ബാങ്കു കൊടുത്തു; ബുണ്ടസ്‌ ലീഗയിൽ നോമ്പു തുറക്കാനായി കളി നിർത്തി - വീഡിയോ

വെള്ളം കുടിച്ച താരം റഫറിക്ക് കൈ കൊടുത്താണ് കളിയിൽ തിരികെ പ്രവേശിച്ചത്.

Update: 2022-04-12 11:56 GMT
Editor : abs | By : abs

മ്യൂണിച്ച്: ജർമൻ ബുണ്ടസ്‌ലീഗ ഫുട്‌ബോളിൽ കളിക്കാരന് നോമ്പു തുറക്കാനായി മത്സരം നിർത്തിവച്ച് റഫറി. തിങ്കളാഴ്ച ഓഗ്‌സ്ബർഗും മൈൻസ് ഫൈവും തമ്മിലുള്ള മത്സരത്തിൽ മൈൻസ് പ്രതിരോധ താരം മൂസ നിയാകാതെയ്ക്കു വേണ്ടിയാണ് കളി അൽപ്പ നേരം നിർത്തിവച്ചത്.

കളിയുടെ 64-ാം മിനിറ്റിലാണ് നോമ്പു തുറ സമയമായത്. ഈ വേള, റഫറി മത്യാസ് ജോലൻബെക്ക് മൂസയ്ക്ക് വെള്ളം കുടിക്കാനായി ഇടവേള അനുവദിക്കുകയായിരുന്നു. ഗോൾ കീപ്പർ റോബിൻ സെന്ററാണ് വെള്ളക്കുപ്പിയുമായി പ്രതിരോധ താരത്തിനടുത്തെത്തിയത്. രണ്ട് ബോട്ടിലുകളിൽ നിന്ന് വെള്ളം കുടിച്ച താരം റഫറിക്ക് കൈ കൊടുത്താണ് കളിയിൽ തിരികെ പ്രവേശിച്ചത്.

Advertising
Advertising

മത്സരത്തില്‍ ഇടവേള അനുവദിക്കുന്നതിന് ജർമൻ റഫറി കമ്മിറ്റി നേരത്തെ ഒഫീഷ്യൽസിന് അനുമതി നൽകിയിരുന്നു. ബുണ്ടസ് ലീഗയുടെ ചരിത്രത്തിൽ ആദ്യമായാണ് റമദാൻ നോമ്പ് തുറയ്ക്കാനായി ഒരു  മത്സരം നിർത്തിവയ്ക്കുന്നത്. 

കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മൈൻസ് തോറ്റു. 11-ാം മിനിറ്റിൽ ജെഫ്രി ഗൗവല്യൂ, 56-ാം മിനിറ്റിൽ റുബൻ വർഗാസ് എന്നിവരാണ് ഓഗ്‌സ്ബർഗിന് വേണ്ടി ലക്ഷ്യം കണ്ടത്. സിൽവൻ വിഡ്‌മെറിന്റെ വകയായിരുന്നു മൈൻസിന്റെ ആശ്വാസ ഗോൾ. 



പതിവു പോലെ ബയേൺ മ്യൂണിച്ചാണ് ലീഗിൽ ഒന്നാമത്. 29 മത്സരങ്ങളിൽ 69 പോയിന്റാണ് ചാമ്പ്യന്മാർക്കുള്ളത്. ഇത്രയും കളികളിൽനിന്ന് 60 പോയിന്റുള്ള ബൊറൂഷ്യ ഡോട്മുണ്ട് രണ്ടാം സ്ഥാനത്താണ്. പത്താം സ്ഥാനത്താണ് മൈൻസ്. ഓഗ്‌സ്ബർഗ് 14-ാം സ്ഥാനത്തും.

നോമ്പു തുറയ്ക്ക് കളി നിർത്തുന്നതുമായി ബന്ധപ്പെട്ട് പൊതുനിർദേശങ്ങളൊന്നും ഇറക്കിയിട്ടില്ലെന്ന് ജർമൻ റഫറി കമ്മിറ്റി കമ്യൂണിക്കേഷൻ ഡയറക്ടർ ലുസ് മൈക്കൽ ഫ്രോളിച്ച് പറഞ്ഞു. 'എന്നാൽ കളിക്കാരുടെ അഭ്യർത്ഥന പ്രകാരം ഇത്തരത്തിൽ ഡ്രിങ്കിങ് ബ്രേക്കുകൾ റഫറിമാർ അനുവദിക്കുന്നത് ഞങ്ങൾ പിന്തുണയ്ക്കുന്നു' - അദ്ദേഹം വ്യക്തമാക്കി. 

കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലും നോമ്പു തുറയ്ക്കാനായി മത്സരത്തിന് ഇടവേള നൽകിയിരുന്നു. വെസ്ലി ഫൊഫാനയ്ക്കും ചീകോ കൊയാട്ടെയ്ക്കും നോമ്പു തുറക്കാനാണ് ലീസസ്റ്റർ സിറ്റി-ക്രിസ്റ്റൽ പാലസ് മത്സരം നിർത്തിവച്ചത്.

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News