'ഇന്ന് ഞങ്ങൾ ജോലിക്കില്ല, പെലെയെ കാണാൻ പോകണം': ഇതിഹാസത്തിന്‍റെ ജീവിതത്തിലെ ചരിത്രം നിലച്ച സംഭവങ്ങള്‍..

1967ൽ പെലെ നൈജീരിയ സന്ദർശിച്ചപ്പോൾ, ആഭ്യന്തര യുദ്ധത്തിലായിരുന്ന രാജ്യം വെടിനിർത്തൽ പ്രഖ്യാപിച്ചു

Update: 2022-12-30 08:32 GMT

ചരിത്രത്തെ തിരുത്തുകയും മാറ്റിക്കുറിക്കുകയും മാത്രം ചെയ്ത ഇതിഹാസമല്ല പെലെ. ചരിത്രം നിലച്ച സംഭവങ്ങൾ കൂടിയുണ്ട് പെലെയുടെ ജീവിതത്തിൽ. മറ്റാർക്കും അവകാശപ്പെടാനില്ലാത്ത അത്യപൂർവ സംഭവങ്ങൾ പെലെയുടെ പേരിനൊപ്പം കുറിച്ചു.

ഒരു തുകൽ പന്തിനു ചുറ്റും ലോകം ചുരുങ്ങുമ്പോൾ പെലെ ലോകത്തിനു ചുറ്റും ഭ്രമണം ചെയ്തു. ചരിത്രമുള്ളിടത്തോളം കാലം വാഴ്ത്തിപാടാനുള്ള പേരായി മാറി പെലെ. കാല്പന്തുകളിൽ പെലെ ചരിത്രം കുറിച്ചപ്പോൾ, ചില ചരിത്രം പെലെക്ക് വേണ്ടിയുള്ളതായിരുന്നു. 1967ൽ പെലെ നൈജീരിയ സന്ദർശിച്ചപ്പോൾ, ആഭ്യന്തര യുദ്ധത്തിലായിരുന്ന രാജ്യം വെടിനിർത്തൽ പ്രഖ്യാപിച്ചു. പെലെയുടെ മത്സരം കാണാൻ വേണ്ടി, 1970ൽ മെക്സിക്കോയിലെ തൊഴിലാളികൾ പെലെയെ കാണാൻ തൊഴിൽ നിർത്തി. ഇന്ന് ഞങ്ങൾ ജോലിക്കില്ല ഞങ്ങൾക്ക് പെലെയെ കാണാൻ പോകണമെന്ന് ചുവരില്‍ ചിത്രങ്ങൾ പതിച്ചു അവധി പ്രഖ്യാപിച്ചു. 1961ൽ മറ്റൊരു രാജ്യവും പെലെയെ സ്വന്തമാക്കാതിരിക്കാൻ ബ്രസീൽ അദ്ദേഹത്തെ രാജ്യത്തിൻറെ സ്വത്തായി പ്രഖ്യാപിച്ചു.

Advertising
Advertising

1969ലായിരുന്നു പെലെയുടെ 1000 ഗോൾ നേട്ടം. അന്ന് മാരക്കാന സ്റ്റേഡിയത്തിൽ അദ്ദേഹത്തെ ആശ്ലേഷിക്കാൻ എത്തിയത് ആയിരങ്ങളായിരുന്നു. കാണികളെ നിയന്ത്രിക്കാൻ അര മണിക്കൂറോളമെടുത്തു. 1000 ഗോൾ തികച്ച നവംബർ 19 ബ്രസീൽ പെലെ ദിവസമായാണ് ആചരിക്കുന്നത്. ന്യൂയോർക്ക് കോസ്മോസിന് വേണ്ടി കളിക്കുമ്പോൾ അദ്ദേഹത്തിന്റെ ജേഴ്സിക്കായി എതിർടീമിലെ കളിക്കാർ മത്സരിച്ചു. 25ഓളം ജേഴ്സികളാണ് അന്ന് പെലെയുടെ പേരിൽ ഒരു മത്സരത്തിനായി കോസ്മോസ് നിർമിച്ചിരുന്നത്.

പെലെയും ഗാരിഞ്ചയും ഒരുമിച്ചു കളത്തിലെത്തിയ മത്സരങ്ങളിൽ ബ്രസീൽ തോൽവി അറിഞ്ഞിട്ടില്ല. പെലെ എന്നത് ഒരു ബ്രാൻഡായി മാറി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News