50 മില്യൺ യൂറോ ശമ്പളം, അഞ്ച് വർഷം കരാർ; എംബാപ്പെക്ക് ഓഫറുമായി റയൽ മാഡ്രിഡ്

2024 ജൂണിനപ്പുറത്തേക്ക് പിഎസ്ജിയിലെ കരാർ പുതുക്കാൻ എംബാപ്പെ താൽപര്യപ്പെടുന്നില്ല

Update: 2023-07-07 13:34 GMT
Advertising

പാരിസ് സെൻറ് ജെർമെയ്‌നായി കളിക്കുന്ന ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെക്ക് ഓഫറുമായി സ്പാനിഷ് ക്ലബായ റയൽ മാഡ്രിഡ്. 50 മില്യൺ യൂറോ ശമ്പളവും അഞ്ച് വർഷത്തെ കരാറുമാണ് ടീം താരത്തിന് ഓഫർ ചെയ്തിരിക്കുന്നതെന്നാണ് സ്‌പോർട്‌സ് മാധ്യമമായ ഗോൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു ബില്യൺ യൂറോ റിലീസ് ക്ലോസായും കരാറിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പിഎസ്ജി ആവശ്യപ്പെടുന്ന 200 മില്യൺ യൂറോ നൽകാൻ റയൽ മാഡ്രിഡിന് ലക്ഷ്യമില്ല. അതിനാൽ അടുത്ത സമ്മറിൽ താരത്തെ ടീമിലെത്തിക്കുമെന്നാണ് വാർത്ത.

2024 ജൂണിനപ്പുറത്തേക്ക് പിഎസ്ജിയിലെ കരാർ പുതുക്കാൻ എംബാപ്പെ താൽപര്യപ്പെടുന്നില്ലെന്നാണ് വിവരം. എംബാപ്പെ പിഎസ്ജി ക്ലബിൽ നിൽക്കുന്നുണ്ടെങ്കിൽ കരാർ ഒരു വർഷത്തേക്ക് പുതുക്കണമെന്നും അടുത്ത വർഷം ഫ്രീയായി ക്ലബ് വിടാൻ അനുവദിക്കില്ലെന്നും പ്രസിഡൻറ് നാസ്സർ അൽ ഖലീഫി പറഞ്ഞിരുന്നു. ഇതോടെ താരം ക്ലബ് വിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2024ന് ശേഷം കരാർ പുതുക്കാൻ താൽപര്യമില്ലെന്ന് എംബാപ്പെ ക്ലബ് അധികൃതർക്ക് കത്തയച്ചിരുന്നു. എന്നാൽ റയൽ മാഡ്രിഡിലേക്ക് പോകാൻ ക്ലബിനോട് താൻ അനുമതി ചോദിച്ചിട്ടില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.

ജൂലൈ 10-26 ഇടയിൽ താരത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമുണ്ടായേക്കും. പിഎസ്ജിയുമായി എംബാപ്പെ കരാർ പുതുക്കിയില്ലെങ്കിൽ താരത്തെ ക്ലബ് വിൽക്കും. അതിനാൽ തീരുമാനം എംബാപ്പെയുടെ നിലപാടിനെ ആശ്രയിച്ചിരിക്കും.

2017ൽ എഎസ് മൊണാക്കോയിൽ നിന്ന് 180 മില്യൺ യൂറോ നൽകിയാണ് പിഎസ്ജി എംബാപ്പെയെ സ്വന്തമാക്കിയിരുന്നത്. ഈ തുക തിരിച്ചുപിടിക്കാനാകാതെ കരാറിന്റെ അവസാന വർഷത്തിൽ താരത്തെ വിട്ടയക്കേണ്ടി വരുന്ന ധർമസങ്കടത്തിലാണ് പിഎസ്ജിയുള്ളത്. എന്നാൽ ഫ്രീയായി പോകണമെന്നില്ലെന്നും പിഎസ്ജിക്ക് ട്രാൻസ്ഫർ തുക ലഭിക്കുന്ന രീതിയിൽ ക്ലബ് വിടണമെന്നാണ് എംബാപ്പെയുടെ നിലപാടെന്നുമാണ് വിവരം.

അതേസമയം, എംബാപ്പെ പ്രീമിയർ ലീഗിൽ മാറാൻ തീരുമാനിച്ചാൽ ആഴ്‌സണിൽ ചേരുമെന്നും കിം കർദിഷായിൻ ഏജൻറായി പ്രവർത്തിക്കുന്നുണ്ടെന്നും കിംവദന്തിയുണ്ട്. സ്‌പോർട്‌സ്‌ ബൈബിളടക്കം ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.

അതിനിടെ, എംബാപ്പെക്കായുള്ള പോരാട്ടത്തിൽ ലിവർപൂളും രംഗത്തെത്തിയതായി ട്വീറ്റുകളുണ്ട്. 200 മില്യൺ ഡോളർ താരത്തിന് ഓഫർ ചെയ്തതായാണ് ലിവർപൂൾ എഫ്‌സി ന്യൂസ് ട്വീറ്റ് ചെയ്തത്.

നിലവിൽ പിതാവിന്റെ ജന്മനാടായ കാമറൂണിലാണ് എംബാപ്പെ. രാജ്യത്തേക്കുള്ള താരത്തിന്റെ ആദ്യ സന്ദർശനത്തിൽ വൻ സ്വീകരണമാണ് ലഭിക്കുന്നത്. സ്വീകരണത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Real Madrid offer Mbappe a five-year contract and a salary of 50 million euros

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News