ഈ പ്രതികാരം മാഡ്രിഡിലെ കുട്ടികൾ പോലും പാടി നടക്കും
ഈ പ്രതികാരം വരും കാലത്ത് മാഡ്രിഡിലെ കുട്ടികൾ പോലും പാടിനടക്കും. പട്ടിണിയിലും പന്തുതട്ടുന്ന സാവോ ഗോൺസാലോയിലെ കുട്ടികൾ തളരുമ്പോൾ നാട്ടുകാരനായ വിനീഷ്യസ് ജൂനിയറിന്റെ ഈ കഥ അവർക്ക് ഊർജ്ജം നൽകും.
എത്തിഹാദിലെ നീല പുതച്ച ഗ്യാലറിയിലേക്ക് റയൽ വരുമ്പോൾ ഗ്യാലറിയിൽ പടുകൂറ്റൻ ബാനറൊരുക്കിയാണ് സിറ്റി ആരാധകർ കാത്തിരുന്നത്. റോഡ്രി ബാലൺഡിയോറിൽ ചുംബിക്കുന്ന ചിത്രത്തിനൊപ്പം ഹൃദയം പൊട്ടിക്കരയുന്നത് നിർത്തൂ എന്ന വലിയ അക്ഷരങ്ങളും അതിൽ കുറിച്ചിരുന്നു.
സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിൽ നിന്നും ഇംഗ്ലണ്ടിന്റെ വ്യാവസായിക തലസ്ഥാനമായ മാഞ്ചസ്റ്ററിലേക്ക് 2,070 കിലോമീറ്ററിന്റെ ദൂരമുണ്ട്. പന്തുതട്ടി മാത്രം ശത്രുക്കളായവരാണ് ഇരു നഗരങ്ങളും. തറവാടിത്തതിന്റെ ഹുങ്കിൽ റയൽ യൂറോപ്പ് ഭരിക്കുമ്പോൾ പുത്തൻ പണത്തിന്റെ കൂറ്റിൽ അവരോട് ജയിക്കാൻ ഒരുമ്പെട്ടിറങ്ങിയവരാണ് സിറ്റി. മാഡ്രിഡുകാരുടെ ബദ്ധവൈരികളായ കാറ്റലോണിയയിൽ നിന്നുള്ള പെപ് ഗ്വാർഡിയോളയെ തന്ത്രങ്ങളോതാൻ അവർ കൂട്ടുപിടിച്ചു. കാൽപന്ത് ലോകമാകട്ടെ, കൊണ്ടും കൊടുത്തും മുന്നേറുന്ന റയൽ സിറ്റി പോരിലെ പുതിയ അധ്യായത്തിന്റെ കഥയെന്താണെന്ന് അറിയാനുള്ള ആവേശത്തിലായിരുന്നു . വിനീഷ്യസ് വല്ലാതെ മോഹിച്ച ബാലൻഡിയോറിന്റെ സിംഹാസനത്തിൽ സിറ്റിക്കാരനായ റോഡ്രി കയറിയിരുന്നത് ആ പോരിന് ഒന്നുകൂടി എരിവ് പകർന്നു.
കൊണ്ടും കൊടുത്തുമാണ് മത്സരം തുടങ്ങിയത്. 12ാം മിനുറ്റിൽ സിറ്റി ഗോൾമുഖത്ത് നിന്നും ഫെർലാൻഡ് മെൻഡി തൊടുത്ത ഷോട്ട് ആക്കേയുടെ കാലുകളിലുടക്കിയാണ് മടങ്ങിയത്. മറുവശത്ത് സിറ്റിയും വെറുയെയിരുന്നില്ല. ജാക് ഗ്രീലിഷ് സുന്ദരമായി നീട്ടി നൽകിയ പന്തിനൊപ്പം ഓടിയ ഗ്വാഡിയോൾ ഹാളണ്ടിന് പാകത്തിൽ നെഞ്ചുകൊണ്ടൊരു അസിസ്റ്റ് ഒരുക്കി. തിബോ കോട്ട്വയെയും മറികടന്ന് ഹാളണ്ട് പന്ത് വലയിലേക്ക് തൊടുത്തതും നീലപുതച്ച ഗ്യാലറികൾ ഇളകിമറിഞ്ഞു.
25ാം മിനുറ്റിൽ മത്സരത്തിൽ ആദ്യമായി വിനീഷ്യസ് സിറ്റിയുടെ നെഞ്ചിലൊരു ഇടിമിന്നൽ വെട്ടിച്ചു. ബോക്സിന്റെ ഇടതുഭാഗത്തും നിന്നും അളന്നെടുത്ത ആ ഷോട്ട് ബാറിലിടിച്ചാണ് പോയത്. അതിനിടയിൽ നന്നായിത്തുടങ്ങിയ മത്സരം ഗ്രീലിഷിന് പാതിയിൽ ഉപേക്ഷിക്കേണ്ടിവന്നു. ഫിൽ ഫോഡനായിരുന്നു പകരക്കാരനാകാനുള്ള നിയോഗം.ആദ്യപകുതിക്ക് പിരിയും മുമ്പേ റോഡ്രിഗോ തളികയിലെന്നപോലെ എംബാപ്പെക്കായി ഒരു പന്ത് നീട്ടിനൽകി. സിറ്റിയുടെ ചങ്കൊന്നിടിച്ചെങ്കിലും ആ ഷോട്ട് വന്നു വീണത് ബാറിന് പിന്നിലെ സിറ്റി ആരാധകർക്കിടയിലേക്കാണ്.
രണ്ടാം പകുതിക്കായി അരങ്ങുണർന്നു. ഈ മത്സരം തിരിച്ചുപിടിക്കാൻ ഇനിയെന്ത് തന്ത്രങ്ങളാണ് ഡോൺ കാർലോ കാത്തുവെച്ചത് എന്നാണ് എല്ലാവരും ഉറ്റുനോക്കിയത്. ഗ്യാലറിയിൽ നിന്നുമുയർന്ന കൂവലുകളെ വകവെക്കാതെ ഇടതുവശത്ത് നിന്നും ഓടിക്കയറിയ വിനീഷ്യസ് പലകുറി സിറ്റി പ്രതിരോധത്തെ വിറപ്പിച്ചു. പക്ഷേ റയൽ കാത്തുനിന്ന ഗോൾ പിന്നെയും വൈകി. ഒടുവിൽ 59ാം മിനുറ്റിൽ എത്തിഹാദിലെ ആരവങ്ങളെ മൂകമാക്കി റയലിന്റെ ഗോളെത്തി. ഡാനി സെബയ്യോസ് നീട്ടി നൽകിയ പന്തിന് നേരെ സ്വതസിദ്ധമായി ശൈലിയിൽ കിക്കെടുത്ത എംബാപ്പെക്ക് പാളിയോ എന്ന് തോന്നിച്ചു. പക്ഷേ കാലിൽ തട്ടിത്തെറിച്ച പന്ത് സിറ്റി ഗോൾവലയുടെ മൂലയിൽ പോയാണ് വിശ്രമിച്ചത്.
77ാം മിനുറ്റിൽ ഫിൽ ഫോഡനെ ബോക്സിൽ ഫൗൾ ചെയ്ത് ഡാനി സെബയ്യേസ് ഒരു പെനൽറ്റി ചോദിച്ചു വാങ്ങി. കിക്കെടുക്കാനെത്തിയ ഹാളണ്ടിന് തെറ്റിയില്ല. റയലിനെതിരെ തിളങ്ങാനാകുന്നില്ലെന്ന പേരു ദോഷം ഹാളണ്ട് ഈ മത്സരത്തോടെ തിരുത്തിയെന്ന് എല്ലാവരും കരുതി. പത്തുമിനിറ്റ് കൂടിയുള്ള മത്സരം ചിരിയോടെ അവസാനിപ്പിക്കുമെന്ന് സിറ്റി ആരാധകർ കരുതി. എങ്കിലും അവരുടെ ഉള്ളിൽ എവിടെയോ ഒരു ഭയം കിടന്നിരുന്നു. കാരണം അപ്പുറത്തുള്ളത് റയൽ മാഡ്രിഡാണ്.
സിറ്റി ആരാധകർ ഭയന്നത് തന്നെ സംഭവിച്ചു. വിനീഷ്യസ് തൊടുത്ത ഷോട്ട് എഡേഴ്സൺ തട്ടിയകറ്റിയെങ്കിലും പന്ത് വീണത് ഓടിയെത്തിയ ബ്രാഹിം ഡയസിന്റെ കാലിലേക്ക്. കളിപഠിച്ച എത്തിഹാദ് മൈതാനത്തിന്റെ നെഞ്ചിലേക്ക് ബ്രാഹിം ഡയസ് കുറ്റബോധമില്ലാതെ കഠാരകുത്തിയിറക്കി. സ്കോർ 2-2. കാര്യങ്ങൾ കൈവിടുന്നുവെന്ന നിരാശയിൽ പെപ് നിലത്തിരുന്നു. രണ്ട് വർഷങ്ങൾക്ക് മുമ്പുള്ള മത്സരത്തിൽ കേട്ട Real Madrid is a miracle club, crazy things happen here എന്ന പീറ്റർ ഡ്യൂറിയുടെ കമന്ററി സിറ്റി ആരാധകരുടെ കാതുകളിൽ അലയടിച്ചു. ഇരട്ടിവീര്യവുമായി ലോസ് ബ്ലാങ്കോസ് പന്തുതട്ടിത്തുങ്ങി. റീക്കോ ല്യൂവിസിന്റെ പരിചയക്കുറവ് മുതലെടുത്ത് ഓടിക്കയറിയ വിനീഷ്യസ് ബെല്ലിങ്ഹാമിന് മുന്നിലേക്കൊരു സമ്മാനം ഇട്ടുകൊടുക്കുന്നു. അതൊന്ന് തട്ടിയിടേണ്ട ജോലി മാത്രം ബാക്കി. ഗ്യാലറിയിലേക്ക് നോക്കി ബെല്ലിങ്ഹാം കൈകളുയർത്തുമ്പോൾ എത്തിഹാദ് അക്ഷരാർത്ഥത്തിൽ നിശബ്ദമായിരുന്നു. ആരാധകർ സ്റ്റേഡിയത്തിന് പുറത്തേക്ക് നടന്നുതുടങ്ങി. ശ്മശാനമൂകമായ ഗ്യാലറിക്ക് മുന്നിൽ റയൽ താരങ്ങൾ ആഹ്ലാദനൃത്തം ചവിട്ടി.
പന്തുകിട്ടുമ്പോഴെല്ലാം കൂവിയാർത്ത, ബാനറുയർത്തി കാത്തിരുന്ന, ചാന്റുകൾ ചൊല്ലി മുറിവേൽപ്പിച്ച സിറ്റി ആരാധകർക്ക് ഏറ്റവും മനോഹരമായിത്തന്നെ വിനീഷ്യസ് മറുപടി പറഞ്ഞു. പോയ വർഷം എത്തിഹാദിൽ പ്രതിരോധത്തിന്റെ മിടുക്കിലാണ് ജയിച്ചതെങ്കിൽ ഇക്കുറി ആക്രമണം തന്നെയായിരുന്നു റയലിന്റെ ആയുധം. സിറ്റിയെ വല്ലാതെ മോഹിപ്പിച്ച ശേഷം മിഷൻ അവസാനിപ്പിച്ച് ഡോൺ കാർലോയും കുട്ടികളും എയർപോർട്ടിലേക്ക് നടന്നു. പെപ്പിന്റെ മുഖത്ത് നിറയെ പാപഭാരമായിരുന്നു. ബെർണബൂവിലെ രണ്ടാം പാദത്തിലേക്ക് സിറ്റി വരുമ്പോൾ അവിടെ തീക്കാറ്റ് തന്നെ പാറുമെന്നുറപ്പ്. സിറ്റി ആരാധകർക്ക് മറുപടി നൽകാൻ ബെർണബ്യൂ അവിടെ കാത്തിരിപ്പുണ്ട്.