ലിവർപൂളിനെ സമനിലയിൽ പൂട്ടി ഫുൾഹാം

80-ാം മിനുട്ടിൽ നൂനസിന്റെ അസിസ്റ്റിൽ മുഹമ്മദ് സലാഹ് ഗോളടിച്ചതോടെയാണ് നാണംകെട്ട തുടക്കത്തിൽ നിന്ന് ലിവർപൂൾ രക്ഷപ്പെട്ടത്

Update: 2022-08-06 14:56 GMT
Editor : Shaheer | By : Web Desk

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2022-23 സീസണിലെ ആദ്യമത്സരത്തിൽ കരുത്തരായ ലിവർപൂളിന് സമനിലക്കുരുക്ക്. ഫുൾഹാം ആണ് 2-2 ന് മുൻ ചാമ്പ്യന്മാരെ തളച്ചത്. ഫുൾഹാമിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ അലക്സാണ്ടർ മിത്രോവിച്ചിന്റെ ഇരട്ടഗോളുകൾ ആതിഥേയർക്ക് കരുത്തായപ്പോൾ ഡാർവിന് നൂനസ്, മുഹമ്മദ് സലാഹ് എന്നിവരായിരുന്നു ലിവർപൂളിന്റെ സ്‌കോറർമാർ.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയുമായി ഇഞ്ചോടിഞ്ച് പോരാടി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ലിവർപൂളിന് പുതിയ സീസൺ തുടങ്ങി അര മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ തിരിച്ചടി നേരിട്ടു. കെന്നി ടെറ്റെയുടെ സഹായത്തോടെ മിത്രോവിച്ച് അലിസൺ ബെക്കർ കാത്ത വലയിൽ പന്തെത്തിച്ചു. ആദ്യപകുതിക്ക് പിരിയുമ്പോൾ ലിവർപൂൾ പിറകിലായിരുന്നു.

Advertising
Advertising

രണ്ടാം പകുതിയിൽ കിണഞ്ഞു പരിശ്രമിച്ച സന്ദർശകർ 64-ാം മിനുട്ടിൽ ഒപ്പമെത്തി. വൻ തുകയ്ക്ക് ടീമിലെത്തിച്ച ഡാർവിൻ നൂനസ് ആയിരുന്നു രക്ഷകൻ. എന്നാൽ ആശ്വാസം മിനുട്ടുകളേ നീണ്ടുള്ളൂ. 72-ാം മിനുട്ടിൽ പെനാൽട്ടി സ്പോട്ടിൽ നിന്ന് മിത്രോവിച്ച് ഫുൾഹാമിന് വീണ്ടും ലീഡ് നൽകി.

80-ാം മിനുട്ടിൽ നൂനസിന്റെ അസിസ്റ്റിൽ മുഹമ്മദ് സലാഹ് ഗോളടിച്ചതോടെയാണ് നാണംകെട്ട തുടക്കത്തിൽ നിന്ന് ലിവർപൂൾ രക്ഷപ്പെട്ടത്.

ഇന്നലെ, സീസണിലെ ആദ്യമത്സരത്തിൽ ആർസനൽ ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപ്പിച്ചിരുന്നു.

Summary: Premier League: Fulham 2-2 Liverpool

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News