന്നിവരുടെ ഗോളുകളും വോൾവ്സ് താരം മാസ്‌ക്വെരയുടെ സെല്ഫ് ഗോളുമാണ് (75') ഫുൾഹാമിനെ സഹായിച്ചത്. ലീഡ്സ് യുനൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ബ്രൈറ്റണും മുന്നേറി. ഡാനി വെൽബെക്ക് (11') ഡാനി ഗോമസ് (64',70') രണ്ട് ഗോളുകളും നേടി.