റിയാദ് സീസൺ കപ്പിൽ പി.എസ്.ജിക്ക് ജയം; ഗോളടിച്ച് മെസിയും എംബാപ്പെയും, ക്രിസ്റ്റ്യാനോ മാൻ ഓഫ് ദ മാച്ച്

സൗദി ക്ലബ്ബിലേക്ക് കുടിയേറിയ ശേഷമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അരങ്ങേറ്റ മത്സരമായിരുന്നു നടന്നത്

Update: 2023-01-20 02:05 GMT
Editor : ijas | By : Web Desk

റിയാദ്: ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നേരിട്ട് ഏറ്റുമുട്ടിയ റിയാദ് സീസണിൽ പി.എസ്.ജിക്ക് ജയം. നാലിനെതിരെ അഞ്ചു ഗോളുകൾക്കാണ് മെസിയും നെയ്മറും എംബാപ്പെയും ഉൾപ്പെടുന്ന സംഘത്തിന്‍റെ ജയം. റിയാദ് കിംഗ് ഫഹദ് ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ രണ്ട് ഗോൾ നേടിയ ക്രിസ്റ്റ്യാനോയാണ് മാൻ ഓഫ് ദി മാച്ച്. സൗദിയിലെ മുൻനിര ക്ലബ്ബുകളായ അൽഹിലാലിന്‍റെയും നസ്റിന്‍റെയും സംയുക്ത സഖ്യമാണ് ക്രിസ്റ്റ്യാനോയുടെ നേതൃത്വത്തിൽ പി.എസ്.ജിയെ നേരിട്ടത്. മത്സരം തുടങ്ങി രണ്ടര മിനിറ്റിൽ തന്നെ സൂപ്പർ താരം ലയണൽ മെസി ഗോൾ നേടി. പി.എസ്.ജിക്ക് ഒരു ഗോൾ ലീഡ്.

Advertising
Advertising

സൗദി ക്ലബ്ബിലേക്ക് കുടിയേറിയ ശേഷമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. അതും സൗദിയിലെ നസ്ർ ഹിലാൽ ക്ലബ്ബിലെ താരങ്ങൾക്കൊപ്പം. കാണാനെത്തിയ അറുപതിനായിരത്തിലേറെ വരുന്ന കാണികളെ റോണോ നിരാശപ്പെടുത്തിയില്ല. 31 ആം മിനിറ്റിൽ പി.എസ്.ജി ഗോളിയുടെ കൈപ്രയോഗത്തിൽ വീണ ക്രിസ്റ്റ്യാനോക്ക് പെനാൽറ്റിയുടെ അവസരം ലഭിച്ചു, ഗോളടിച്ചു. സൗദിക്കായി നേടിയ ഗോളോടെ കളി ആവേശാരവത്തിലായി ഗാലറി. 38 ആം മിനിറ്റിൽ സൗദിയുടെ അൽ ദോസരിയെ അപകടകരമാം വിധം ഫൗൾ ചെയ്തതിന് പി.എസ്.ജി താരം ബെർനാടിന് റെഡ് കാർഡ് ലഭിച്ചു. പിന്നെ 10 പേരെ വെച്ചായിരുന്നു പി.എസ്.ജിയുടെ കളി. പക്ഷേ കളിക്കളം കണ്ടത് ഗോൾ മഴ. 42 ആം മിനിറ്റിൽ പി.എസ്.ജിക്കായി മാർകിഞ്വോസ് ലക്ഷ്യം കണ്ടു. നാൽപത്തിയഞ്ചാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അവസരം നെയ്മർ പാഴാക്കി.

എന്നാല്‍ അമ്പതാം മിനിറ്റിലെ തകർപ്പൻ ഗോളോടെ ക്രിസ്റ്റ്യാനോ വീണ്ടും സമനില പിടിച്ചു. 52 ആം മിനിറ്റിൽ എംബാപ്പെയുടെ കിടിലൻ പാസിൽ റാമോസിന്‍റെ ഫിനിഷിങ്. മത്സര സ്കോർ 3-2. 56 ആം മിനിറ്റിൽ സൗദിയുടെ ജാംഗിന്‍റെ ഗോളോടെ വീണ്ടും സമനില പിടിച്ചു. അറുപതാം മിനിറ്റിൽ ഹാൻഡ്ബോളിന് ലഭിച്ച പെനാൽറ്റി എംബാപ്പെ വലയിലെത്തിച്ചു. സ്കോർ ലീഡ് 4-3 ലെത്തി. 78 ആം മിനിറ്റിൽ എകിടികെയുടെ ഗോളോടെ പി.എസ്.ജി വിജയമുറപ്പിച്ചു.

പക്ഷേ, മത്സരത്തിന്‍റെ അധിക സമയത്ത് 94 ആം മിനിറ്റിൽ സൗദിക്കായി ടലിസ്കയുടെ ഗോളോടെ പി.എസ്.ജിയുടെ ജയത്തിന്‍റെ മാറ്റു കുറച്ചു സൗദി. തകർപ്പൻ ഗോൾ നേടിയ ക്രിസ്റ്റ്യാനോയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. സൗദി ജനറൽ എന്‍റർടെയ്ന്‍മെന്‍റ് അതോറിറ്റി മേധാവി തുർക്കി ആലു ശൈഖ് ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. മെസിയുൾപ്പെടെ വൻ താരനിരയെ ലോകകപ്പിന് ശേഷം കാണാനായ സന്തോഷത്തിലായിരുന്നു ആരാധകർ. ഒപ്പം അരങ്ങേറ്റം ഗംഭീരമാക്കാനായതിന്‍റെ ആവേശത്തിലാണ് ക്രിസ്റ്റ്യാനോ ആരാധകർ.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News